കിഴക്കന്‍ ജെറുസലേം തലസ്ഥാനമായി പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് ഇസ്ലാമിക രാജ്യങ്ങള്‍
ഇസ്തംബൂള്‍: ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നടപടി തള്ളിക്കളഞ്ഞ് കിഴക്കന്‍ ജെറൂസലേം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് ലോകരാജ്യങ്ങളോട് ഇസ്ലാമിക രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. തുര്‍ക്കിയിലെ ഇസ്തംബൂളില്‍ ചേര്‍ന്ന 57 അംഗ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ യോഗത്തിലാണ് ഈ ആഹ്വാനമുയര്‍ന്നത്. ദ്വിരാഷ്ട്ര പരിഹാരത്തിലധിഷ്ഠിതമായ നീതിപൂര്‍വകവും സമഗ്രവുമായ സമാധാനമാണ് ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നത്തില്‍ ഉണ്ടാവേണ്ടതെന്നും യോഗം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.

ഉത്തരവാദി അമേരിക്കന്‍ ഭരണകൂടം
ഫലസ്തീനിലെ ഇസ്രായേലി അധിനിവേശം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത യോഗം, ജെറൂസലേമുമായി ബന്ധപ്പെട്ട തീരുമാനത്തില്‍ നിന്ന് ട്രംപ് പിന്‍മാറണമെന്നും അല്ലാത്തപക്ഷം ഉണ്ടാവുന്ന മുഴുവന്‍ പ്രത്യാഘാതങ്ങള്‍ക്കും ട്രംപ് ഭരണകൂടമായിരിക്കും ഉത്തരവാദിയെന്നും വ്യക്തമാക്കി. അമേരിക്കയുടെ ഈ തീരുമാനം അപകടകരമാണ്. ജെറൂസലേമിന്റെ നിയമപരമായ അവസ്ഥയെ മാറ്റാനുള്ള ശ്രമത്തിന് യാതൊരു നിയമസാധുതയുമില്ല.

രാജ്യങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കും
ഫലസ്തീനികളുടെ അവകാശത്തെ പിന്തുണയ്ക്കുന്ന മുഴുവന്‍ മുസ്ലിം രാഷ്ട്രങ്ങളും ജെറൂസലേമിനെ ഫലസ്തീന്‍ തലസ്ഥാനമായി അംഗീകരിക്കാന്‍ തയ്യാറാണ്. ജെറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന രാഷ്ട്രങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ മുസ്ലിം രാഷ്ട്രങ്ങള്‍ ഒരുക്കമാണെന്നും ഒ.ഐ.സി പ്രഖ്യാപിച്ചു.

യു.എസ് തീരുമാനത്തെ അപലപിച്ചു
അമേരിക്കന്‍ തീരുമാനം ഒ.ഐ.സി അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നതായി സെക്രട്ടറി ജനറല്‍ യൂസുഫ് അല്‍ ഉതൈമീന്‍ പറഞ്ഞു. അത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും മുസ്ലിം താല്‍പര്യങ്ങളെ വ്രണപ്പെടുത്തുന്നതുമാണ്. അമേരിക്കയുടെ ജെറൂസലേം നീക്കത്തിനെതിരേ മുസ്ലിംലോകം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമേരിക്കയെ മധ്യസ്ഥനായി അംഗീകരിക്കില്ല
ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുന്നതിലൂടെ ഫലസ്തീന്‍ പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാനുള്ള അവകാശം അമേരിക്കയ്ക്ക് ഇല്ലാതായിരിക്കുകയാണെന്നും ഇനി അമേരിക്കയെ മധ്യസ്ഥനായി സ്വീകരിക്കുന്ന പ്രശ്‌നമില്ലെന്നും യോഗത്തില്‍ സംസാരിച്ച ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.
ലോകമുസ്ലിംകളുടെ കൂട്ടായ്മയെന്ന രീതിയില്‍ 1969ലാണ് ഒ.ഐ.സി നിലവില്‍ വന്നത്.

ഇസ്രായേല്‍ ഭീകരരാഷ്ട്രമെന്ന് ഉര്‍ദുഗാന്‍
ഒ.ഐ.സിയുടെ അടിയന്തര യോഗം വിളിച്ചുകൂട്ടാന്‍ മുന്‍കൈയെടുത്ത തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍, ഇസ്രായേല്‍ ഭീകരരാഷ്ട്രമാണെന്ന് കുറ്റപ്പെടുത്തി. ജെറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തെ അന്താരാഷ്ട്ര സമൂഹം പുച്ഛിച്ചുതള്ളിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ ഈ തീരുമാനം അസാധുവാണ്. ഇസ്രായേലല്ലാത്ത ഒരൊറ്റ രാജ്യവും അതിനെ അംഗീകരിച്ചിട്ടില്ല- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications