പാകിസ്താന്‍ പാർലമെന്റ് പിരിച്ചു വിട്ടു: ഇമ്രാന്‍ ഖാനില്ലാതെ പുതിയ തിരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം
ഇസ്ലാമാബാദ്: രാഷ്ട്രീയ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും ശക്തമായി തുടരുന്നതിനിടെ പാകിസ്താന്‍ പാർലമെന്റ് പിരിച്ചുവിട്ടു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ശുപാർശ പ്രകാരമാണ് പാകിസ്ഥാൻ പാർലമെന്റ് ബുധനാഴ്ച വൈകിട്ടോടെ പിരിച്ചുവിട്ടത്. ഇതോടെ രാജ്യത്ത് പുതിയ പൊതുതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. അടുത്ത സർക്കാർ അധികാരത്തില്‍ വരുന്നത് വരെ ഷെഹ്ബാസ് ഷെരീഫ് കാവല്‍ പ്രധാനമന്ത്രിയായി തുടരും.
"ഇന്ന് രാത്രി, സഭയുടെ അനുമതിയോടെ, ദേശീയ അസംബ്ലി പിരിച്ചുവിടുന്നതിനുള്ള ഉപദേശം ഞാൻ പ്രസിഡന്റിന് അയയ്ക്കും." ബുധനാഴ്ച ദേശീയ അസംബ്ലിയിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ പ്രധാനമന്ത്രി ഷരീഫ് പറഞ്ഞു. പാർലമെന്റിന്റെ അധോസഭയുടെ കാലാവധി അവസാനിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് പിരിച്ചുവിടലിനുള്ള പ്രധാനമന്ത്രി ഷെരീഫിന്റെ ഉപദേശം പ്രസിഡന്റ് അൽവിക്ക് അയച്ചത്.

പുതിയ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മത്സരിക്കാന്‍ കഴിയില്ലെന്നതാണ് ശ്രദ്ധേയം. 2022 ഏപ്രിലിൽ അധികാരത്തിൽ നിന്ന് നീക്കം ചെയ്തതിന് ശേഷം അദ്ദേഹത്തിനെതിരെ ചുമത്തിയ നിരവധി അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ട് ഇമ്രാന്‍ ഖാന്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്. പുതിയ ഇടക്കാല പ്രധാനമന്ത്രിയെ നിയമിക്കാൻ മൂന്നുദിവസവും പൊതുതിരഞ്ഞെടുപ്പ് നടത്താൻ 90 ദിവസവുമാണ് പാക് പ്രസിഡന്റ് സ്ഥാനമൊഴിയുന്ന സർക്കാരിന് നൽകിയത്. എന്നാൽ, അടുത്ത വർഷം വരെ തിരഞ്ഞെടുപ്പ് നീട്ടിയേക്കുമെന്നാണ് സ്ഥാനമൊഴിയുന്ന സർക്കാർ നല്‍കുന്ന സൂചന.
തിരഞ്ഞെടുപ്പില്‍ നിന്നും ഇമ്രാന്‍ ഖാനെ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പാർലമെന്റ് നേരത്തെ പിരിച്ച് വിട്ടതെന്നും റിപ്പോർട്ടുണ്ട്. 2018-ൽ രാജ്യത്ത് നടന്ന കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ഇമ്രാന്‍ ഖാന്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ആയിരുന്നു ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത്. പിന്നാലെ മുൻ ക്രിക്കറ്റ് താരം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു.
പൊതുതിരഞ്ഞെടുപ്പ് വീണ്ടും ആസന്നമായിരിക്കെ സൈന്യത്തിന്റെ ഇടപെടലും നിർണ്ണായകമാണ്. 1947 മുതൽ കുറഞ്ഞത് മൂന്ന് വിജയകരമായ അട്ടിമറികളെങ്കിലും നടത്തിയ ചരിത്രം പാകിസ്ഥാൻ സൈന്യത്തിനുണ്ട്. നിലവിലെ അസ്ഥിരത സൈന്യത്തിന് കൂടുതല്‍ അനുകൂല സാഹചര്യം ഒരുക്കുമെങ്കിലും അവർ അത്തരമൊരു നീക്കത്തിന് മുതിർന്നേക്കില്ലെന്നാണ് സർക്കാറിന്റെ പ്രതീക്ഷ.
ഇമ്രാന്‍ ഖാന്റെ പുറത്താകലില്‍ വരെ സൈന്യത്തിന്റെ ഇടപെടലുള്ളതായി അഭ്യുഹമുണ്ട്. സൈന്യം രാഷ്ട്രീയത്തിൽ ഇടപെട്ടു എന്നാരോപിച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൈന്യത്തിനെതിരെ രംഗത്ത് വന്നിരുന്നു. നവംബറിൽ തനിക്ക് നേരെ നടന്ന വധശ്രമത്തിന്റെ സൂത്രധാരൻ ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications