Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാനിലെ ഇന്ത്യന്‍ തിരിച്ചടിയില്‍ പ്രതികരണവുമായി ചൈന, ' ഇത് ഖേദകരം'

ബീജിംഗ്: പഹല്‍ഗാമിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക ആക്രമണത്തില്‍ പ്രതികരണവുമായി ചൈന. പാകിസ്ഥാനെതിരായ ഇന്ത്യയുടെ സൈനിക നടപടി ഖേദകരമാണ് എന്നായിരുന്നു ചൈനയുടെ പ്രതികരണം. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ആണ് ഇത് സംബന്ധിച്ച പ്രതികരണം നടത്തിയത്. നിലവിലുള്ള സാഹചര്യത്തില്‍ ആശങ്കയുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ച് വരുന്നതിനിടെ മേയ് 7 ന് പുലര്‍ച്ചെ പാകിസ്ഥാനിലെ ചില കേന്ദ്രങ്ങളില്‍ ഇന്ത്യ സൈനിക ആക്രമണം നടത്തി. ഇതിന് പിന്നാലെ പാകിസ്ഥാനും വെടിവെപ്പ് നടത്തി. ഈ സംഭവത്തില്‍ ചൈനയുടെ അഭിപ്രായം എന്താണ് എന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവിനോട് ചോദിച്ചത്. ഇതിന് ഇന്ത്യയുടെ സൈനിക നടപടി ഖേദകരമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

Opertaion Sindoor

'നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇന്ത്യയും പാകിസ്ഥാനും എപ്പോഴും പരസ്പരം അയല്‍ക്കാരാണ്. അവര്‍ രണ്ടുപേരും ചൈനയുടെ അയല്‍ക്കാരാണ്. എല്ലാത്തരം ഭീകരതയെയും ചൈന എതിര്‍ക്കുന്നു. സമാധാനത്തിന്റെയും സ്ഥിരതയുടെയും വലിയ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനും, ശാന്തത പാലിക്കാനും, സംയമനം പാലിക്കാനും, സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്ന നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും ഞങ്ങള്‍ ഇരു കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു,' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേസമയം പാകിസ്ഥാനിലെ സൈനിക നടപടി സര്‍ക്കാര്‍ സ്ഥിരീകരിച്ചതിനുശേഷം, മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ യുഎസ്, യുകെ, സൗദി അറേബ്യ, യുഎഇ, റഷ്യ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ഇത് പ്രതീക്ഷിച്ചിരുന്നതാണ് എന്നും സംഘര്‍ഷം വേഗത്തില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സാഹചര്യം താന്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പറഞ്ഞു. അതേസമയം സംയമനം പാലിക്കാനും സംഘര്‍ഷം കുറയ്ക്കാനും ഇന്ത്യയും പാകിസ്ഥാനും ആത്മാര്‍ത്ഥമായി പരിശ്രമിക്കണം എന്ന് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആഹ്വാനം ചെയ്തു.

എന്നാല്‍ സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇന്ത്യയ്ക്കുണ്ട് എന്നായിരുന്നു ഇസ്രായേലിന്റെ പ്രതികരണം. ഇന്ത്യയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ ഇസ്രായേല്‍ പിന്തുണയ്ക്കുന്നുവെന്ന് ഇന്ത്യയിലെ അംബാസഡര്‍ പറഞ്ഞു. നിരപരാധികള്‍ക്കെതിരായ ഭീകരരുടെ ഹീനമായ കുറ്റകൃത്യങ്ങളില്‍ നിന്ന് അവര്‍ക്ക് രക്ഷപ്പെടാനാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യ നടത്തിയ സൈനിക നടപടികളില്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആശങ്ക രേഖപ്പെടുത്തി. ഇന്ത്യയും പാകിസ്ഥാനും പരമാവധി സൈനിക സംയമനം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ ലോകത്തിന് താങ്ങാനാവില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബുധനാഴ്ച പുലര്‍ച്ചെയാണ് പാകിസ്ഥാനിലും പാകിസ്ഥാന്‍ അധിനിവേശ ജമ്മു കശ്മീരിലും ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയത്. നിരോധിത ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ ഗ്രൂപ്പുകളുടെ ആസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നായിരുന്നു ദൗത്യത്തിന് സേന നല്‍കിയ പേര്.

ഇന്ത്യ ലക്ഷ്യം വെച്ച ഒമ്പത് സ്ഥലങ്ങളില്‍ ബഹവല്‍പൂരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനവും പാകിസ്ഥാന്‍ പഞ്ചാബിലെ മുരിദ്കെയിലെ എല്‍ഇടിയും ഉള്‍പ്പെടുന്നു. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചുള്ളതും അളക്കപ്പെട്ടതും വ്യാപന സ്വഭാവമില്ലാത്തതുമാണെന്നും സൈന്യം വ്യക്തമാക്കി. തങ്ങള്‍ പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളൊന്നും ലക്ഷ്യമിട്ടിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

അതേസമയം ചൊവ്വാഴ്ച രാത്രി ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും പാകിസ്ഥാന്‍ നടത്തിയ ഏകപക്ഷീയമായ വെടിവയ്പ്പും പീരങ്കി ഷെല്ലാക്രമണവും മൂലം പത്ത് സാധാരണക്കാര്‍ കൊല്ലപ്പെടുകയും 30 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് സൈന്യം അറിയിച്ചു.ഇന്ത്യ ഇതിന് ഉചിതമായ മറുപടി നല്‍കിയതായും സൈന്യം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+