ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം പങ്കിട്ട് മൂന്ന് പേർ: അംഗീകാരം ഇലക്ട്രോൺ ഡൈനാമിക്സ് രംഗത്തെ പഠനത്തിന്
സ്റ്റോക്ക്‌ഹോം: 2023 ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞർ. പിയറി അഗോസ്റ്റിനി, ഫെറൻ ക്രൗസ്, ആൻ എൽ ഹൂലിയർ എന്നിവർക്കാണ് ഇത്തവണത്തെ പുരസ്കാരം. പ്രകാശത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന പരീക്ഷണങ്ങള്‍ രൂപപ്പെടത്തിയതാണ് ഭൗതികശാസ്ത്ര ഗവേഷകരായ മൂന്ന് പേരേയും നൊബേല്‍ സമ്മാനത്തിന് അർഹരാക്കിയിരിക്കുന്നത്. ഭൗതിക ശാസ്ത്ര നൊബേൽ നേടുന്ന അഞ്ചാമത്തെ വനിതയാണ് ആൻ എൽ ഹുല്ലിയർ. ഏകദേശം 10 ലക്ഷം ഡോളർ ആണ് പുരസ്കാരതുക.
ജേതാക്കൾ പ്രകാശത്തിന്റെ അൾട്രാ ഷോർട്ട് സ്ഫോടനങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചുവെന്നാണ് നൊബേല്‍ സമിതി ഔദ്യോഗികമായി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നത്. ഇലക്ട്രോണുകള്‍ ധ്രുതഗതിയില്‍ ചലിക്കുകയും അവയ്ക്ക് ഊര്‍ജമാറ്റം സംഭവിക്കുകയും ചെയ്യുമ്പോള്‍, അക്കാര്യങ്ങള്‍ കൃത്യമായി നിര്‍ണയിക്കാന്‍ മൂവരും ചേർന്ന് തയ്യാറാക്കിയ സൂക്ഷ്മപ്രകാശസ്പന്ദനങ്ങള്‍ സഹായിക്കുമെന്നും സ്വീഡിഷ് അക്കാദമി പറഞ്ഞു.

വളരെ വേഗത്തില്‍ സംഭവിക്കുന്ന സൂക്ഷ്മപ്രക്രിയകള്‍ മനസിലാക്കാന്‍ സവിശേഷ സാങ്കേതികവിദ്യകള്‍ ആവശ്യമാണ്. ഇലക്ട്രോണുകളുടെ തലത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ വെറും 'ആറ്റോസെക്കന്‍ഡി' (attosecond) ലും കുറഞ്ഞ സമത്താണുണ്ടാവുക. സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമുള്ളത്ര ചെറിയ സമയമാണ് ആറ്റോസെക്കന്‍ഡ് എന്നത്. ഈ വര്‍ഷത്തെ പുരസ്‌കാര ജേതാക്കള്‍ രൂപപ്പെടുത്തിയ പരീക്ഷണങ്ങള്‍ വഴി ആറ്റോസെക്കന്‍ഡ് തലത്തിലുള്ള പ്രകാശസ്പന്ദനങ്ങള്‍ (pulses of light) സൃഷ്ടിക്കാന്‍ സാധിച്ചു.
അതേസമയം, 2023ലെ വൈദ്യശാസ്ത്ര നൊബേലിന് കാറ്റലിൻ കാരിക്കോ , ഡ്രൂ വെയ്സ്മാൻ എന്നിവർ കഴിഞ്ഞ ദിവസം നേടിയിരുന്നു. കോവിഡ്-19 വാക്സീൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് അംഗീകാരം. കാറ്റലിന്‍ കാരിക്കോ ഹംഗറിക്കാരിയും ഡ്രൂ വെയ്സ്മാന്‍ അമേരിക്കക്കാരനുമാണ്. വാക്സീനുകളിൽ സഹായകരമായ എംആർഎൻഎയുമായി (മെസഞ്ചർ ആർഎൻഎ) ബന്ധപ്പെട്ട പഠനമായിരുന്നു ഇവർ നടത്തിയത്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നത് ഉള്‍പ്പെടെ വാക്സീന്‍ ഗവേഷണത്തിൽ ഉൾപ്പെടെ ഏറെ ഗുണകരമായ കണ്ടെത്തലാണ് ഇരുവരും നടത്തിയതെന്ന് സമിതി നിരീക്ഷിച്ചു.
രസതന്ത്രം, സാഹിത്യം, സമാധാനം, സാമ്പത്തിക ശാസ്ത്രം എന്നിവയ്ക്കുള്ള നൊബേൽ സമ്മാനങ്ങൾ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ബുധനാഴ്ച രസതന്ത്രത്തിനുള്ള നൊബേല്‍ പ്രഖ്യാപിക്കും. 1896 മുതലാണ് നൊബേല്‍ സമ്മാനം നല്‍കി തുടങ്ങിയത്. എന്നാല്‍ 1968 മുതല്‍ സ്വീഡനിലെ സെൻട്രൽ ബാങ്കാണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ച് തുടങ്ങിയത്. സമാധാന സമ്മാനം പ്രഖ്യാപിക്കുന്നതാവട്ടെ ഓസ്ലോയിലെ നോർവീജിയൻ നോബൽ കമ്മിറ്റിയാണ്.
2022 ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം അലൈൻ ആസ്പെക്റ്റ്, ജോൺ എഫ്. ക്ലോസർ, ആന്റൺ സെയ്ലിംഗർ എന്നിവരായിരുന്നു നേടിയത്.












Click it and Unblock the Notifications