ഇറാഖില്‍ സൈനിക മുന്നേറ്റം; മൊസൂള്‍ സര്‍വകലാശാലയില്‍ നിന്നു ഐസിസ് പിന്തിരിഞ്ഞോടി
സര്‍ക്കാര്‍ സൈന്യത്തിന്റെ വന്‍ വിജയമാണിതെന്ന് ഭീകര വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന ലഫ്റ്റനന്റ് ജനറല്‍ താലിബ് ഷഗാത്തി പറഞ്ഞു.
ബാഗ്ദാദ്: ഇറാഖില്‍ ഐസിസിനെതിരേ സര്‍ക്കാര്‍ സൈന്യത്തിന് വന്‍ മുന്നേറ്റം. ഐസിസിന്റെ ശക്തികേന്ദ്രമായ മൊസൂള്‍ സര്‍വകലാശാല ഇറാഖ് സൈന്യം തിരിച്ചുപിടിച്ചുവെന്ന് സര്‍ക്കാര്‍ ടെലിവിഷന്‍ അറിയിച്ചു. ഇറാഖിലെ ഐസിസിന്റെ അവസാന ശക്തികേന്ദ്രമാണ് മൊസൂള്‍ പട്ടണം.

സര്‍ക്കാര്‍ സൈന്യത്തിന്റെ വന്‍ വിജയമാണിതെന്ന് ഭീകര വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന ലഫ്റ്റനന്റ് ജനറല്‍ താലിബ് ഷഗാത്തി പറഞ്ഞു. മൊസൂള്‍ സര്‍വകാലാശാലയുടെ മോചനം രാജ്യത്തിന്റെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ചയാണ് സൈന്യം സര്‍വകലാശാലയുടെ കോംപൗണ്ടില്‍ കയറിയത്. മൊസൂള്‍ നഗരത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലെ പകുതിയും ഇപ്പോള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ടൈഗ്രീസ് നദിക്ക് കുറുകെയുള്ള അഞ്ചില്‍ മൂന്ന് പാലങ്ങളും സൈന്യം പിടിച്ചെടുത്തു. മൊസൂളിനെ രണ്ടായി തിരിക്കുന്ന നദിയാണ് ടൈഗ്രീസ്.
ഐസിസിന്റെ മുന്നേറ്റം തടയാന്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേന കഴിഞ്ഞ ഒക്ടോബറില്‍ പാലങ്ങള്‍ ആക്രമിച്ചിരുന്നു. ഐസിസിന് ആയുധങ്ങളും വരുമാനവും എത്തുന്നത് തടയുകയായിരുന്നു ലക്ഷ്യം. ഒക്ടോബറില്‍ ആക്രമണം തുടങ്ങിയിരുന്നെങ്കിലും ഐസിസിന്റെ ഭാഗത്ത് നിന്നു കടുത്ത പ്രതിരോധമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതിരോധം തീരെ ഇല്ല. അതുകൊണ്ടുതന്നെ സൈനിക നടപടി എളുപ്പമായിട്ടുണ്ട്. എന്നാല്‍ ഐസിസിന്റെ പിന്‍മാറ്റം യുദ്ധ തന്ത്രങ്ങളുടെ ഭാഗമാണോ എന്ന് വ്യക്തമല്ല.
ഇനി പടിഞ്ഞാറന്‍ മൊസൂളിലേക്കാണ് സൈനിക നീക്കം. ഈ മേഖല ഇപ്പോഴും ഐസിസിന്റെ നിയന്ത്രണത്തിലാണ്. ഇറാഖ് സേന ഈ പ്രദേശം നിയന്ത്രണത്തിലാക്കിയാല്‍ ഐസിസ് രാജ്യത്ത് നിന്നു പൂര്‍ണമായും ഇല്ലാതാവുകയും സിറിയയില്‍ ഒതുങ്ങുകയും ചെയ്യും.












Click it and Unblock the Notifications