യുക്രൈൻ യുദ്ധ മുഖത്തെ പുടിന്റെ സ്വന്തം 'കൂലിപട്ടാളം'; ആരാണ് വാഗ്നർ ഗ്രൂപ്പ്
യുക്രൈനിൽ റഷ്യയ്ക്ക് വേണ്ടി എന്ത് ക്രൂരനടപടിക്കും തുനിഞ്ഞ് ഇറങ്ങുന്ന കൂലിപട്ടാള സംഘമുണ്ട്, കുറഞ്ഞത് 50,000ത്തോളം വരും ഈ സംഘാംഗങ്ങൾ. യുക്രൈയിനിൽ മാത്രമല്ല ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ സൈനിക നടപടിക്ക് റഷ്യക്ക് വേണ്ടി ഈ കൂലിപട്ടാളമിറങ്ങും, 'വാഗ്നർ ഗ്രൂപ്പ്' എന്നാണ് ഈ പട്ടാളക്കൂട്ടം അറിയപ്പെടുന്നത്.
വാഗ്നർ ഗ്രൂപ്പിന്റെ കൂലിപ്പടയാളികൾ ആരാണ്?
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് മുമ്പ്, വാഗ്നർ ഗ്രൂപ്പിന് ഏകദേശം 5,000 പോരാളികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ യുക്രൈൻ അധിനിവേശത്തിനിറങ്ങിയത് വാഗ്നർ ഗ്രൂപ്പിന്റെ 50,000ത്തോളം അംഗങ്ങൾ ആണെന്നാണ് യുകെ പ്രതിരോധ മന്ത്രാലയം പറയുന്ന കണക്ക്. രാജ്യത്തിന്റെ സ്ഥിരം സൈന്യത്തിലേക്ക് ആളുകളെ കണ്ടെത്തുന്നതിൽ പ്രതിസന്ധി നേരിട്ടതോടെ കഴിഞ്ഞ വർഷം മുതൽ വാഗ്നർ ഗ്രൂപ്പിലേക്ക് വൻ തോതിലാണ് ആളുകളെ എടുത്തിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

വാഗ്നർ ഗ്രൂപ്പിലേറെയും പരിചയ സമ്പന്നരായ മുൻ സൈനികരാണ്.റഷ്യയിൽ കൂലിപ്പട നിയമവിരുദ്ധമാണെങ്കിലും, വാഗ്നർ ഗ്രൂപ്പ് 2022 ൽ ഒരു കമ്പനിയായി രജിസ്റ്റർ ചെയ്യുകയും സെന്റ് പീറ്റേഴ്സ്ബർഗിൽ ഒരു പുതിയ ആസ്ഥാനം തുറക്കുകയും ചെയ്തു. ദേശസ്നേഹ സംഘടന എന്ന നിലയിലാണ് റഷ്യയിൽ ഈ സംഘങ്ങൾ അറിയപ്പെടുന്നത്.
വാഗ്നർ ഗ്രൂപ്പ് യുക്രൈനിയിൽ ചെയ്യുന്നത് എന്ത്?
റഷ്യൻ സേനയുടെ യുക്രൈൻ അധിനിവേശത്തിൽ വാഗ്നർ ഗ്രൂപ്പായിരുന്നു മുൻപന്തിയിൽ ഉണ്ടായിരുന്നത്. കിഴക്കൻ ഉ
യുക്രൈനിലെ ബഖ്മുട്ട് നഗരം പിടിച്ചടക്കാനുള്ള റഷ്യൻ ശ്രമങ്ങളിൽ ഉൾപ്പെടെ നിർണായക പോരാട്ടങ്ങളിൽ എല്ലാം വാഗ്നർ ഗ്രൂപ്പിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. യുക്രൈൻ യുദ്ധത്തോടെയാണ് വാഗ്നർ ഗ്രൂപ്പിന്റെ അംഗ സംഖ്യയിൽ വർധനവ് ഉണ്ടായത്. യുവാക്കളേയും ജയിൽ തടവുകാരേയും അടക്കമുള്ളവരെ വാഗ്നർ ഗ്രൂപ്പിൽ വ്യാപകമായി അംഗങ്ങളാക്കിയെന്നാണ് റിപ്പോർട്ടുകൾ.

വാഗ്നർ ഗ്രൂപ്പ് രൂപീകരിച്ചത്
റഷ്യൻ പ്രസിഡന്റ് പുടിന്റെ ഉറ്റ സുഹൃത്തായ യെവ്‌ഗിനി പ്രിഗോഷിനാണ് വാഗ്നർ ഗ്രൂപ്പിന്റെ തലവൻ.'പുട്ടിന്റെ ഷെഫ്' എന്നാണ് ഇയാൾ അറിയപ്പെടുന്നത്.നേരത്തേ ക്രെംലിനിലെ കേറ്ററിങ് ജോലികളുടെ ചുമതല ഇയാൾക്കായിരുന്നതിനാലാണ് ഈ പേര് വന്നത്. 2014 ൽ ക്രെമിയയ പിടിക്കാനുള്ള റഷ്യൻ നീക്ക സമയത്താണ് വാഗ്നർ ഗ്രൂപ്പ് രൂപം കൊണ്ടതെന്ന് കരുതപ്പെടുന്നത്.
എവിടെയൊക്കെയാണ് ഈ വാഗ്നർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്
2015 മുതൽ വാഗ്നർ ഗ്രൂപ്പിന്റെ കൂലിപ്പടയാളികൾ സിറിയയിൽ യുദ്ധമുഖത്തുണ്ട്.സർക്കാർ അനുകൂല സേനയ്‌ക്കൊപ്പം യുദ്ധരംഗത്തും എണ്ണപ്പാടങ്ങൾ സംരക്ഷിക്കുന്ന ചുമതലയും ഇവയ്ക്കായിരുന്നു. മാത്രമല്ല
ജനറൽ ഖലീഫ ഹഫ്താറിനോട് വിശ്വസ്തരായ സേനയെ പിന്തുണയ്ക്കുന്ന വാഗ്നർ ഗ്രൂപ്പിന്റെ കൂലിപ്പടയാളികൾ ലിബിയയിലും പ്രവർത്തിക്കുന്നുണ്ട്.
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് (CAR) വജ്ര ഖനികൾ സംരക്ഷിക്കാൻ വാഗ്നർ ഗ്രൂപ്പിനെ ക്ഷണിച്ചതായും അവർ സുഡാനിലെ സ്വർണ്ണ ഖനികൾക്ക് കാവൽ നിൽക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. പശ്ചിമാഫ്രിക്കയിലെ മാലി സർക്കാർ ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ വാഗ്നർ ഗ്രൂപ്പിനെ ഉപയോഗപ്പെടുത്തുന്നുണ്ട്.
യെവ്ജെനി പ്രിഗോജിൻ വിദേശത്തുള്ള വാഗ്നർ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ നിന്ന് പണം സമ്പാദിക്കുന്നുണ്ടെന്നും തന്റെ ഉടമസ്ഥതയിലുള്ള ഖനന കമ്പനികളിൽ ഈ പണം ഉപയോഗപ്പെടുത്തുന്നുണ്ടെന്നുമാണ് റിപ്പോർട്ട്.
വാഗ്നർ ഗ്രൂപ്പിന്റെ പേരിൽ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ-
കൊടും ക്രൂരതകളായ യുക്രൈനിൽ വാഗ്നർ ഗ്രൂപ്പ് നടത്തിയതെന്നും താൻ ഇതിന് സാക്ഷിയാണെന്നും ഗ്രൂപ്പിലെ മുൻ സൈനിക ഉദ്യോഗസ്ഥൻ മുൻപ് വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം പിന്നീട് നോർവേയിൽ അഭയം തേടി.
വാഗ്നർ ഗ്രൂപ്പിന്റെ മൂന്ന് കൂലിപ്പടയാളികൾ 2022 ഏപ്രിലിൽ കൈവിനു സമീപം സാധാരണക്കാരെ കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്തതായി യുക്രേനിയൻ പ്രോസിക്യൂട്ടർമാർ ആരോപിച്ചിരുന്നു.
2022 മാർച്ചിൽ വാഗ്‌നർ കൂലിപ്പടയാളികൾ ബുച്ചയിൽ സാധാരണക്കാരെ കൂട്ടക്കൊല ചെയ്തിട്ടുണ്ടെന്ന് നേരത്തേ ജർമ്മൻ ഇന്റലിജെൻസ് റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.
കൂടാതെ മധ്യ ആഫ്രിക്കയിലും പ്രാദേശികരായ സ്ത്രീക കൂലിപ്പടയാളികൾ ബലാത്സംഗം ചെയ്തതായും വലിയ കവർച്ചകൾ നടത്തിയതായും ഐക്യരാഷ്ട്രസഭയും ഫ്രഞ്ച് സർക്കാരും ആരോപിച്ചിരുന്നു.












Click it and Unblock the Notifications