സൗദിയില്‍ കൂടുതല്‍ സിനിമാ തിയേറ്ററുകള്‍ വരുന്നു; 2500 സ്‌ക്രീനുകള്‍ കൂടി; 3 കമ്പനികള്‍ രംഗത്ത്...
റിയാദ്: സൗദി അറേബ്യയില്‍ മാറ്റത്തിന്റെ കാറ്റ് അതിവേഗം വീശുകയാണ്. കൂടുതല്‍ സിനിമാ തിയേറ്ററുകള്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് സൗദി. വിദേശത്തുള്ള മൂന്ന് കമ്പനികള്‍ കൂടി ഈ രംഗത്തേക്ക് കടന്നുവന്നിരിക്കുന്നു. 2500 സ്‌ക്രീനുകള്‍ കൂടി സൗദിയില്‍ സ്ഥാപിക്കാന്‍ പോകുകയാണ്. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള സിനിമാ ആസ്വാദകര്‍ക്ക് വളരെ സന്തോഷം നല്‍കുന്ന വിവരങ്ങളാണ് വന്നിരിക്കുന്നത്.
മാത്രമല്ല, ടൂറിസം മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനുള്ള നീക്കവും സൗദി നടത്തിവരികയാണ്. ടൂറിസം രംഗത്ത് നിന്നുള്ള വരുമാനം ഇരട്ടിയായ പശ്ചാത്തലത്തിലാണ് തീരുമാനം. പുതിയ വിവരങ്ങള്‍ ഇങ്ങനെ...

ഏറെ കാലം സിനിമാ തിയേറ്ററുകള്‍ക്ക് നിരോധനമുണ്ടായിരുന്ന രാജ്യമാണ് സൗദി അറേബ്യ. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നിരോധനം എടുത്തുമാറ്റിയത്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടാണ് മാറ്റങ്ങള്‍. യുവതലമുറ വളരെ ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങളെ സ്വാഗതം ചെയ്യുന്നത്.

അന്താരാഷ്ട്ര രംഗത്ത് മികച്ച കാഴ്ചാനുഭവം നല്‍കുന്ന കമ്പനികള്‍ സൗദിയിലേക്ക് എത്താന്‍ പോകുകയാണ്. യുഎഇയുടെ റീല്‍ സിനിമാസ്, ദക്ഷിണാഫ്രിക്കയുടെ നു മെട്രോ, ലബ്‌നാനിലെ ഗ്രാന്റ് സിനിമാസ് എന്നിവയാണ് സൗദിയില്‍ പുതിയ തിയേറ്ററുകള്‍ നിര്‍മിക്കുക. അടുത്ത അഞ്ച് വര്‍ഷത്തിനിടെ 2500 സ്‌ക്രീനുകള്‍ കൂടി സൗദിയില്‍ നിലവില്‍ വരും.

സിനിമാ മേഖല സൗദിയില്‍ അതിവേഗം പുരോഗതി പ്രാപിക്കുകയാണ്. കൂടുതല്‍ കമ്പനികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്നത് വ്യവസായം വളരുന്നതിന്റെ സൂചനയാണ്. 120 കോടി ഡോളറിന്റെ മൂല്യമുള്ള വ്യവസായമായി സിനിമ സൗദിയില്‍ മാറിക്കഴിഞ്ഞുവെന്ന് ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ അറിയിക്കുന്നു.

അതേസമയം, ഖമീസ് മുശൈത്ത്, റാബിഗ്, അറാര്‍ എന്നീ നഗരങ്ങളില്‍ കൂടി തിയേറ്ററുകള്‍ നിര്‍മിക്കാന്‍ എംവിഐ സിനിമാസും എംപയര്‍ സിനിമാസും തീരുമാനിച്ചിട്ടുണ്ട്. 35 വര്‍ഷം സിനിമാ ശാലകള്‍ക്ക് നിരോധനമുണ്ടായിരുന്ന രാജ്യമാണ് സൗദി അറേബ്യ. നാല് വര്‍ഷം മുമ്പാണ് നിരോധനം എടുത്തുകളഞ്ഞത്. ഇന്ന് പശ്ചിമേഷ്യയില്‍ സിനിമാ വ്യവസായം അതിവേഗം വളരുന്ന രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ മാറിക്കഴിഞ്ഞു.

യുഎഇ, കുവൈത്ത്, ജോര്‍ദാന്‍, ലബ്‌നാന്‍ എന്നീ രാജ്യങ്ങളില്‍ സിനിമാ തിയേറ്ററുകളുടെ ശൃംഖലയുള്ള കമ്പനിയാണ് ഗ്രാന്റ് സിനിമാസ്. 2000 മുതല്‍ പശ്ചിമേഷ്യയില്‍ ഈ കമ്പനി സജീവമാണ്. സൗദിയിലേക്ക് കൂടി കമ്പനി എത്തുമ്പോള്‍ പ്രേക്ഷകര്‍ വളരെ ആവേശത്തിലാണ്. ആറ് മുതല്‍ പത്ത് വരെ സ്ഥലങ്ങളില്‍ തിയേറ്ററുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്ന് ഗ്രാന്റ് സിനിമാസ് സിഇഒ സലിം റമിയ പറഞ്ഞു.

ആഡംബരത്തിലും സാങ്കേതിക വിദ്യയിലും ഒരുപടി മുന്നില്‍ നില്‍ക്കുന്നവരാണ് ഗ്രാന്റ് സിനിമാസ്. തായിഫിലെ ദി പാര്‍ക്ക് കോപ്ലക്‌സില്‍ 11 തിയേറ്ററുകള്‍ തുറക്കാനാണ് ഗ്രാന്റ് സിനിമാസ് ആലോചിക്കുന്നത്. കൂടാതെ ജിദ്ദയിലെ സൂക്ക് 7നിലും അല്‍ അഹ്‌സയിലെ അല്‍ മംഷാഹിലും കൂടുതല്‍ തിയേറ്ററുകള്‍ സ്ഥാപിക്കും. സിനിമാ രംഗത്ത് കൂടുതല്‍ വിദേശ നിക്ഷേപം വരുന്നതിന് സൗദി ഭരണകൂടം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.

സൗദിയില്‍ നിലവില്‍ 59 തിയേറ്ററുകളാണുള്ളത്. ഇനി പ്രാദേശിക തലത്തിലും തിയേറ്ററുകള്‍ സ്ഥാപിക്കാനുള്ള നീക്കം നടന്നുവരികയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനകം 350 തിയേറ്ററുകളാണ് സ്ഥാപിക്കുക. ഇതുവഴി 30000 പേര്‍ക്ക് കൂടി തൊഴില്‍ ലഭിക്കുമെന്നും അധികൃതര്‍ കരുതുന്നു.

അതേസമയം, ടൂറിസം രംഗത്തും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയാണ് സൗദി. 2021ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ജൂണ്‍ വരെ 105 ശതമാനം മൂല്യ വര്‍ധനവാണ് ഈ രംഗത്തുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 200 കോടി ഡോളറിന്റെ മൂല്യമാണ് നേടിയതെങ്കില്‍ ഈ വര്‍ഷം 410 കോടിയുടെ മൂല്യമാണ് ടൂറിസം മേഖലയിലുണ്ടായതെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications