കൊറോണ ബാധിതനുമായി കൂടിക്കാഴ്ച, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു
ഇസ്ലാമാബാദ്: തന്നെ സന്ദര്‍ശിച്ച സന്നദ്ധപ്രവര്‍ത്തകന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. സന്നദ്ധ പ്രവര്‍ത്തനത്തില്‍ പാകിസ്താനില്‍ മുന്‍നിരയിലുള്ള എന്‍ജിഒ ആയ ഈദി ഫൗണ്ടേഷന്‍ സംഘടനയുടെ സ്ഥാപകന്റെ മകനാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ എത്തിയത്. ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചതോടെയാണ് ഇമ്രാന്‍ ഖാന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. പ്രധാനമന്ത്രിയുടെ സ്രവങ്ങള്‍ പരിശോധനയ്ക്കയച്ചെന്നാണ് സൂചന.

ഈദി ഫൗണ്ടേഷന്‍ സംഘടനയുടെ സ്ഥാപകന്റെ മകനായ ഫൈസല്‍ ഈദി പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ഇവര്‍ രണ്ട് പേരും 7 മിനിറ്റോളം കൂടിക്കാഴ്ച നടത്തി ഫണ്ട് കൈമാറുകയും ചെയ്തിരുന്നു. കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും മാസ്‌കോ കൈയുറകളോ ഒന്നും തന്നെ ധരിച്ചിട്ടില്ലെന്ന് ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായി. നിലവില്‍ പ്രധാനമന്ത്രി വീട്ടില്‍ തന്നെയാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇമ്രാന്‍ഖാന് നിലവില്‍ രോഗ ലക്ഷണങ്ങളൊന്നുമില്ല. എന്നിരിന്നാലും അദ്ദേഹം ആരോഗ്യ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഫൈസല്‍ ഈദിക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഫൈസല്‍ ഈദി സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കുന്ന തിരക്കിലാണ് അധികൃതര്‍. ഏപ്രില്‍ 15നാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. അതേസമയം, ഫൈസല്‍ ഈദിയുടെ ചികിത്സ സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമല്ല.
അതേസമയം, പാകിസ്താനിലും ഭീതി വിതച്ച് കൊറോണ വൈറസ് രോഗം വ്യാപിക്കുകയാണ്. 9749 പേര്‍ക്കാണ് രാജ്യത്ത് കൊറോണ ബാധിച്ചിരിക്കുന്നത്. ഇന്ന് മാത്രം 184 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 209 പേര്‍ രോഗം ബാധിച്ച് മരിച്ചപ്പോള്‍ 2156 പേര്‍ രോഗമുക്തി നേടി. 7384 പേരാണ് ഇപ്പോള്‍ പാകിസ്താനില്‍ ചികിത്സയില്‍ കഴിയുന്നത്. എന്നാല്‍ ഇതുവരെ 118020 ടെസ്റ്റുകള്‍ മാത്രമാണ് പാകിസ്താനില്‍ നടത്തിയിട്ടുള്ളത്.പഞ്ചാബ്, സിന്ധ് പ്രിവശ്യകളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications