പ്രാര്‍ഥനയ്ക്കിടെ ഇന്ത്യയില്‍ പോലും വിശ്വാസികള്‍ കൊല്ലപ്പെടുന്നില്ലെന്ന് പാകിസ്താന്‍ മന്ത്രി
ആക്രമണത്തില്‍ ഇന്ത്യ ആഗാധമായ ദുഃഖം രേഖപ്പെടുത്തി

ഇസ്ലാമാബാദ്: പെഷാവറില്‍ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖാജ ആസിഫ്. ഇന്ത്യയില്‍ പോലും പ്രാര്‍ഥനാ സമയം വിശ്വാസികള്‍ കൊല്ലപ്പെടുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാകിസ്താന്‍ പാര്‍ലമെന്റായ ദേശീയ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലോ ഇസ്രായേലിലോ പോലും ഇത്തരത്തില്‍ സംഭവിക്കുന്നില്ല. എന്നാല്‍ പാകിസ്താനില്‍ വിശ്വാസികള്‍ പള്ളിയില്‍ കൊല്ലപ്പെടുന്നു. ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പാകിസ്താന്‍ മന്ത്രി പറഞ്ഞു.
പെഷാവറില്‍ പ്രധാന പള്ളിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സ്‌ഫോടനമുണ്ടായത്. ഭീകരതക്കെതിരെ ഒറ്റക്കെട്ടായി പോരാടണം. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി അധികാരത്തിലിരുന്ന വേളയിലാണ് ഇത്തരം ആക്രമണങ്ങള്‍ പാകിസ്താനില്‍ തുടങ്ങിയത്. സ്വാത് താഴ്‌വരയില്‍ നിന്നാണ് ഇതിന്റെ ആരംഭം. നവാസ് ശെരീഫ് ഭരിച്ചിരുന്ന വേളയില്‍ ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിച്ചിരുന്നു. കറാച്ചി മുതല്‍ സ്വാത് വരെ സമാധാനം പുനസ്ഥാപിച്ചതാണെന്നും ഖാജ ആസിഫ് പറഞ്ഞു.

അഫ്ഗാനില്‍ നിന്നുള്ളവര്‍ പാകിസ്താനില്‍ വന്ന് താമസം തുടങ്ങിയതോടെ ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലിയില്ലാതായി. ഇത്തരത്തില്‍ വന്നവര്‍ക്കെതിരെ സ്വാതില്‍ പ്രതിഷേധം നടന്നത് നാം കണ്ടതാണ്. വാനയിലും സമാനമായ പ്രതിഷേധം നടന്നു. പള്ളിയില്‍ നടന്ന ഉച്ചയ്ക്കുള്ള പ്രാര്‍ഥനയ്ക്കിടെ അക്രമി മുന്‍നിരയില്‍ തന്നെ ഇടംപിടിച്ചിരുന്നു. ശേഷം പൊട്ടിത്തെറിക്കുകയാണുണ്ടായതെന്നും പാകിസ്താന്‍ പ്രതിരോധ മന്ത്രി പറഞ്ഞു.
അതേസമയം, പെഷാവര്‍ ആക്രമണത്തിന് ഇന്ത്യ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി ട്വീറ്റ് ചെയ്തു. ആക്രമണത്തെ അപലപിപ്പിക്കുന്നു. നിരവധി പേരുടെ മരണത്തിനാണ് ആക്രമണം ഇടയാക്കിയത് എന്നും അദ്ദേഹം ചൂണ്ടിക്കട്ടി. ആക്രമണത്തിന്റെ ഉത്തരവാദിത്തം കഴിഞ്ഞ ദിവസം പാകിസ്താനിലെ താലിബാന്‍ ഏറ്റെടുത്തിരുന്നു. നേരത്തെയും പാകിസ്താനില്‍ നിരവധി ആക്രമണങ്ങള്‍ ഈ സംഘം നടത്തിയിരുന്നു.












Click it and Unblock the Notifications