മോഷണം: വേലക്കാരിയായ ബാലികയെ അടിച്ചുകൊന്നു
ഇസ്ലാമാബാദ്: പണം മോഷ്ടിച്ചു എന്നാരോപിച്ച് ജോലിക്ക് നിന്നിരുന്ന പെണ്‍കുട്ടിയെ അടിച്ചുകൊന്ന വീട്ടമ്മയെ പോലീസ് അറസ്റ്റു ചെയ്തു. പാകിസ്ഥാനിലെ ലാഹോറിലാണ് മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരസംഭവം അരങ്ങേറിയത്. ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ചയാണ് പെണ്‍കുട്ടി മരിച്ചത്.
കിഴക്കന്‍ പാകിസ്ഥാനിലെ ലാഹോറിനടുത്ത് കേവലം പത്ത് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയാണ് വീട്ടമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്. അടിയേറ്റ് ബോധരഹിതയായ പെണ്‍കുട്ടിയെ ഇവര്‍ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. ഏതാനും ദിവസത്തെ ചികിത്സയ്‌ക്കൊടുവില്‍ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

കുട്ടിയുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ട് സംശയം തോന്നിയ ഡോക്ടര്‍മാരാണ് പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തതോടെ ഭയന്നുപോയ വീട്ടമ്മ കുട്ടിയെ മര്‍ദ്ദിച്ച വിവരം സമ്മതിക്കുകയായിരുന്നു.
അമ്പത് രൂപയില്‍ താഴെ മാത്രമുള്ള പണം കാണുന്നില്ല എന്ന് പറഞ്ഞാണ് ഇവര്‍ കുട്ടിയെ മര്‍ദ്ദിച്ചത്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വീട്ടമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തതായി മുതിര്‍ന്ന പോലീസ് ഇന്‍സ്‌പെക്ടറായ മുഹമ്മദ് യൂസഫ് പറഞ്ഞു.
പാകിസ്ഥാനില്‍ ബാലവേല സാധാരണമായി കാണപ്പെടുന്നതാണ്. ബാലവേല നിരോധിക്കുന്നതോ പണിയെടുക്കുന്നതിന് കുറഞ്ഞ പ്രായപരിധിയോ സംബന്ധിച്ച നിയമങ്ങള്‍ രാജ്യത്തില്ല. പാവപ്പെട്ട വീടുകളിലെ പെണ്‍കുട്ടികള്‍ അന്യവീടുകളില്‍ ജോലിക്ക് നില്‍ക്കുന്നത് പാകിസ്ഥാനിലെ പതിവാണ്. ഇവരെ ശാരീരികമായി വീട്ടുടമകള്‍ പീഡിപ്പിക്കുന്ന വാര്‍ത്തകളും ഇവിടങ്ങളില്‍ പതിവ് വാര്‍ത്തകളില്‍പ്പെടുന്നു.












Click it and Unblock the Notifications