വനിതകള്‍ക്കും ഭരണ നേതൃത്വം; പുതിയ പ്രഖ്യാപനവുമായി മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ഭരണവകുപ്പുകളില്‍ ഉള്‍പ്പടെ നിര്‍ണായക മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇനി മുതല്‍ മാമോദീസ സ്വീകരിച്ച വനിതകള്‍ ഉള്‍പ്പെടെ ഏത് കത്തോലിക്കാ വിശ്വാസിക്കും വത്തിക്കാനിലെ വിവിധ ഭരണ വകുപ്പുകളുടെ നേതൃസ്ഥാനം വഹിക്കാനാവും. വത്തിക്കാന്‍ ഭരണകേന്ദ്രമായ കൂരിയയുടെ പുതിയ അപ്പസ്തോലിക രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.
നിലവില്‍ പ്രധാനമായും കര്‍ദിനാള്‍മാറാണ് വിവിധ വകുപ്പുകളുടെ തലപ്പത്തിരിക്കുന്നത്. പുതിയ ഭരണരേഖ പ്രകാരം മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍ എന്നിവര്‍ക്ക് പുറമേ എല്ലാ കത്തോലിക്ക വിശ്വാസികള്‍ക്കും വചനപ്രഘോഷണത്തിന് ഉത്തരവാദിത്തമുണ്ടായിരിക്കുമെന്ന് മാര്‍പാപ്പ പറഞ്ഞു. പെന്തക്കുസ്ത ദിനമായ ജൂണ്‍ 5ന് ദൈവ വചനം പ്രഘോഷിക്കുക എന്ന പുതിയ ഭരണരേഖ നിലവില്‍ വരും.

54 പേജുള്ള പുതിയ ഭരണരേഖ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമേറ്റതിന്റെ 9ാം വാര്‍ഷികദിനത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. 1988 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പുറത്തിറക്കിയ 'പാസ്തര്‍ ബോനുസ്' എന്ന അപ്പസ്തോലിക രേഖയ്ക്ക് പകരമാണ് പുതിയ രേഖ. നേരത്തെ സിസ്റ്റര്‍ റാഫെല്ല പെട്രിനിയെ വത്തിക്കാന്‍ സിറ്റിയുടെ ഗവര്‍ണറായും ഇറ്റാലിയന്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ അലസാന്ദ്ര സ്മെറില്ലിയെ നീതി, സമാധാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന വത്തിക്കാന്‍ വികസന കാര്യാലയത്തിന്റെ ഇടക്കാല സെക്രട്ടറിയായും തെരഞ്ഞെടുത്തിരുന്നു.
ഭരണവകുപ്പുകളുടെ എണ്ണം 16 ആയി ഏകോപിപ്പിച്ച് പേര് 'ഡികാസ്റ്ററി' എന്നു മാറ്റിയിട്ടുമുണ്ട്. നേരത്തേ കോണ്‍ഗ്രിഗേഷന്‍ എന്നായിരുന്നു പേര്. ഭരണ, ഏകോപന, നയതന്ത്ര വകുപ്പ് എന്ന നിലയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അതിന്റെ പ്രധാന സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ഡോക്ട്രിനല്‍ ഓഫീസിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഉന്നത പദവി സുവിശേഷീകരണ വകുപ്പിന് താഴെയായി. വിശ്വാസം പ്രചരിപ്പിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും നല്‍കുന്ന പ്രാധാന്യം എടുത്ത് കാണിച്ചുകൊണ്ട് മാര്‍പാപ്പ തന്നെ സുവിശേഷീകരണ ഓഫീസിന് നേതൃത്വം നല്‍കും.
അതേസമയം പുതിയ ഭരണഘടനയില്‍ അല്‍മായ പുരുഷന്മാരും സാധാരണ സ്ത്രീകളും തമ്മില്‍ വേര്‍തിരിവില്ലെങ്കിലും ബിഷപ്പുമാരുടെ വകുപ്പും വൈദികരുടെ വകുപ്പും പുരുഷന്മാരുടെ നേതൃത്വത്തില്‍ തുടരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം കത്തോലിക്കാ സഭയില്‍ പുരുഷന്മാര്‍ക്ക് മാത്രമേ പുരോഹിതരാകാന്‍ കഴിയൂ. 2018-ല്‍ റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍, വത്തിക്കാന്‍ സാമ്പത്തിക വകുപ്പിന്റെ തലപ്പത്തേക്ക് ഒരു സ്ത്രീയെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മാര്‍പ്പാപ്പ പറഞ്ഞിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ അവര്‍ക്ക് ജോലി ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല.












Click it and Unblock the Notifications