'നമ്മുടെ രാജ്യം നരകത്തിലേക്ക് പോവുന്നു': അറസ്റ്റിലായതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ഡൊണാള്‍ഡ് ട്രംപ്
അശ്ലീല ചിത്ര താരത്തിന് പണം നല്‍കിയെന്ന കേസില്‍ കോടതിയില്‍ ഹാജരായി അറസ്റ്റ് വരിച്ചതിന് പിന്നാലെ ബൈഡന്‍ ഭരണ കൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക നാശത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം അമേരിക്കയിൽ ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. നമ്മുടെ രാജ്യത്തെ നിർഭയമായി സംരക്ഷിക്കുക എന്നതാണ് ഞാൻ ചെയ്ത ഒരേയൊരു കുറ്റമെന്നും അദ്ദേഹം അഭിപ്രായപെട്ടു.
തന്നെ പിന്തുണയ്ക്കുന്ന ജനങ്ങളെ അഭിസംബോധന ചെയ്ത അദ്ദേഹം "നമ്മുടെ രാജ്യം നരകത്തിലേക്ക് പോകുകയാണ്" എന്നും അഭിപ്രായപ്പെട്ടു. തനിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തിയതിന് ന്യൂയോർക്ക് പ്രോസിക്യൂട്ടർ ആൽവിൻ ബ്രാഗിനെതിരേയും അദ്ദേഹം ആഞ്ഞടിച്ചു.

വരാനിരിക്കുന്ന 2024ലെ തെരഞ്ഞെടുപ്പിൽ ഇടപെടാൻ വേണ്ടി മാത്രമാണ് ഈ വ്യാജ കേസ് കൊണ്ടുവന്നതെന്നും ഉടൻ തന്നെ കേസ് പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2024ലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് നോമിനേഷനായുള്ള മത്സരത്തിൽ മുൻനിരക്കാരനായ ഡോണൾഡ് ട്രംപ് ജോ ബൈഡൻ ഭരണകൂടത്തെ രൂക്ഷമായ ഭാഷയില്‍ വിമർശിക്കുകയും ചെയ്തു. "എന്തുവിലകൊടുത്തും" തന്നെ കീഴടക്കാനായിരുന്നു ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
"അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട മണിക്കൂറുകളിലൂടെ നമ്മൾ കടന്ന് പോവുമ്പോള്‍, ഈ നിമിഷമെങ്കിലും ഞാൻ വലിയ ഉത്സാഹത്തിലാണ് എന്ന് എനിക്ക് പറയാൻ കഴിയും,"- അദ്ദേഹം പറഞ്ഞു. നമ്മുടെ തുറന്ന അതിർത്തികൾക്കും അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിച്ചതിനും ലോകം ഇതിനകം നമ്മളെ നോക്കി ചിരിക്കുന്നു," റിപ്പബ്ലിക്കൻ നേതാവ് കൂട്ടിച്ചേർത്തു.
കുറ്റം മറച്ചുവയ്ക്കാൻ വ്യാജരേഖകൾ ഉണ്ടാക്കിയതടക്കം 34 കുറ്റങ്ങളാണു അമേരിക്കന്‍ മുന്‍ പ്രസിഡന്റിനെതിരെ ചുമത്തിയത്. കോടതിയില്‍ കുറ്റപത്രം വായിച്ചുകേട്ട ട്രംപ് എല്ലാ ആരോപണങ്ങളും നിഷേധിച്ചു. കേസിലെ അടുത്ത വാദം ഡിസംബർ 4 ലേക്ക് മാറ്റി. ഒരു മണിക്കൂറിലേറെ നീണ്ട നടപടി ക്രമങ്ങള്‍ക്ക് ശേഷമാണ് ട്രംപ് കോടതി വിട്ട് ഫ്ലോറിഡയിലേക്കു മടങ്ങിയത്. കേസുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിലെ ട്രംപിന്റെ പ്രകോപനപരമായ പരാമർശങ്ങൾക്കെതിരെ ജഡ്‌ജി താക്കീത് നല്‍കുകയും ചെയ്തു.
2008 ൽ രതിചിത്ര നടി സ്റ്റോമി ഡാനിയേൽസുമായുണ്ടായ വഴിവിട്ട ബന്ധമാണ് ട്രംപിനെ ഇപ്പോള്‍ കുരുക്കിയിരിക്കുന്നത്. 2016 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇത്തരമൊരു ആരോപണം ഉയർന്നപ്പോള്‍ ഈ ആരോപണം ഒതുക്കി തീർക്കാന്‍ 1.30 ലക്ഷം ഡോളർ നടിക്ക് നല്‍കിയെന്നാണ് ട്രംപിനെതിരായ കേസ്. ഇതോടെ ക്രിമിനല്‍ കേസില്‍ അറസ്റ്റിലാകുന്ന ആദ്യ അമേരിക്കന്‍ മുന്‍ പ്രസിഡന്റുമായി ട്രംപ്.
Vastu Tips: വാതിലിന് കറുപ്പ് നിറമാണെങ്കില്‍ ദോഷമോ? ഏറ്റവും അനുയോജ്യമായ നിറം ഏത്, വാസ്തു പറയുന്നത്












Click it and Unblock the Notifications