നരേന്ദ്ര മോദി ഇസ്രായേലിനൊപ്പം; പലസ്തീനില്‍ പോവില്ല, ചരിത്രം വഴിമാറുന്നു, ഇന്ത്യ എങ്ങോട്ട്?

ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത് എന്നതു മാത്രമല്ല ഈ യാത്രയുടെ പ്രത്യേകത, തൊട്ടടുത്ത പലസ്തീന്‍ രാഷ്ട്രം മോദി സന്ദര്‍ശിക്കില്ലെന്നതും യാത്രയെ വേറിട്ട് നിര്‍ത്തുന്നു.

ദില്ലി: പ്രധാമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിലേക്ക് പോവുന്നത് ജൂലൈയിലാണ്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത് എന്നതു മാത്രമല്ല ഈ യാത്രയുടെ പ്രത്യേകത, തൊട്ടടുത്ത പലസ്തീന്‍ രാഷ്ട്രം മോദി സന്ദര്‍ശിക്കില്ലെന്നതും യാത്രയെ വേറിട്ട് നിര്‍ത്തുന്നു.

ഇന്ത്യ ഇത്രയും കാലമായി പുലര്‍ത്തിപോരുന്ന പശ്ചിമേഷ്യന്‍ നയതന്ത്ര ബന്ധത്തില്‍ നിന്നുള്ള വ്യതിചലനമാണിതെന്നും വിലയിരുത്തുന്നു. സാധാരണ ഇന്ത്യന്‍ പ്രതിനിധി പലസ്തീനില്‍ പോവുന്നുണ്ടെങ്കില്‍ ഇസ്രായേലും സന്ദര്‍ശിക്കും. തിരിച്ചും അങ്ങനെയാണ്.

ഇന്ത്യ-ഇസ്രായേല്‍ ബന്ധം

ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രായേലിലേക്ക് പോവുന്നത്. രാഷ്ട്രപതിയും മറ്റു വകുപ്പ് മന്ത്രിമാരും സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി ഇതുവരെ പോയിട്ടില്ല. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം എത്രത്തോളം ദൃഢമാണെന്ന് സൂചിപ്പിക്കുന്നു മോദിയുടെ യാത്ര.

പതിവ് തെറ്റിച്ച് മോദി

ഏത് പ്രശ്‌നമേഖലയിലേക്ക് പോവുമ്പോഴും വിദേശരാജ്യത്തില്‍ നിന്നുള്ള പ്രതിനിധികള്‍ സന്തുലിതത്വം നിലനിര്‍ത്താന്‍ രണ്ടിടങ്ങളും സന്ദര്‍ശിക്കുകയാണ് സാധാരണയുള്ള കീഴ്‌വഴക്കം. പ്രത്യേകിച്ച് ഇസ്രായേല്‍-പലസ്തീന്‍ കാര്യങ്ങളില്‍. എന്നാല്‍ മോദി ഇത് ലംഘിക്കുകയാണ്.

ഇന്ത്യ ഇസ്രായേലില്‍ നിന്നു ആയുധം വാങ്ങിക്കൂട്ടുന്നു

മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം ചരിത്രപരമായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രായേല്‍. ഇന്ത്യ-ഇസ്രായേല്‍ സൈനിക ബന്ധവും മെച്ചപ്പെട്ടിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും സൈനികര്‍ അടുത്തിടെ സംയുക്ത അഭ്യാസ പ്രകടനം നടത്തിയിരുന്നു.

പലസ്തീന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തും

മോദി ഇസ്രായേലിലേക്ക് പോവും മുമ്പ് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അദ്‌നാന്‍ അബു അല്‍ ഹൈജയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. മേഖലയിലെ സാഹചര്യം മോദിയുമായി അബ്ബാസ് പങ്കുവയ്ക്കുമെന്നാണ് കരുതുന്നത്.

എംജെ അക്ബറിന്റെ പലസ്തീന്‍ സന്ദര്‍ശനം

വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധികള്‍ കഴിഞ്ഞ വര്‍ഷം പലസ്തീന്‍ സന്ദര്‍ശിച്ചിരുന്നു. റാമല്ലയില്‍ ടെക് പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ആദ്യഘട്ട ചര്‍ച്ചകളും നടത്തി. എന്നാല്‍ ഇത് ഇസ്രായേലിന് പിടിച്ചിരുന്നില്ല. മോദിയുടെ സന്ദര്‍ശനത്തോടെ ഈ നീരസം മാറും.

 ജര്‍മനിയില്‍ നിന്ന് മോദി ഇസ്രായേലിലേക്ക്

ജൂലൈയില്‍ ജര്‍മനിയില്‍ ജി20 രാജ്യങ്ങളുടെ ഉച്ചകോടി നടക്കുന്നുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചുവരുന്ന വഴിയാണ് മോദി ഇസ്രായേലില്‍ ഇറങ്ങുക. ഇസ്രായേലില്‍ മാത്രം മോദി സന്ദര്‍ശിക്കുന്നത് ഇസ്രായേല്‍ നേതൃത്വങ്ങളുടെ പ്രീതി പിടിച്ചുപറ്റാന്‍ ഇടയാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ കരുതുന്നത്. ഇസ്രായേലുമായി ഇന്ത്യ നയതന്ത്ര ബന്ധം തുടങ്ങിയിട്ട് 25 വര്‍ഷം തികയുകയാണ്.

മോദി ചരിത്രം തിരുത്തുന്നു

നരേന്ദ്ര മോദി സര്‍ക്കാരും ഇസ്രായേലും തമ്മില്‍ മികച്ച ബന്ധമാണെന്ന് ഇസ്രായേല്‍ അംബാസഡര്‍ ഡാനിയര്‍ കാര്‍മണ്‍ പറഞ്ഞു. ബന്ധം മെച്ചപ്പെടുത്തുന്നതിലൂടെ ഇരുരാജ്യങ്ങള്‍ക്കും ഏറെ ചെയ്യാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെയുള്ള ഇന്ത്യന്‍ സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതിന് വിരുദ്ധമാണ് മോദിയുടെ നടപടി.

മോദിക്ക് വഴികാട്ടി രാജ്‌നാഥ് സിങ്

2014ല്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് അദ്ദേഹം പലസ്തീന്‍ സന്ദര്‍ശിക്കാതെയാണ് തിരിച്ചുപോന്നത്. എന്നാല്‍ അതിന് ശേഷം പശ്ചിമേഷ്യയിലെത്തിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും വിദേശകാര്യമന്ത്രി സുഷമ സ്വരാജും ഇരുരാജ്യങ്ങളും സന്ദര്‍ശിച്ചു.

മോദിയുടെ യാത്ര വെളിപ്പെടുത്തിയത് സുഷമ

രണ്ടു വര്‍ഷം മുമ്പ് സുഷമ സ്വരാജാണ് മോദി ഇസ്രായേല്‍ സന്ദര്‍ശസിക്കുന്ന കാര്യം ആദ്യം വെളിപ്പെടുത്തിയത്. അതിന് ശേഷം ഇതുസംബന്ധിച്ച് യാതൊരു വിവരങ്ങളും പുറത്തുവന്നിരുന്നില്ല. ശേഷമാണ് മോദി സൗദി അറേബ്യയും ഖത്തറും യുഎഇയും സന്ദര്‍ശിച്ചത്.

മോദിയുടെ ആദ്യ നിലപാട്

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്റെ തുടക്കത്തില്‍ പലസ്തീനികളുടെ ആവശ്യം മാനിച്ചും ഇസ്രായേലുമായി ബന്ധം മെച്ചപ്പെടുത്തിയും സന്തുലിത നീക്കമാണ് നടത്തിയിരുന്നത്. എന്നാല്‍ അത് ക്രമേണ മാറി. പിന്നീട് ഇസ്രായേലിനെ അനുകൂലിച്ച് പ്രത്യക്ഷമായി ഇന്ത്യ രംഗത്തുവരുന്ന കാഴ്ചയും കണ്ടു.

യുഎന്നിലും ഇന്ത്യ ഇസ്രായേലിനെ സഹായിച്ചു

ഇസ്രായേല്‍ വിരുദ്ധ പ്രമേയം യുഎന്‍ രക്ഷാസമിതിയില്‍ വോട്ടെടുപ്പിന് വന്നപ്പോള്‍ ഇന്ത്യ വോട്ട് ചെയ്യാതെ വിട്ടുനിന്ന് ഇസ്രായേലിനോടുള്ള കൂറ് തെളിയിച്ചിരുന്നു. പലസ്തീന് ഇന്ത്യയുടെ നീക്കം തിരിച്ചടിയായെങ്കിലും പ്രമേയത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുമായി ബന്ധപ്പെട്ട പരാമര്‍ശമുണ്ടെന്നും ഇന്ത്യ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗമല്ലാത്തതിനാലാണ് വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നതെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

ഇന്ത്യയുടെ നടപടിയില്‍ പലസ്തീന് ആശങ്ക

ഇന്ത്യയുടെ നടപടി ഞെട്ടിച്ചുവെന്നാണ് അന്ന് പലസ്തീന്‍ അംബാസഡര്‍ അല്‍ഹൈജ അഭിപ്രായപ്പെട്ടത്. പരമ്പരാഗത സ്ഥാനം ഇന്ത്യ കൈവെടിയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലുമായി ഇന്ത്യ സൈനിക ബന്ധം മെച്ചപ്പെടുത്തുന്നതിലും അല്‍ഹൈജി ആശങ്ക രേഖപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+