ഖത്തര്‍ നേതാക്കള്‍ ഇസ്രായേലില്‍; വന്നത് സൈപ്രസില്‍ നിന്നുള്ള സ്വകാര്യ വിമാനത്തില്‍... ലക്ഷ്യം ഇതാണ്
ടെല്‍ അവീവ്: ഖത്തറില്‍ നിന്നുള്ള പ്രതിനിധികള്‍ ഇസ്രായേലില്‍. അത്യപൂര്‍വമായ സന്ദര്‍ശനത്തിന്റെ കാരണം തേടി അന്താരാഷ്ട്ര മാധ്യമങ്ങള്‍. ഇസ്രായേല്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലെങ്കിലും ഹീബ്രൂ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്. പലസ്തീന്‍ ഇസ്രായേല്‍ പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥം വഹിക്കുന്ന ഖത്തറില്‍ നിന്നുള്ള പ്രതിനിധികള്‍ ആദ്യമായിട്ടാണ് ഇസ്രായേലിലെത്തുന്നത്.
ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ സ്വകാര്യ ജെറ്റ് വിമാനത്തിലാണ് ഖത്തര്‍ പ്രതിനിധികള്‍ എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഖത്തറുമായി നയതന്ത്ര ബന്ധമുള്ള രാജ്യമല്ല ഇസ്രായേല്‍. ഇസ്രായേലിനെ ഇതുവരെ അംഗീകരിക്കാത്ത രാജ്യം കൂടിയാണ് ഖത്തര്‍. അതുകൊണ്ടുതന്നെ ദോഹയില്‍ നിന്ന് നേരിട്ട് ഇസ്രായേലിലേക്ക് വിമാന സര്‍വീസ് ഇല്ല.

സൈപ്രസിലെത്തിയ ശേഷമാണ് ഖത്തര്‍ പ്രതിനിധികള്‍ ഇസ്രായേലിലേക്ക് പറന്നത് എന്നാണ് വാര്‍ത്തകള്‍. നേരത്തെ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ മേധാവി ഡേവിഡ് ബര്‍ണിയ ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് ഹമാസ് തടവിലാക്കിയ ഇസ്രായേലികളെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ച വേഗത്തിലാക്കിയത്. രണ്ട് ദിവസമായി നിരവധി പേരെ ഹമാസ് വിട്ടയക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെ മുതല്‍ ഇസ്രായേലും ഹമാസും വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ദിവസത്തേക്കാണ് കരാര്‍. 50 ഇസ്രായേലുകാരെ വിട്ടയക്കുന്നതിന് പകരം ഇസ്രായേല്‍ സൈന്യം പിടികൂടിയ പലസ്തീന്‍കാരെയും വിട്ടയക്കുന്നുണ്ട്. അകാരണമായി ഇസ്രായേല്‍ പിടികൂടിയ കുട്ടികളെയും സ്ത്രീകളെയുമടക്കമാണ് ഇപ്പോള്‍ വിട്ടയക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘിപ്പിക്കാനുള്ള ശ്രമത്തിലാണ് ഖത്തര്‍.
150 പലസ്തീന്‍കാരെ നാല് ദിവസത്തിനകം ഇസ്രായേല്‍ വിട്ടയക്കുമെന്നാണ് കരാര്‍. നാല് ദിവസം കഴിഞ്ഞാല്‍ ആക്രമണം തുടരുമെന്നാണ് ഇസ്രായേലിന്റെ ഭീഷണി. ആക്രമണം പുനരാരംഭിക്കുന്നത് തടയണമെന്ന് പല രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഖത്തര്‍ പ്രതിനിധികള്‍ ഇസ്രായേലിലെത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇനിയും ഇസ്രായേല്‍ ആക്രമണം ആരംഭിച്ചാല്‍ കാര്യങ്ങള്‍ കൈവിടുമെന്ന് ലോക രാജ്യങ്ങള്‍ കരുതുന്നു. അമേരിക്കന്‍ ഭരണകൂടത്തിന് ലോക രാജ്യങ്ങളില്‍ നിന്നും അമേരിക്കന്‍ പൗരന്മാരില്‍ നിന്നും സമ്മര്‍ദ്ദമുണ്ട്. തുടര്‍ന്നാണ് അമേരിക്കയുടെ നിര്‍ദേശ പ്രകാരം ഇസ്രായേല്‍ വെടിനിര്‍ത്തലിന് തയ്യാറായത്. മാത്രമല്ല, പശ്ചിമേഷ്യയില്‍ സ്വാധീനം നഷ്ടമാകുന്നതും അമേരിക്കയെ പ്രതിസന്ധിയിലാക്കുന്നു.
ഹമാസുമായി ചര്‍ച്ച നടത്താന്‍ സാധിക്കുന്ന ഏക രാജ്യം ഖത്തറാണ്. ഇറാനും തുര്‍ക്കിയുമെല്ലാം ഹമാസിനെ എതിര്‍ക്കുന്നില്ലെങ്കിലും അവര്‍ക്ക് നേതൃത്വവുമായി നേരിട്ട് ബന്ധമില്ല. ഈ സാഹചര്യത്തിലാണ് അമേരിക്കയും യൂറോപ്പും ഖത്തറിന്റെ സഹായം തേടിയതും ഖത്തര്‍ മധ്യസ്ഥത വഹിക്കുന്നതും. ഖത്തര്‍ നടത്തിയ ചര്‍ച്ചകളാണ് ഇപ്പോഴത്തെ വെടിനിര്‍ത്തലിലേക്കും താല്‍ക്കാലികമായ സമാധാന അന്തരീക്ഷത്തിലേക്കും എത്തിച്ചത്.












Click it and Unblock the Notifications