പാകിസ്ഥാനില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ല, തൂക്കുസഭക്ക് സാധ്യത... വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക്
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ അനിശ്ചിതത്വം തുടരുന്നു. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാജ്യത്ത് തൂക്കുസഭയായിരിക്കും വരിക എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്‍ക്കും കേവലഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകള്‍ ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കും എന്ന അവകാശവാദവുമായി ഇമ്രാന്‍ ഖാന്റെ പി ടി ഐയും നവാസ് ഷെരീഫിന്റെ പി എം എല്‍ എന്നും രംഗത്തെത്തിയിട്ടുണ്ട്.
നിലവിലെ കണക്കുകള്‍ പ്രകാരം ജയിലില്‍ കിടക്കുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പി ടി ഐയുമായി ബന്ധമുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ പി എം എല്‍ എന്‍, പി പി പി കക്ഷികളേക്കാള്‍ കൂടുതല്‍ സീറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ അസംബ്ലിയില്‍ ആകെയുള്ള 266 സീറ്റുകളില്‍ 99 സീറ്റുകളും പി ടി ഐയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ നേടിയിട്ടുണ്ട് എന്നാണ് വിവരം.

പി എം എല്‍ എന്‍ 71 ഉം പി പി പി 53 ഉം നേടി. 28 ഓളം സീറ്റുകളുടെ ഫലം ഇനിയും പുറത്ത് വരാനുണ്ട്. ബാക്കിയുള്ള സീറ്റുകള്‍ എല്ലാം വിജയിച്ചാലും പി എം എല്‍ എന്നിനോ പി പി പി ക്കോ ലീഡ് നല്‍കാന്‍ പര്യാപ്തമല്ല. അതേസമയം ഏറ്റവും വലിയ ഒറ്റക്കക്ഷിയായാലും പി ടി ഐക്ക് കേവല ഭൂരിപക്ഷം ലഭിക്കുമോ എന്ന കാര്യത്തിലും സംശയമാണ്. ഇതോടെ രാജ്യത്ത് തൂക്കുസഭ ഉറപ്പായി.
അതേസമയം രാജ്യത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ പി എം എല്‍ എന്‍ ആരംഭിച്ചിട്ടുണ്ട്. പി പി പിയുമായി സഖ്യം ചേരാന്‍ പി എം എല്‍ എന്‍ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം. മറ്റുള്ളവരുടെ പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ക്ക് മതിയായ ഭൂരിപക്ഷമില്ല എന്ന് നവാസ് ഷെരീഫ് സമ്മതിച്ചിട്ടുണ്ട്. സഖ്യകക്ഷികളെ സഖ്യത്തിലേക്ക് ക്ഷണിക്കുന്നു എന്നും പാകിസ്ഥാന്റെ പ്രശ്നങ്ങളില്‍ നിന്ന് കരകയറാന്‍ സംയുക്ത ശ്രമങ്ങള്‍ നടത്താം എന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ പാര്‍ട്ടിയാണ് പി പി പി. ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ-സര്‍ദാരിയാണ് പി പി പി നേതാവ്. അതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ പ്രാദേശിക മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളെയാണ് അന്താരാഷ്ട്ര മാധ്യമങ്ങളും ആശ്രയിക്കുന്നത്.












Click it and Unblock the Notifications