നരേന്ദ്രാ....നന്ദിയുണ്ട്; മോദിക്ക് ട്രംപിന്റെ ജന്മദിന ആശംസ: യുഎസിന് ഇന്ത്യയുടെ പിന്തണയുണ്ടെന്ന് മോദി
വാഷിങ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള രൂക്ഷമായ വ്യാപാര തര്‍ക്കങ്ങള്‍ക്കിടെ മഞ്ഞുരുകാനുള്ള സാധ്യതകള്‍ തെളിയുന്നു. ഇന്ന് എഴുപത്തഞ്ച് വയസ് തികഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫോണിലൂടെയാണ് ട്രംപ് ജന്മദിനാശംസകള്‍ നേര്‍ന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു കൊണ്ടാണ് ഫോണ്‍ സംഭാഷണം അവസാനിച്ചത്.
ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ചുമത്തിയതിനു പിന്നാലെയാണ് ഇന്ത്യ-അമേരിക്ക ബന്ധം മോശമായത്. ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചെന്ന ട്രംപിന്റെ അവകാശവാദങ്ങളും സൗഹൃദത്തിന് തിരിച്ചടിയായിരുന്നു. മാസങ്ങളായി നിലനിന്നിരുന്ന അസ്വാരസ്യങ്ങള്‍ക്കൊടുവിലാണ് ഇരു നേതാക്കളും തമ്മില്‍ സുദീര്‍ഘമായ ഫോണ്‍ സംഭാഷണം നടത്തുന്നത്.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ യുഎസ് ഇന്ത്യയ്ക്കു മേല്‍ 25 ശതമാനം അധിക തീരുവ ചുമത്തിയതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരുന്നു. നിലവില്‍ അധിക തീരുവ ഉള്‍പ്പെടെ 50 ശതമാനം നികുതിയാണ് ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ക്കു മേലുള്ളത്. നികുതി വര്‍ധിപ്പിച്ച ശേഷം ആദ്യമായി ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ച കഴിഞ്ഞ ദിവസമാണ് പുനഃരാരംഭിച്ചത്. ഇതിനു പിന്നാലെയാണ് മോദിയുമായുള്ള ട്രംപിന്റെ ടെലിഫോണ്‍ സംഭാഷണം.
ജന്മദിനാശംസകള്‍ നേര്‍ന്ന് ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത് ഇങ്ങനെ - 'എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചു. ഞാന്‍ അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു. അദ്ദേഹം മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. നരേന്ദ്രാ: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതില്‍ നിങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി! പ്രസിഡന്റ് ഡിജെടി'
സമൂഹ മാധ്യമമായ എക്സിലെ ഒരു പോസ്റ്റിലൂടെ പ്രധാനമന്ത്രി മോദി ട്രംപിന് നന്ദിയും പറഞ്ഞു. 'നിങ്ങളെപ്പോലെ, ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തിക്കൊണ്ടു പോകാന്‍ ഞാനും ആഗ്രഹിക്കുന്നു. അതിന് വേണ്ടി പ്രതിജ്ഞാബദ്ധനുമാണ്. യുക്രൈന്‍ സംഘര്‍ഷത്തിന്റെ സമാധാനപരമായ പരിഹാരത്തിനായുള്ള ശ്രമങ്ങളെ ഞങ്ങള്‍ എന്നും പിന്തുണയ്ക്കും.'
ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയതിനു ശേഷം നടന്ന ഉഭയകക്ഷി വ്യാപാര ചര്‍ച്ചകളെ 'പോസിറ്റീവ' എന്നാണ് ഇരു രാജ്യത്തിന്റെയും പ്രതിനിധികള്‍ വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ട്രംപ് തന്നെയാണ് മുന്‍കൈയെടുത്തത്. നരേന്ദ്ര മോദിയെ മൈ ഫ്രണ്ട് എന്നു വിശേഷിപ്പിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തുകയും മോദി ഇതിന് ഊഷ്മളമായ മറുപടി നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് വ്യാപാര ചര്‍ച്ചകള്‍ സുഗമമായി മുന്നോട്ടു പോകുന്നത്. ഇരു നേതാക്കളും പരസ്പരം നേരില്‍ കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
പ്രതിരോധം, വ്യാപാരം, ഊര്‍ജം, സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ സുപ്രധാനമായ പങ്കാളിത്തമാണുള്ളത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ വാഷിങ്ടണില്‍ ഇരു രാഷ്ട്രത്തലവന്മാരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍, 2030 ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറായി ഉയര്‍ത്താനും തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications