പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വീടിന് നേരെ ബോംബേറ്; മുന്‍ വിദേശകാര്യ മന്ത്രി ഖുറേഷി അറസ്റ്റില്‍
ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ് പാകിസ്താനില്‍. സമരക്കാര്‍ പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫിന്റെ വീട് ആക്രമിച്ചു എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ലാഹോറിലെ ഷഹ്ബാസിന്റെ വസതിക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. പ്രധാന തെരുവുകളില്‍ സൈന്യത്തെ വിന്യസിച്ചിട്ടും പ്രതിഷേധം നിലച്ചിട്ടില്ല.
ഇമ്രാന്‍ ഖാന്റെ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) യിലെ പ്രമുഖരായ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും ഇതില്‍പ്പെടും. ആയിരക്കണക്കിന് പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്. ഏത് സമയവും രാജ്യത്ത് ആഭ്യന്തര യുദ്ധമുണ്ടായേക്കാമെന്ന അവസ്ഥയിലാണ് പാകിസ്താന്‍. സൈന്യം നിയന്ത്രണം ഏറ്റെടുക്കുമോ എന്നും അറിയേണ്ടതുണ്ട്.

500 ഓളം പേരാണ് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിന്റെ വസതി ആക്രമിച്ചത്. ലാഹോറാലെ മോഡല്‍ ടൗണിലുള്ള വസതിയാണ് ആക്രമിക്കപ്പെട്ടത്. പുലര്‍ച്ചെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ സമരക്കാര്‍ കത്തിച്ചു. വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞുവെന്നും പഞ്ചാബ് പോലീസ് അറിയിച്ചു. മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ജനക്കൂട്ടം വരുന്ന വേളയില്‍ ഗാര്‍ഡുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. സമീപത്തെ പോലീസ് കാവല്‍പുരയ്ക്ക് തീവച്ചാണ് അക്രമികള്‍ എത്തിയത്. വിവരം അറിഞ്ഞ് കൂടുതല്‍ പോലീസുകാര്‍ എത്തിയതോടെ സമരക്കാര്‍ രക്ഷപ്പെടുകയായിരുന്നു. മോഡല്‍ ടൗണിലെ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ പ്രധാന ഓഫീസ് അക്രമികള്‍ കത്തിച്ചു. ഇവിടെയുണ്ടായിരുന്ന വാഹനങ്ങളെല്ലാം തീയിട്ടു.
14 പോലീസ് കാര്യാലയങ്ങളും 21 പോലീസ് വാഹനങ്ങളും പഞ്ചാബില്‍ തകര്‍ത്തു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് ഇതെല്ലാം നടന്നത്. ലാഹോറിലെ സൈനിക കേന്ദ്രം ചൊവ്വാഴ്ച സമരക്കാര്‍ ആക്രമിച്ചിരുന്നു. ഇവിടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ കൊള്ളയടിച്ചു. പഞ്ചാബ് പ്രവിശ്യയിലെ പല നഗരങ്ങളിലും ജനക്കൂട്ടം അഴിഞ്ഞാടുകയാണ്.

പിടിഐ പ്രവര്‍ത്തകരും പോസീസും പലയിടത്തും നേരിട്ട് ഏറ്റുമുട്ടി. ഇതുവരെ 8 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക വിവരം. ഇതിനേക്കാള്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. 500ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്ലാമാബാദ്, പഞ്ചാബ്, ഖൈബര്‍ പക്തുന്‍ക്വ, ബലൂചിസ്താന്‍ പ്രവിശ്യകളിലെല്ലാം സൈന്യത്തെ വിന്യസിച്ചു.
അതിനിടെയാണ് മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖൂറേഷിയെ അറസ്റ്റ് ചെയ്തത്. ഇമ്രാന്‍ ഖാന്റെ അടുത്ത വൃത്തങ്ങളില്‍ പെട്ട വ്യക്തിയാണ് ഇദ്ദേഹം. സിവില്‍ ഡ്രസിലെത്തിയവരാണ് അറസ്റ്റ് ചെയ്തത്. ഇതിന്റെ വീഡിയോ പുറത്തുവന്നു. നേരത്തെ ഇദ്ദേഹത്തെ കരുതല്‍ തടവിലാക്കിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഇസ്ലാമാബാദില്‍ നിന്നുള്ള പോലീസെത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് പിടിഐ നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications