കളളന്മാരുടെ വ്യാജ പ്രൊഫൈലുകൾ; തട്ടിപ്പോ തനി ഒറിജിനൽ; പെട്ടത് നിരവധി പേർ
കളളന്മാരുടെ വ്യാജ പ്രൊഫൈലുകൾ; തട്ടിപ്പോ തനി ഒറിജിനൽ; പെട്ടത് നിരവധി പേർ
അബുദാബി: അബുദാബിയിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് നടത്തുന്ന പണം തട്ടിപ്പ് വ്യാപകമാകുന്നു. സമൂഹ മാധ്യമങ്ങളിൽ വ്യക്തികളുടെ ഫോട്ടോയും മറ്റു വിവരങ്ങളും ചേർത്താണ് തട്ടിപ്പ്.
സമാനമായ രീതിയിലുളള പ്രൊഫൈൽ ഉണ്ടാക്കുന്നതിനാൽ തട്ടിപ്പ് മനസ്സിലാകില്ല എന്നതാണ് പ്രധാന വസ്തുത. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മെസഞ്ചറിൽ വ്യക്തിഗത സന്ദേശം അയക്കും. തുടർന്ന് പണം തട്ടുകയാണ് സംഘത്തിന്റെ രീതി.
ഇത്തരത്തിൽ വ്യാജ അക്കൗണ്ടിൽ നിന്ന് ലഭിച്ച സന്ദേശത്തിൽ പലർക്കും സംശയം തോന്നിരുന്നു. തുടർന്ന് സുഹൃത്തുക്കൾ യഥാർഥ വ്യക്തിയുമായി ബന്ധപ്പെടുമ്പോഴാണ് തട്ടിപ്പ് വെളിയിലാകുന്നത്. അതേസമയം, തട്ടിപ്പിൽ പെട്ട് പോയവർക്ക് നിമിഷ നേരം കൊണ്ട് പണം നഷ്ടപ്പെടുകയും ചെയ്യുന്നു.

തട്ടിപ്പ് രീതി ഇങ്ങനെ:-
"ആദ്യം സുഹൃത്തുക്കളുടെ മെസഞ്ചറിൽ ക്ഷേമം അന്വേഷിച്ച് തുടങ്ങും. തുടർന്ന് ഒരു സഹായം വേണം. അടിയന്തരമായി 10,000/20,000 രൂപ ഗൂഗിൾ പേയിലൂടെ അയയ്ക്കാമോ, നാളെ തിരിച്ചുതരാം" എന്നാണ് ചോദിക്കുക. ഗൂഗിൾ പേ ഇല്ലെന്ന് അറിയിക്കുന്നവർക്ക് സുഹൃത്തിന്റേതാണ് എന്നു പറഞ്ഞ് ഒരു അക്കൗണ്ട് നമ്പറും നൽകും. പിന്നീടും സന്ദേശമാണ്.

പണം കിട്ടില്ലെങ്കിൽ പിന്നെയും സന്ദേശം, അയച്ചോ, എപ്പോൾ അയയ്ക്കും, എത്ര സമയമെടുക്കും എന്നൊക്കെ അറിയാവുന്ന ഇംഗ്ലിഷിൽ ചോദിച്ച് തുടരും. മലയാളത്തിൽ ചോദിച്ചാൽ മറുപടി കിട്ടില്ല. പണം കിട്ടില്ലെന്ന് ഉറപ്പായാൽ സ്ഥലം വിടും. സുഹൃത്തുക്കളിലൂടെ വിവരം അറിയുന്ന യഥാർഥ വ്യക്തി പരാതിപ്പെടുകയോ സന്ദേശം കിട്ടിയ വ്യക്തികളിൽ ഒട്ടേറെ പേർ വ്യാജ പ്രൊഫൈലാണെന്ന് റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ മാത്രമേ നടപടിയുണ്ടാകൂ. ഇതിനുപക്ഷേ, കാലതാമസം എടുക്കും.

അതുവരെ വ്യാജന്മാർ സന്ദേശം അയച്ചുകൊണ്ടിരിക്കും. ജോലി തിരക്കുമൂലമോ മറ്റോ ഒത്തുനോക്കാനോ യഥാർഥ സുഹൃത്തിനെ നേരിൽ ബന്ധപ്പെട്ട് ചോദിച്ചറിയാനോ സമയമില്ലാത്തവരിൽ ആരെങ്കിലും പണം അയയ്ക്കുമെന്നാണ് തട്ടിപ്പുകാരുടെ പ്രതീക്ഷ. ഈ പശ്ചാത്തലത്തിൽ തട്ടിപ്പുകാരിൽനിന്ന് രക്ഷനേടാനുള്ള വഴികൾ സൈബർ സെക്യൂരിറ്റി വിദഗ്ധനും അബുദാബി ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പ് ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫിസറും കാഞ്ഞങ്ങാട് സ്വദേശിയുമായ ഇല്യാസ് കൂളിയങ്കാൽ വിശദീകരിക്കുന്നു.

സോഷ്യൽ മീഡിയയിലെ സുരക്ഷാ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാത്തത് മുതലെടുത്താണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തിൽ പല രീതിയിൽ ജനങ്ങളെ കബളിപ്പിച്ച് പണം തട്ടുന്നു. വിവിധ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരുണ്ട്. എന്നാൽ അടുത്തിടെ നിർമിച്ച വ്യാജ പ്രൊഫൈലുകളിൽ പലതും വടക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ളതാണും സൂചന ഉണ്ട്.

അതേസമയം, യു എ ഇ യിലെ നൂറുകണക്കിന് വ്യാജ അക്കൗണ്ടുകൾ സൈബർ സെക്യൂരിറ്റി വിദഗ്ധർ ഇടപെട്ട് തടഞ്ഞു വരികയാണ്. പ്രമുഖ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും വെബ്സൈറ്റുകളുടെയും മൊബൈൽ ആപ്പുകളുടെയും പേരിൽ നിർമിച്ചവയാണ് ഇത്. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം ട്വിറ്റർ, ലിങ്ക്ഡ് ഇൻ, വാട്സാപ് തുടങ്ങി ഒട്ടുമിക്ക സമൂഹ മാധ്യമ അക്കൗണ്ടുകളുടെയും വ്യാജ പ്രൊഫൈൽ തട്ടിപ്പുകാർ ഉണ്ടാക്കുന്നു. എന്നാൽ ഫെയ്സ് ബുക്കിലാണ് തട്ടിപ്പ് വ്യാപകം എന്നാണ് വിവിരം.

വ്യാജ പ്രൊഫൈൽ അടിയന്തരമായി ചെയ്യേണ്ടത് എന്ത് ?
∙ വ്യാജന്മാരെകുറിച്ച് തെളിവു സഹിതം ഉടൻ ഫെയ്സ് ബുക്കിനെ ഉടൻ അറിയിക്കുക.
∙ സ്വന്തം പ്രൊഫൈലിന്റെ സുരക്ഷ ശക്തമാക്കുക.
∙ വ്യാജ പ്രൊഫൈലിനെ കുറിച്ച് ഫെയ്സ്ബുക്കിൽ പൊതുവായും സുഹൃത്തുക്കൾക്ക് സ്വകാര്യമായും സന്ദേശം അയച്ച് ചതിയിൽ പെടരുതെന്ന് മുന്നറിയിപ്പ് നൽകുക.
∙ ഒറിജിനൽ അക്കൗണ്ട് വേിഫൈഡ് ആക്കാൻ ഫെയ്സ്ബുക്കിനോട് ആവശ്യപ്പെടാം.

അതേസമയം, സ്വന്തം ഫോണിലും ബ്രൗസറിലും മാത്രം പ്രൊഫൈൽ തുറക്കാവുന്ന രീതിയിൽ ആക്കുക. മറ്റാരെങ്കിലും നമ്മുടെ പ്രൊഫൈൽ ഹാക്ക് ചെയ്താൽ പ്രസ്തുത വ്യക്തിക്ക് അനുമതി നൽകണോ തിരസ്കരിക്കണോ എന്ന ചോദ്യം നമുക്ക് സന്ദേശമായി എത്തുന്ന രീതിയാണിത്. അല്ലെങ്കിൽ ഫെയ്സ് ബുക് ആപ്പിൽ കോഡ് ജനറേറ്റർ ഉപയോഗിച്ചും സുരക്ഷിതമാക്കാം. വ്യക്തിയുടെ ഫോൺ നമ്പർ, വിലാസം, ഇ-മെയിൽ തുടങ്ങിയ വിവരങ്ങൾ ഉപയോഗിച്ച് ബ്ലാക് മെയിൽ ചെയ്യാൻ സാധ്യതയുള്ളതിനാൽ "മി ഒൺലി" എന്നാക്കുക. സുഹൃദ് പട്ടികയിൽ ഉള്ളവർ യഥാർഥ സുഹൃത്തുക്കളാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക. സുഹൃത്തുക്കളാകാനുള്ള അപേക്ഷകൾ നന്നായി പഠിച്ചും പരിശോധിച്ചും ഉറപ്പു വരുത്തി മാത്രം സ്വീകരിക്കുക.












Click it and Unblock the Notifications