ക്രൂരമായി പീഡിപ്പിച്ചുവെന്ന് ഇമ്രാന്‍ ഖാന്‍; മുഖം കൊടുക്കാതെ കോടതി, 8 ദിവസം കസ്റ്റഡിയില്‍
ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ കോടതി എട്ട് ദിവസം അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. വിശദമായി ചോദ്യം ചെയ്യണമെന്ന അഴിമതി വിരുദ്ധ വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി തീരുമാനം. അതേസമയം, തന്നെ അറസ്റ്റ് ചെയ്ത പോലീസ് ക്രൂരമായി പീഡിപ്പിച്ചുവെന്ന് ഇമ്രാന്‍ ഖാന്‍ കോടതിയില്‍ പറഞ്ഞു.
ഇമ്രാന്‍ ഖാനെ 10 ദിവസം കസ്റ്റഡിയില്‍ വേണം എന്നാണ് ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ (നാബ്) കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി എട്ട് ദിവസം അനുവദിച്ചു. കേസില്‍ വാദം കേള്‍ക്കാനെത്തിയ വേളയിലാണ് ചൊവ്വാഴ്ച ഇമ്രാന്‍ ഖാനെ കോടതി പരിസരത്ത് വച്ച് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

ഇന്ന് പോലീസ് ആസ്ഥാനത്തേക്ക് ജഡ്ജിമാര്‍ എത്തുകയായിരുന്നു. തുടര്‍ന്ന് കോടതി ചേര്‍ന്ന ശേഷമാണ് നാബിന്റെ കസ്റ്റഡിയില്‍ വിടാന്‍ തീരുമാനിച്ചത്. കസ്റ്റഡിയില്‍ തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് ഇമ്രാന്‍ ഖാന്‍ കോടതിയില്‍ പറഞ്ഞു. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സമ്മതിച്ചില്ലെന്നും അദ്ദേഹം ബോധിപ്പിച്ചു. ഹൃദയാഘാതത്തിന് കാരണമാകുന്ന കുത്തിവയ്പ്പ് തനിക്ക് നല്‍കിയെന്നും ഇമ്രാന്‍ ഖാന്‍ അരോപിച്ചു.
കേസ് ഈ മാസം 17ലേക്ക് കോടതി മാറ്റിവച്ചു. അതേസമയം, ഇമ്രാന്‍ ഖാന്റെ അനുയായികള്‍ പാകിസ്താനില്‍ വന്‍ പ്രക്ഷോഭം നടത്തുകയാണ്. പല നഗരങ്ങളില്‍ സമരക്കാര്‍ അഴിഞ്ഞാടി. നിരവധി നാശനഷ്ടങ്ങളുണ്ട്. വാഹനങ്ങള്‍ കത്തിക്കുകയും സര്‍ക്കാര്‍ ഓഫീസ് ആക്രമിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം ലാഹോറിലെ സൈനിക കേന്ദ്രത്തിലേക്ക് സമരക്കാര്‍ ഇരച്ചുകയറിയിരുന്നു. സ്‌കൂളുകളും കോളജുകളും രാജ്യത്ത് അടച്ചിട്ടു. ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. സോഷ്യല്‍ മീഡിയ ആക്‌സസ് നിയന്ത്രിച്ചു. പ്രക്ഷോഭത്തിനിടെ നിരവധി സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യയിലാണ് സമരം കൂടുതല്‍ അക്രമാസക്തമായത്. ഇവിടെ സൈന്യത്തെ വിന്യസിച്ചു. ആയിരത്തോളം പേര്‍ അറസ്റ്റിലാണ്.
താന്‍ വീണ്ടും അധികാരത്തിലെത്തുന്നത് തടയാനാണ് അറസ്റ്റ് ചെയ്തതെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. അമേരിക്കയും അവരെ പിന്തുണയ്ക്കുന്നവരുമാണ് എല്ലാത്തിനും പിന്നില്‍. സര്‍ക്കാരും സൈന്യവും ഒരുമിച്ചാണ് തനിക്കെതിരെ നീങ്ങുന്നത് എന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.
പ്രധാനമന്ത്രി പദത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇമ്രാന്‍ ഖാന്‍ പുറത്താക്കപ്പെട്ടത്. അതിന് ശേഷം അദ്ദേഹം സൈന്യത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ആര്‍മി ഇന്റലിജന്‍സ് ഓഫീസര്‍ തന്നെ വധിക്കാന്‍ നോക്കി എന്ന ആക്ഷേപം ഉന്നയിച്ച പിന്നാലെയാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. 1947ല്‍ സ്വാതന്ത്ര്യം ലഭിച്ച ശേഷം പാകിസ്താനില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ നിരവധി തവണ അറസ്റ്റിലായിട്ടുണ്ട്.












Click it and Unblock the Notifications