'ബന്ദികളെ ഉടൻ വിട്ടുതന്നില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിക്കും'; ഹമാസിന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്
ടെൽ അവീവ്: ഗാസയിൽ വീണ്ടും ആശങ്കയുടെ വിത്ത് വിതച്ച് ഹമാസിന് മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ശനിയാഴ്‌ച ഉച്ചയോടെ ഹമാസ് തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന ഇസ്രായേൽ ബന്ദികളെ തിരിച്ചയച്ചില്ലെങ്കിൽ ഗാസയിൽ വീണ്ടും തീവ്രമായ പോരാട്ടം പുനരാരംഭിക്കുമെന്നാണ് ബെഞ്ചമിൻ നെതന്യാഹു അറിയിച്ചത്.
'ശനിയാഴ്‌ച ഉച്ചയോടെ ഹമാസ് ഞങ്ങളുടെ ബന്ദികളെ തിരിച്ചയച്ചില്ലെങ്കിൽ, വെടിനിർത്തൽ അവസാനിക്കും, ഹമാസിനെ പരാജയപ്പെടുത്തുന്നത് വരെ ഐഡിഎഫ് (ഇസ്രായേൽ സൈന്യം) തീവ്രമായ പോരാട്ടം പുനരാരംഭിക്കും.' എന്നാണ് സുരക്ഷാ ക്യാബിനറ്റുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം നെതന്യാഹു പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചത്.

ശനിയാഴ്‌ചയോടെ എല്ലാ ബന്ദികളെ മോചിപ്പിക്കുന്നതിൽ പലസ്‌തീൻ തീവ്രവാദി സംഘടനയായ ഹമാസ് പരാജയപ്പെട്ടാൽ ഹമാസിനെതിരെ നരകത്തിൻ്റെ വാതിലുകൾ തുറക്കാൻ ഇസ്രായേലിന്റെ തീവ്ര വലതുപക്ഷ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയുമുണ്ടായി. സർക്കാർ തലത്തിൽ ഇക്കാര്യത്തിൽ നെതന്യാഹുവിന് സമ്മർദ്ദം ഏറിവരുന്നതിന്റെ സൂചനയാണ് ഇത്.
വെടിനിർത്തൽ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് മൂന്ന് ബന്ദികളെ കൂടി മോചിപ്പിക്കുന്നത് വൈകിപ്പിക്കുമെന്ന് ഹമാസ് ഇന്നലെ അറിയിച്ചിരുന്നു. ഇതേ നിലപാട് ഇന്നും അവർ ആവർത്തിച്ചിരുന്നു. ഗാസയിലേക്ക് മതിയായ ടെന്റുകളും മറ്റ് സഹായങ്ങളും അനുവദിക്കാത്തത് ഉൾപ്പെടെ ഹമാസ് ചൂണ്ടിക്കാട്ടിയിരുന്നു.
ഗാസ മുനമ്പിലും പരിസരത്തും കൂടുതൽ സൈനികരെ ചേർക്കാൻ നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടതായി ഒരു ഇസ്രായേൽ ഉദ്യോഗസ്ഥൻ ഇന്ന് അറിയിച്ചിരുന്നു. ഈ ശനിയാഴ്‌ചയോടെ ഹമാസ് തങ്ങളുടെ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ എല്ലാ സാഹചര്യങ്ങൾക്കും തയ്യാറെടുക്കാൻ നെതന്യാഹു ഉദ്യോഗസ്ഥരോട് ഉത്തരവിട്ടിട്ടുണ്ട്.
ഇതുവരെ 21 ഇസ്രായേൽ ബന്ദികളെയാണ് ഹമാസ് കൈമാറിയത്. മറുവശത്ത് ഇസ്രായേൽ നൂറുകണക്കിന് പലസ്‌തീൻ തടവുകാരെ വിട്ടു നൽകിയിരുന്നു. ഹമാസ് ബന്ദികളാക്കിയ 70 പേരെ ശനിയാഴ്‌ചയ്ക്കകം മോചിപ്പിച്ചില്ലെങ്കിൽ ഇസ്രായേൽ വെടിനിർത്തൽ റദ്ദാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
വെടിനിർത്തലിൽ കരാറിന്റെ ആദ്യ ഘട്ടത്തിൽ, 2023 ഒക്ടോബർ 7ന് ഇസ്രായേലിനെതിരായ ആക്രമണത്തിൽ പിടിക്കപ്പെട്ട 33 ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചിരുന്നു, അതേസമയം 2000 പലസ്‌തീൻ തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്രായേലും പറഞ്ഞു. ജനുവരി 19 മുതൽ ഇരുരാജ്യങ്ങളും തമ്മിൽ അഞ്ച് ബന്ദി കൈമാറ്റങ്ങൾ നടന്നു. അതിനിടയിലാണ് കീറാമുട്ടിയായി ഭിന്നത ഉടലെടുത്തത്.












Click it and Unblock the Notifications