യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയോട് ഇങ്ങനെ പെരുമാറുമോ? സുപ്രീംകോടതി വിധി നിരാശാജനകമെന്ന് ഇമ്രാന്‍ ഖാന്‍
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് പിന്നില്‍ വിദേശ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് പാക് ഇടക്കാല പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തന്റെ സര്‍ക്കാരിനെതിരായ അവിശ്വാസ വോട്ട് നാഷണല്‍ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ പിരിച്ചുവിട്ട നടപടി അസാധുവാക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തില്‍ നിരാശയുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ ഗൂഢാലോചനയുടെ തെളിവുകളെങ്കിലും സുപ്രീം കോടതി പരിശോധിക്കേണ്ടതായിരുന്നുവെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പ്രതിപക്ഷ പാളയത്തില്‍ വ്യാപകമായ കുതിര കച്ചവടം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഏത് രാജ്യത്തിന്റെ ജനാധിപത്യമാണ് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ അനുവദിക്കുന്നത്,' പാകിസ്ഥാന്‍ സുപ്രീം കോടതി ഇത്തരം പ്രവര്‍ത്തനങ്ങളെ സ്വമേധയാ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കനത്ത ഹൃദയത്തോടെയാണെങ്കിലും സുപ്രീം കോടതി വിധിയെ താന്‍ അംഗീകരിക്കുന്നു എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. രാഷ്ട്രീയക്കാരുടെയും പാര്‍ലമെന്റംഗങ്ങളുടെയും കുതിര കച്ചവടത്തില്‍ സുപ്രീം കോടതി സ്വമേധയാ നടപടി സ്വീകരിക്കും എന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
ഞാന്‍ രാജ്യത്തോട് അഭ്യര്‍ത്ഥിക്കുന്നു, സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വിദേശ ശ്രമത്തില്‍ പ്രതിഷേധിച്ചില്ലെങ്കില്‍ നിങ്ങളുടെ ഭാവി അപകടത്തിലാക്കും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഞങ്ങളുടെ യു എസ് പ്രതിനിധി ചില അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എന്റെ റഷ്യ യാത്രയെ അവര്‍ എതിര്‍ത്തു. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പായിരുന്നു ഇതെല്ലാം, അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു.
ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ നിലനില്‍ക്കുകയാണെങ്കില്‍ പാകിസ്ഥാന്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അവര്‍ പറഞ്ഞു. പക്ഷേ തോറ്റാല്‍ പാകിസ്ഥാനോട് ക്ഷമിക്കും. ഇതിനര്‍ത്ഥം അവര്‍ക്ക് തിരക്കഥകള്‍ നന്നായി അറിയാമായിരുന്നു. യൂറോപ്യന്‍ യൂണിയന് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രസ്താവന നടത്താന്‍ ഇന്ത്യയോട് ആവശ്യപ്പെടാന്‍ കഴിയില്ല, പക്ഷേ പാകിസ്ഥാന്‍ അത് ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുന്നു എന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് നടത്താത്തതില്‍ പാക് സുപ്രീം കോടതി ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം തള്ളാനുള്ള നാഷണല്‍ അസംബ്ലി ഡെപ്യൂട്ടി സ്പീക്കറുടെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് പാകിസ്ഥാന്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് പറഞ്ഞു. ഏകകണ്ഠമായാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.












Click it and Unblock the Notifications