പ്രമുഖ നടിയുടെ മകള്‍ക്ക് ക്രൂര മര്‍ദ്ദനം; ഒഡിഷനിടെ ബഹളം, ഒടുവില്‍!! ദുബായില്‍ സംഭവിച്ചത്
പ്രമുഖ നടിയും ടിവി അവതാരകയുമായ നാദിയ ഖാന്‍ ആണ് പ്രശസ്ത അമേരിക്കന്‍ ചില്‍ഡ്രന്‍സ് ടാലന്റ് ഹണ്ട് ഏജന്‍സിയുടെ സിഇഒക്കെതിരേയും പരിപാടിയിലെ ജഡ്ജിക്കെതിരേയും പോലീസില്‍ പരാതി നല്‍കിയത്.
ദുബായ്: പ്രമുഖ നടിയുടെ മകള്‍ക്ക് ഒഡിഷനിടെ ക്രൂരമായി മര്‍ദനമേറ്റെന്ന് പരാതി. ഈ മാസം 20ന് ജെബിആറിലുള്ള ഹോട്ടലില്‍ നടന്ന ടാലന്റ് ഹണ്ട് ഒഡീഷനിടയിലാണ് വിവാദമായ സംഭവം. നൂറുകണക്കിന് അമ്മമാര്‍ കുട്ടികളുമായി എത്തിയിരുന്നു.
പാകിസ്താനിലെ പ്രമുഖ നടിയും ടിവി അവതാരകയുമായ നാദിയ ഖാന്‍ ആണ് പ്രശസ്ത അമേരിക്കന്‍ ചില്‍ഡ്രന്‍സ് ടാലന്റ് ഹണ്ട് ഏജന്‍സിയുടെ സിഇഒക്കെതിരേയും പരിപാടിയിലെ ജഡ്ജിക്കെതിരേയും പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ബഹളമുണ്ടായതോടൈ ഒഡീഷന്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

ഹോളിവുഡ് നടനായ ഏജന്‍സി സിഇഒയും ജഡ്ജിയും നാദിയയുടെ മകളെ മര്‍ദ്ദിക്കുകയായിരുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുണ്ട്. കമ്പനി സിഇഒയെ പോലീസ് അല്‍ ബര്‍ഷ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് ഏറെ നേരം ചോദ്യം ചെയ്തു.

ടാലന്റ് ടെസ്റ്റ് വഴി കുട്ടികളെ തിരഞ്ഞെടുക്കുന്ന അമേരിക്കന്‍ കമ്പനി വന്‍ തുക ഫീസ് ഇനത്തില്‍ ഈടാക്കിയാണ് അഭിനയം പഠിപ്പിക്കുക. കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ പറ്റിയും ദുബായ് പോലീസ് അന്വേഷിക്കുന്നുണ്ട്.

ജെബിആറിലുള്ള ദി റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലിലായിരുന്നു ഒഡിഷന്‍. ഇവിടെ പരിപാടിക്ക് ജഡ്ജി ആയിരുന്ന വ്യക്തിയാണ് 14കാരിയായ മകളെ ആദ്യം മര്‍ദ്ദിച്ചത്. തോളില്‍ പിടിച്ച് തള്ളുകയും നിലത്ത് വലിച്ചിഴക്കുകയും ചെയ്തുവെന്ന് പരാതിയില്‍ നാദിയ പറയുന്നു. കുട്ടിയുടെ രണ്ട് കൈയിലും അടിയേറ്റ പാടുണ്ട്.

സംഭവം വിവാദമായതോടെ മകളെ ദുബായിലുള്ള റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനമേറ്റെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലും വ്യക്തമാക്കി. മറ്റു കുട്ടികളുടെയും രക്ഷിതാക്കളുടെയും മുന്നില്‍ വച്ചാണ് നടിയുടെ മകള്‍ക്ക് മര്‍ദ്ദനമേറ്റത്.

ഒഡീഷനില്‍ ആദ്യത്തെ മല്‍സരാര്‍ഥി നാദിയയുടെ മകളായിരുന്നു. രണ്ട വരി എഴുതി മകള്‍ക്ക് നല്‍കി. ഇത് വായിച്ച് അഭിനയിക്കാനായിരുന്നു പറഞ്ഞത്. കുട്ടി അതു വായിക്കുമ്പോളാണ് മര്‍ദ്ദിച്ചതും പിടിച്ചു തള്ളിയതും-നാദിയ പറയുന്നു.

മാനസികമായി തകര്‍ന്ന തന്റെ മകള്‍ ആ ദിവസം മുഴുവന്‍ കരഞ്ഞു. ഇപ്പോഴും കുട്ടിക്ക് ആരെ കാണുന്നതും പേടിയാണ്. ഈ അവസ്ഥയിലെത്തിച്ചത് കമ്പനിയുടെ ആളുകളാണ്. അവര്‍ക്കെതിരേ നടപടി സ്വീകരിക്കണം- നാദിയ പരാതിയില്‍ വ്യക്തമാക്കുന്നു.

ബഹളവും പരാതിയുമൊക്കെ ആയതോടെ അല്‍ ബര്‍ഷ പോലീസ് കമ്പനി സിഇഒയെ വിളിപ്പിക്കുകയായിരുന്നു. നാദിയയുടെ മകളെ മാത്രമല്ല ജഡ്ജിയായ വ്യക്തി മര്‍ദ്ദിച്ചത്. മറ്റൊരു ആണ്‍കുട്ടിയെ ഇവരുടെ മുന്നിലിട്ട് പല തവണ അടിച്ചെന്നും പരാതിയുണ്ട്.

ഡിസ്‌നി ചാനല്‍ സ്റ്റാറുകളെ പോലെ ആവണോ നിങ്ങളുടെ മക്കളെ ഞങ്ങള്‍ ക്ഷണിക്കുന്നുവെന്നാണ് കമ്പനിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചിരുന്നത്. നിങ്ങളുടെ മകളും ചാനല്‍ സ്റ്റാറുകളാവും. ചാനല്‍ സ്റ്റാറുകളുമായി കൂടിക്കാഴ്ച നടത്താം തുടങ്ങിയ പോസ്റ്റുകളും ഫേസ്ബുക്കിലുണ്ടായിരുന്നു.

എന്നാല്‍ ദുബായില്‍ നടക്കുന്ന ഒഡിഷന്‍ തങ്ങളുമായി ബന്ധപ്പെട്ടതല്ലെന്ന് ഡിസ്‌നി വക്താവ് അറിയിച്ചു. തങ്ങളുടെ പേരില്‍ ആരും കബളിപ്പിക്കപ്പെടരുതെന്നും അവര്‍ വ്യക്തമാക്കി. ടാലന്റ് ടെസ്റ്റ് നടത്തിയ കമ്പനി മല്‍സരാര്‍ഥികളെ പറ്റിക്കുകയായിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications