മൂന്ന് താരങ്ങൾക്ക് കൊവിഡെന്ന് പിഎസ്ജി: നെയ്മർക്കും ഡി മരിയയ്ക്കും വൈറസ് ബാധയെന്ന് റിപ്പോർട്ട്
പാരീസ്: ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്. ഏഞ്ചൽ ഡി മരിയ, ലിയനാർഡോ പരേഡസ് എന്നിവർക്കും രോഗം ബാധിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ടീമിലെ മൂന്ന് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പിഎസ്ജി വെളിപ്പെടുത്തിയിരുന്നു. എന്നാൽ രോഗം സ്ഥിരീകരിച്ച താരങ്ങളുടെ പേരെടുത്ത് പരാമർശിച്ചിരുന്നില്ല. ഫ്രഞ്ച് മാധ്യമങ്ങളാണ് രോഗം സ്ഥിരീകരിച്ച താരങ്ങളുടെ പേരുൾപ്പെടെയുള്ള വിവരങ്ങൾ ഇതിനകം പുറത്തുവിട്ടിട്ടുള്ളത്.
തങ്ങളുടെ മൂന്ന് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പിഎസ്ജി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് അറിയിച്ചത്. അതോടൊപ്പം രോഗം സ്ഥിരീകരിച്ച താരങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞു വരികയാണെന്നും പിഎസ്ജി വ്യക്തമാക്കി. ടീമിലെ പരിശീലകർക്കുള്ള കൊവിഡ് പരിശോധന വരും ദിവസങ്ങളിൽ നടത്തുമെന്നും പിഎസ്ജി കൂട്ടിച്ചേർത്തിരുന്നു.

നെയ്മർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ഫ്രഞ്ച് വാർത്താ ഏജൻസി എഎഫ്പിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് കഴിഞ്ഞ ശേഷം യാത്രയിലായിരുന്ന മൂന്ന് താരങ്ങളും മടങ്ങിയെത്തിയതോടെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നത്. ഇതോടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. ഈ സാഹചര്യത്തിൽ സെപ്തംബർ പത്തിന് നടക്കാനിരിക്കുന്ന ആദ്യ ലീഗ് മത്സരത്തിലും നെയ്മറും ഡി മരിയയും പങ്കെടുത്തേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications