ഇസ്രായേല്‍ വിറച്ച ഒക്ടോബർ 7: വാർഷിക ദിനത്തില്‍ ആരൊക്കെ വിറക്കും, വന്‍ യുദ്ധം തുടങ്ങുമോ?
ഇസ്രായേല്‍ സമീപകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത തിരിച്ചടിയുടെ ദിനമായിട്ടാണ് 2023 ഒക്ടോബർ 7 ഓർമ്മിക്കപ്പെടുന്നത്. പേരുകേട്ട ഇസ്രായേല്‍ പ്രതിരോധങ്ങളുടെ കീറിമുറിച്ചുകൊണ്ട് ഹമാസ് പ്രവർത്തകർ രാജ്യത്തേക്ക് കടന്നു കയറി നടത്തിയ നീക്കം അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇസ്രായേലിന് വലിയ നാണക്കേട് സൃഷ്ടിക്കുകയും ചെയ്തു.
മൊസാദ് പോലും അറിയാതെ
ലോകത്തെ തന്നെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജന്‍സി എന്ന് അറിയപ്പെടുന്ന മൊസാദ് പോലും അറിയാതെ ഹമാസ് പ്രവർത്തകർ എങ്ങനെ ഇസ്രായേലിന് ഉള്ളിലേക്ക് കടന്നുകയറി എന്നത് ലോകത്തെ അമ്പരിപ്പിച്ചു. 'അല്‍ അഖ്സ പ്രളയം' എന്ന് പേരിട്ട് വിളിച്ച അക്രമണത്തില്‍ ജറുസലം, റാമല്ല തുടങ്ങിയ പല പ്രധാന നഗരങ്ങളില്‍ വരെ ഹമാസ് പ്രവർത്തകർ എത്തിയെന്നാണ് ഇസ്രായേല്‍ സൈന്യം തന്നെ വ്യക്തമാക്കിയത്

ആകാശമാർഗ്ഗം നൂറ് കണക്കിന് റോക്കറ്റുകള്‍ ഇസ്രായേല്‍ ല്യക്ഷമാക്കി കുതിച്ചപ്പോള്‍ കരയിലൂടെ ഹമാസ് പ്രവർത്തകർ അതിർത്തി കടന്നും ആക്രണം നടത്തി. തോക്കുകള്‍, ഗ്രനേഡുകള്‍ എന്നീ ആയുധങ്ങളുമായി എത്തിയ സംഘം വന്‍ ആക്രമണം തന്നെ ഇസ്രായേല്‍ നഗരത്തില്‍ അഴിച്ചുവിട്ടു. മിന്നലാക്രമണത്തില്‍ ഇസ്രായേല്‍ ശരിക്കും പകച്ചുപോകുകയായിരുന്നു.
ആക്രമണത്തോടൊപ്പം നൂറ് കണക്കിന് ഇസ്രായേലികളെ ബന്ദികളായി പിടുകൂടാനും ഹമാസിന് സാധിച്ചിരുന്നു. ഇവരില്‍ ചിലരെയൊക്കെ മോചിപ്പിച്ചെങ്കിലും ശേഷിക്കുന്നവരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. ഗാസയിലെ തുരങ്കങ്ങളിലായി ഇവരെ പാർപ്പിച്ചിരിക്കുന്നുവെന്നാണ് സൂചന. ബന്ദി മോചനത്തിനായുള്ള നീക്കങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലില്‍ ഇപ്പോഴും പ്രതിഷേധം നടക്കാറുണ്ട്.

ഇസ്രായേല്‍ തിരിച്ചടി, തകർന്ന ഗാസ
ഹമാസ് ഇസ്രായേലില്‍ കടന്നു കയറി നടത്തിയ ആക്രമണം വലിയ വിജയമായിരുന്നെങ്കിലും അതിന് കൊടുക്കേണ്ടി വന്ന വില അതിലും വലുതായിരുന്നു. ഗാസയില്‍ വലിയ പ്രത്യാക്രമണം തന്നെ ഇസ്രായേല്‍ സേന നടത്തി. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ പതിനായിരക്കണക്കിന് ആളുകളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. അതായത് യുദ്ധം ആരംഭിച്ച് ഇതുവരെയായി 41,870 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതിലേറെ ആളുകള്‍ക്ക് പാലായനം ചെയ്തു പോകേണ്ടി വന്നു. ഹമാസിന്റെ ഒട്ടുമിക്ക പ്രമുഖ നേതാക്കളും ഇതിനിടയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
ഒക്ടോബറിന്റെ ചരിത്രം
പശ്ചിമേഷ്യയിലെ ഇസ്രായേല്‍ അനുബന്ധ സംഘർഷങ്ങളും ഒക്ടോബർ മാസവും തമ്മില്‍ ചരിത്രപരമായ ബന്ധം തന്നെയുണ്ട്. ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങള്‍ നടത്തിയ 1973 ലെ യുദ്ധം ആരംഭിച്ചത് ഒക്ടോബർ മാസത്തിലായിരുന്നു. യോംകിപ്പൂർ യുദ്ധം എന്ന് അറിയപ്പെടുന്ന ഈ യുദ്ധത്തിന്റെ വാർഷികത്തിലായിരുന്നു 2023 ലെ ഹമാസിന്റെ തിരിച്ചടി.

വളരെ സംഘർഷ ഭരിതമായ സാഹചര്യത്തിലൂടെയാണ് മേഖല ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. 2023 ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തിന് ഇസ്രായേല്‍ ഏതെങ്കിലും വിധത്തില്‍ കനത്ത തിരിച്ചടി നല്‍കുമോയെന്ന് ആശങ്കയോടെ ഉറ്റുനോക്കുന്നുവരുമുണ്ട്.
ഹിസ്ബുള്ള, ലബനന്‍
ഹമാസ്, ഹിസ്ബുള്ള, ഇറാന്‍ തുടങ്ങിയവരോടൊക്കെയായി തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഹമാസ്. പേജർ ആക്രമണം, ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റുള്ളയെ വധിക്കാന്‍ കഴിഞ്ഞത് തുടങ്ങിയ നിർണ്ണായക വിജയങ്ങളും ഇസ്രായേലിന് ഇതിനോടകം നേടാന്‍ സാധിച്ചു. ഹിസ്ബുള്ളയെ ലക്ഷ്യമിട്ടുകൊണ്ടാണ് ലബനനില്‍ യുദ്ധം നടത്തുന്നതെങ്കിലും നൂറ് കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. രണ്ട് ലക്ഷത്തോളം ആളുകള്‍ സിറിയയിലേക്ക് പാലായനം ചെയ്തു. കഴിഞ്ഞ ദിവസ മുതല്‍ മേഖലയില്‍ വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഗാസ, ഹമാസ്
ഗാസയിലും ഇസ്രായേല്‍ ആക്രമണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. പള്ളികളിലും സ്കൂളുകളിലും ഇസ്രായേല്‍ നടത്തിയ മിസൈലാക്രമണത്തില്‍ 25 കൊല്ലപ്പെട്ടുവെന്നാണ് ഹമാസിന് കീഴില്‍ പ്രവർത്തിക്കുന്ന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. നിരവധി പേർക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇറാന്‍
തങ്ങള്‍ക്കെതിരെ ഇരുന്നൂറോളം മിസൈലുകള്‍ അയച്ച ഇറാനെതിരേയും ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി കഴിഞ്ഞു. ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റുള്ളയുടേയും ഇറാനിയൻ ജനറൽ അബ്ബാസ് നിൽഫൊറൗഷാന്റെയും കൊലപാതകത്തിനുള്ള മറുപടിയായിട്ടായിരുന്നു ഇറാന്‍ഇസ്രായേലിന് നേരെ മിസൈലാക്രമണം നടത്തിയത്. ടെല്‍ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപം വരെ ഇറാനിയന്‍ മിസൈലുകള്‍ പതിച്ചിരുന്നു.












Click it and Unblock the Notifications