മുഹമ്മദ് അലിയുടെ കുടുംബത്തിനും അമേരിക്കയില്‍ രക്ഷയില്ല; മതം ചോദിച്ചു, വിമാനത്താവളത്തില്‍ തടഞ്ഞു
മുഹമ്മദലിയുടെ ആദ്യ ഭാര്യയും മുഹമ്മദ് അലി ജൂനിയറിന്റെ മാതാവുമായ ഖലീല കമാച്ചോ അലിയെയും തടഞ്ഞുവച്ചു.
ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം അമേരിക്കയില്‍ മുസ്ലിംകള്‍ക്കെതിരേ തുടരുന്ന വിദ്വേഷ നടപടികള്‍ സംബന്ധിച്ച വാര്‍ത്ത വീണ്ടും. ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് അലി ജൂനിയറിനെ വിമാനത്താവളത്തില്‍ തടഞ്ഞു. അദ്ദേഹത്തിന്റെ മതത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചാണ് മണിക്കൂറുകളോളം തടഞ്ഞുവച്ചത്.
ഫ്‌ളോറിഡയിലെ വിമാനത്താവളത്തിലാണ് ഏവരെയും ഞെട്ടിപ്പിച്ച സംഭവം. മുഹമ്മദലിയുടെ ആദ്യ ഭാര്യയും മുഹമ്മദ് അലി ജൂനിയറിന്റെ മാതാവുമായ ഖലീല കമാച്ചോ അലിയെയും തടഞ്ഞുവച്ചു. മുഹമ്മദ് അലിയുടെ കുടുംബം അമേരിക്കയില്‍ എന്നല്ല ലോക രാജ്യങ്ങളില്‍ പോലും സുപരിചിതരാണ്. അമേരിക്കയുടെ യശസ്സ് ലോകത്തോളം ഉയര്‍ത്തിയ പ്രമുഖ ബോക്‌സിങ് താരവുമാണ് മുഹമ്മദ് അലി.

ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡൈല്‍ ഹോളിവുഡ് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. ജമൈക്കയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചെത്തിയതായിരുന്നു മുഹമ്മദലിയുടെ കുടുംബം.

വിമാനത്താവളത്തില്‍ എത്തിയ ഉടനെ ഇവരെ മാറ്റി നിര്‍ത്തി. ഇവരുടെ പേരിലുള്ള അറബി വാക്കുകളാണ് മാറ്റിനിര്‍ത്താന്‍ കാരണം. അലി കുടുംബത്തിന്റെ അഭിഭാഷകനായ ക്രിസ് മാന്‍സിനിയെ ഉദ്ധരിച്ച് യുഎസ്എ ടുഡെയാണ് സംഭവം റിപോര്‍ട്ട് ചെയ്തത്.

മുഹമ്മദ് അലിക്കൊപ്പമുള്ള ഫോട്ടോകള്‍ ഉദ്യോഗസ്ഥരെ കാണിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. അല്‍പ്പ സമയത്തിന് ശേഷം മുഹമ്മദ് അലിയുടെ ഭാര്യയെ വിട്ടയച്ചു. എന്നാല്‍ ഏറെ നേരം മകനെ തടഞ്ഞുവയ്ക്കുകയായിരുന്നു. നിന്റെ പേര് നിനക്കെവിടുന്ന് കിട്ടി, മുസ്ലിമാണോ തുടങ്ങിയ ചോദ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചുകൊണ്ടേ ഇരുന്നു.

അതെ ഞാന്‍ മുസ്ലിമാണ് എന്ന് അലി ജൂനിയര്‍ മറുപടി നല്‍കി. അപ്പോള്‍ മതത്തെ കുറിച്ച് കൂടുതല്‍ ചോദിച്ചറിഞ്ഞു. പിന്നെ എവിടെയാണ് ജനിച്ചതെന്നും മറ്റും. വിമാനത്താവളത്തിലുണ്ടായ അപമാനകരമായ സംഭവത്തില്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് മാന്‍സിനി പറഞ്ഞു. ഇത്തരത്തില്‍ നിരവധി പേര്‍ അപമാനിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ യാത്രാ നിരോധനം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് സംഭവം വിവാദമായതോടെ കോടതി ഈ ഉത്തരവ് റദ്ദാക്കി. ഇപ്പോള്‍ കോടതിയെ മറികടന്ന് മറ്റു ചില നിരോധന പ്രഖ്യാപനങ്ങള്‍ക്ക് ഒരുങ്ങുകയാണ് ട്രംപ്.












Click it and Unblock the Notifications