ബ്രിക്സിലും പ്രതീക്ഷ വേണ്ട!!സൈന്യത്തെ പിന്‍വലിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് ചൈന
വിദേശകാര്യ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയിലേയ്ക്ക് പോകാനിരിക്കെയാണ് ചൈനീസ് നിലപാട് പുറത്തുവരുന്നത്
ബീജിങ്: ഡോക് ലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാതെ ബ്രിക്സ് ഉച്ചകോടിയ്ക്കിടെ ചര്‍ച്ചയ്ക്ക് വഴിതെളിയില്ലെന്ന് ചൈന. ബ്രിക്സ് ഉച്ചകോടിയ്ക്ക് വേണ്ടി വിദേശകാര്യ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയിലേയ്ക്ക് പോകാനിരിക്കെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്. ബ്രിക്സ് ഉച്ചകോടിയിക്കിടെ ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ യാങ് ജിയേച്ചിയും അജിത് ഡോവലും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന സൂചനകള്‍ക്കിടെയാണ് ചൈന ചര്‍ച്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയത്. ജൂലൈ 27, 28 തിയ്യതികളില്‍ ചൈനയില്‍ വച്ച് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന,സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുക. അജിത് ഡോവലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
ഡോക് ലയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കാതെ ഇരു രാജ്യങ്ങളും തമ്മില്‍ അര്‍ത്ഥവത്തായ ചര്‍ച്ച നടക്കില്ലെന്നാണ് ചൈന വ്യക്തമാക്കുന്നത്. അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയെ വെല്ലുവിളിച്ച് തിങ്കളാഴ്ച ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് രംഗത്തെത്തിയിരുന്നു. പര്‍വ്വതം കുലുങ്ങിയാലും എന്നാല്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കുലുങ്ങില്ലെന്നാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്‍റെ അവകാശവാദം.

ചര്‍ച്ചയ്ക്ക് സാധ്യതയില്ല
ബ്രിക്സ് ഉച്ചകോടിയ്ക്കിടെ ഇന്ത്യ- ചൈന ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ലു ക്യാങ് വ്യക്തമാക്കി. നേരത്തെ നടന്ന യോഗങ്ങളില്‍ അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവേയാണ് ക്യാങ് വ്യക്തമാക്കിയത്. അജിത് ഡോവലും യാങ് ജിയേച്ചിയും തമ്മില്‍ ചൈനയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയേക്കുമെന്ന സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍. എന്നാല്‍ സൈന്യത്തെ ഡോക് ലയില്‍ നിന്ന് പിന്‍വലിച്ചാല്‍ ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ തെളിയുമെന്ന് സൂചനകളുണ്ട്

മുന്‍കരുതല്‍ മതി
സിക്കിം സെക്ടറിലെ ഡോക് ലയില്‍ അതിക്രമിച്ചു കടന്ന സൈന്യത്തെ പിന്‍വലിക്കുകയാണ് മുന്‍കരുതലെന്ന വണ്ണം ഇന്ത്യ സ്വീകരിക്കേണ്ട നടപടിയെന്നാണ് ചൈന ചൂണ്ടിക്കാണിക്കുന്നത്. അല്ലാത്ത പക്ഷം ചര്‍ച്ച നടക്കില്ലെന്നും ലു ഊന്നിപ്പറയുന്നു. അതിര്‍ത്തി തര്‍ക്കം രണ്ടാം മാസത്തിലേയ്ക്ക് കടന്നതോടെയാണ് സൈന്യത്തെ പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് സാധ്യതയുള്ളൂവെന്ന് ചൈന വ്യക്തമാക്കിയത്.

പീപ്പിള്‍സ് ആര്‍മി കുലുങ്ങില്ല
പര്‍വ്വതം കുലുങ്ങിയാലും എന്നാല്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കുലുങ്ങില്ലെന്നാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്‍റെ അവകാശവാദം. പ്രതിരോധ മന്ത്രാലയ വക്താവ് വു ക്വിയാനാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ചൈനീസ് ഭൂപ്രദേശത്തെയും പരമാധികാരത്തെയും പ്രതിരോധിക്കാന്‍ ചൈനീസ് സൈന്യം സജ്ജരാണെന്നും പ്രതിരോധ വക്താവ് വ്യക്തമാക്കുന്നു.

ചര്‍ച്ചയല്ല ,ആവശ്യമാണ് മുഖ്യം
നയതന്ത്ര ചര്‍ച്ചകള്‍ വഴി പ്രശ്നം പരിഹരിക്കാമെന്ന് കാണിച്ച് ഇന്ത്യ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ തള്ളിക്കളഞ്ഞ ചൈന ഇന്ത്യ ഡോക് ലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടാണ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്. പ്രശ്നത്ത പരിഹാരത്തിനായി യുഎസ് ഇടപെടലുണ്ടായതോടെ ചൈനയില്‍ വച്ച് ജൂലൈ അവസാനം നടക്കുന്ന ബ്രിക്സ് ഉച്ചകോടിയ്ക്കി
ടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് വഴിതെളിയുമെന്നും ചില സൂചനകളുണ്ട്.

ഇന്ത്യയെ വെല്ലുവിളിച്ച് ചൈന
പര്‍വ്വതത്തെ ചലിപ്പിയ്ക്കാന്‍ കഴിഞ്ഞേക്കാം എന്നാല്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ ചലിപ്പിക്കാന്‍ കഴിയില്ലെന്നാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്‍റെ വക്താവ് വു ക്വിയാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ചൈനീസ് ഭൂപ്രദേശത്തെയും പരമാധികാരത്തെയും പ്രതിരോധിക്കാന്‍ ചൈനീസ് സൈന്യം സജ്ജരാണെന്നും പ്രതിരോധ വക്താവ് ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പായി ചൂണ്ടിക്കാണിക്കുന്നു. ഡോക് ലയ്ക്ക് സമീപത്ത് ചൈനീസ് സൈന്യം സൈനികാഭ്യാസം നടത്തുന്നത് തുടരുമെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. എന്നാല്‍ ചരിത്രപ്രധാനമായ ഡോക് ലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

അധിക സൈന്യമില്ലെന്ന് ഇന്ത്യ
സിക്കിം സെക്ടറിലെ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഡോക് ലയില്‍ ചൈന അധികമായി സൈനിക വിന്യാസം നടത്തുകയോ സൈനികഭ്യാസം നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ടിബറ്റില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന സൈനിഭ്യാസം ചൈന നടത്തിയിട്ടുണ്ടെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോക് ലയില്‍ നിന്ന് 150 മീറ്റര്‍ അകലെ ഇരുരാജ്യങ്ങളുടേയും 300 സൈനികരാണ് നിലയുറപ്പിച്ചിട്ടുള്ളതെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നു!!
ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ചൈനീസ് ഭൂപ്രദേശത്തേയ്ക്ക് പ്രവേശിച്ചുവെന്നായിരുന്നു ചൈനയുടെ അവകാശവാദം. ട്രൈ ജംങ്ഷനായ ഡോക് ലയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ റോഡ് നിര്‍മാണത്തെത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ഉടലെടുക്കുന്നത്. ഇന്ത്,- ചൈന- ഭൂട്ടാന്‍ എന്നീ മൂന്ന് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ട്രൈ ജംങ്ഷനാണ് സിക്കിമിലെ ഡോക് ല. എന്നാല്‍ ഈ വാദം നിഷേധിച്ച ചൈന തങ്ങള്‍ക്ക് പരമാധികാരമുള്ള പ്രദേശമാണെന്ന വാദമാണ് ഉയര്‍ത്തുന്നത്.

ഇരു രാജ്യങ്ങളും പിന്‍വലിക്കണം
ഇന്ത്യ- ഭൂട്ടാന്‍- ചൈന തുടങ്ങി മൂന്ന് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ട്രൈ ജംങ്ഷനില്‍ നിന്ന് ചര്‍ച്ചയ്ക്ക് മുമ്പായി സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യമാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഉന്നയിക്കുന്നത്. ട്രൈ ജംങ്ഷന്‍ സംബന്ധിച്ച് ചൈനയുടെ നിലപാട് മാറ്റം ഇന്ത്യയ്ക്ക് സുരക്ഷാ വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും ഇന്ത്യന്‍ സൈന്യം ഡോക് ലയില്‍ നിന്ന് പിന്നോട്ട് പോകണമെന്നാണ് ചൈനയുടെ ആവശ്യമെങ്കില്‍ ചൈനയും സൈന്യത്തെ പിന്‍വലിക്കണമെന്നാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. അല്ലാതെ ഇന്ത്യയുടെ ഭാഗത്തുനിന്ന് വിട്ടുവീഴ്ചകള്‍ പ്രതീക്ഷേണ്ടതില്ലെന്നും സുഷമാ സ്വരാജ് ചൂണ്ടിക്കാണിക്കുന്നു.

അതിര്‍ത്തി നിര്‍ണയത്തില്‍ പാളി!!
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി അന്തിമമായി നിര്‍ണയിക്കപ്പെട്ടിട്ടില്ലെന്നും, ഇതുപോലെ തന്നെയാണ് ഭൂട്ടാനും ചൈനയും തമ്മിലുള്ള അതിര്‍ത്തിയെന്നും ചൂണ്ടിക്കാണിക്കുന്ന സുഷമാ സ്വരാജ് ഉഭയകക്ഷി ചര്‍ച്ചകള്‍ വഴിയാണ് അതിര്‍ത്തികള്‍ തീരുമാനിച്ചിട്ടുള്ളതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കുന്നു. എന്നാല്‍ ചൈനയാണ് ബുള്‍ഡോസറുകളുമായി മണ്ണുമാന്ത്രി യന്ത്രങ്ങളുമായി റോഡ് നിര്‍മിക്കാന്‍ ആരംഭിച്ചതെന്നും അതിന് ശേഷം മാത്രമാണ് ഇന്ത്യയും ഭൂട്ടാനും ചൈനീസ് റോഡ് നിര്‍മാണത്തിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തുന്നതെന്നും സുഷമാ സ്വരാജ് ചൂണ്ടിക്കാണിക്കുന്നു.

റോഡ് നിര്‍മാണം തര്‍ക്കത്തില്‍
സിക്കിം സെക്ടറിലെ ഡോക് ലാമില്‍ ചൈനയുടെ അനധികൃത റോഡ് നിര്‍മാണത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്. ജൂണ്‍ 16 ന് ശേഷമായിരുന്നു സംഭവം. ചൈനയുടെ റോഡ് നിര്‍മാണത്തെ എതിര്‍ത്ത് ആദ്യം രംഗത്തെത്തിയത് ഇന്ത്യയായിരുന്നുവെങ്കിലും പിന്നീട് ഭൂട്ടാനും എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യ- ഭൂട്ടാന്‍- ചൈന എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമായ ട്രൈ ജംങ്ഷനിലായിരുന്നു ചൈനയുടെ റോഡ് നിര്‍മാണം.












Click it and Unblock the Notifications