കേരളത്തിലേക്ക് പോകരുതെന്ന് ഖത്തര്‍; ചരക്കുകള്‍ നിരോധിച്ചു!! മലയാളികള്‍ക്കും നിയന്ത്രണം
ദോഹ: നിപ്പാ വൈറസ് പ്രവാസി മലയാളികള്‍ക്ക് കനത്ത തിരിച്ചടിയാകുന്നു. കേരളത്തിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഖത്തര്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിറക്കി. അനാവശ്യമായി കേരളത്തിലേക്ക് പോകരുതെന്ന് പ്രസ്താവനയില്‍ പറയുന്നു. ഖത്തര്‍ പൗരന്‍മാര്‍ക്ക മാത്രമല്ല, ഖത്തറില്‍ ഇപ്പോള്‍ താമസിക്കുന്നവര്‍ക്കും യാത്രാ നിയന്ത്രണമുണ്ട്. കേരളത്തില്‍ നിപ്പാ വൈറസ് ഭീതി തുടരുന്നതിനിടെയാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം നടപടി കര്‍ശനമാക്കിയത്. കേരളത്തില്‍ നിന്ന് ചരക്കുകള്‍ ഇറക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. നേരത്തെ മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍ കേരളത്തിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പെരുന്നാള്‍ അവധിക്ക് നാട്ടിലേക്ക് വരാനിരിക്കുന്ന മലയാളികള്‍ക്ക് തിരിച്ചടിയാണ് പുതിയ നിയന്ത്രണം. ഖത്തര്‍ നിര്‍ദേശം വിശദീകരിക്കാം....

മുന്‍കരുതല്‍ നടപടി
നിപ്പാ വൈറസിനെ പ്രതിരോധിക്കാന്‍ നിരവധി മുന്‍കരുതല്‍ നടപടികള്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഖത്തറിലെ വിദേശികളില്‍ വലിയൊരു ഭാഗം മലയാളികളാണ്. ഈ സാഹചര്യത്തില്‍ പുതിയ യാത്രാ നിയന്ത്രണം മലയാളികള്‍ക്ക് കനത്ത തിരിച്ചടിയാണ്.

നിരോധനമല്ല, നിയന്ത്രണം
യാത്രാ നിരോധനമല്ല ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിയന്ത്രണമാണ്. അതായത് കേരളത്തിലേക്ക് വരുന്നതിന് വിലക്കില്ല. എന്നാല്‍ ജാഗ്രതാ നിര്‍ദേശമാണിത്. അനാവശ്യ യാത്രകള്‍ തല്‍ക്കാലം ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഖത്തര്‍ പൗരന്‍മാര്‍ക്കും ഖത്തറില്‍ താമസിക്കുന്നവര്‍ക്കും നിയന്ത്രണം ബാധകമാണെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. സാഹചര്യം സങ്കീര്‍ണമായാല്‍ യാത്രയ്ക്ക് നിരോധനമേര്‍പ്പെടുത്തിയേക്കും.

ചരക്കുകള്‍ക്ക് നിരോധനം
അതേസമയം, കേരളത്തില്‍ നിന്നുള്ള ചരക്കുകള്‍ ഖത്തറിലേക്ക് ഇനി ഇറക്കില്ല. ചരക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. പച്ചക്കറി, പഴം, ഇറച്ചി എന്നിവയ്ക്കാണ് നിരോധനം. താല്‍ക്കാലിക നിരോധനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിപ്പാ വൈറസ് ഭീതി ഒഴിഞ്ഞാല്‍ ചരക്ക് ഇറക്കിനുള്ള നിരോധനം എടുത്തുകളയും.

പരിശോധന നടത്തണം
ആറാഴ്ചക്കിടെ കേരളത്തില്‍ നിന്ന് തിരിച്ചുവന്നവര്‍ക്ക് മെഡിക്കല്‍ ചെക്കപ്പ് നിര്‍ബന്ധമാക്കി. ഏറ്റവും അടുത്ത ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് വൈദ്യപരിശോധന നടത്താനാണ് നിര്‍ദേശം. പനിയുടെ ലക്ഷണമുള്ളവര്‍ നിര്‍ബന്ധമായും വൈദ്യപരിശോധന നടത്തണം. കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമാണ് ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പഴം കഴിക്കും മുമ്പ്
ആരോഗ്യരംഗത്തെ പ്രമുഖ അന്താരാഷ്ട്ര സംഘടനകളുടെ നിര്‍ദേശം കണക്കിലെടുത്താണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയവും ഭക്ഷ്യവകുപ്പും പുതിയ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നിറക്കിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് മുമ്പ് കഴുകിയെന്ന് ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടന മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

പനിയുണ്ടെങ്കില്‍
സംശയകരമായ രീതിയില്‍ കേരളത്തില്‍ നിന്ന് വന്ന ആര്‍ക്കെങ്കിലും പനിയുണ്ടെങ്കില്‍ നിര്‍ബന്ധമായും ആരോഗ്യ കേന്ദ്രങ്ങളില്‍ ചെന്ന് പരിശോധന നടത്താനും നിര്‍ദേശമുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകളും ആരോഗ്യ വകുപ്പ് പരസ്യപ്പെടുത്തിയിട്ടുണ്ട്. 66740948, 66740951 എന്നിവയാണ് ഹോട്ട്‌ലൈന്‍ നമ്പറുകള്‍. മറ്റു ജിസിസി രാജ്യങ്ങളും സമാനമായ നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുവൈത്തും ബഹ്‌റൈനും യുഎഇയും
കേരളത്തില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും വേണ്ടെന്നാണ് കുവൈത്തും ബഹ്‌റൈനും യുഎഇയും അറിയിച്ചിരിക്കുന്നത്. ഈ തീരുമാനം കേരളത്തിന് മാത്രമല്ല തമിഴ്‌നാടിനും കര്‍ണാടകത്തിനും തിരിച്ചടിയാണ്. നിരോധനം എപ്പോള്‍ നീക്കുമെന്ന് വ്യക്തമല്ല. കേരളത്തിന് സാമ്പത്തികമായി തിരിച്ചടി ലഭിക്കുന്ന നടപടിയാണിത്.

കയറ്റുമതി നിര്‍ത്തി
ബഹ്‌റൈന്‍, കുവൈത്ത്, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങളിലെ ഇറക്കുമതിക്കാരാണ് കേരളത്തിലെ ഏജന്റുമാരെ വിവരം അറിയിച്ചിരിക്കുന്നത്. താല്‍ക്കാലികമായ നിരോധനമാണിപ്പോള്‍ വരുത്തിയിരിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി ഓരോ ദിവസവും പഴങ്ങളും പച്ചക്കറികളും കയറ്റി അയക്കാറുണ്ട്. എല്ലാം നിര്‍ത്തിവച്ചിരിക്കുകയാണിപ്പോള്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിനും കുവൈത്തില്‍ നിന്നും ബഹ്‌റൈനില്‍ നിന്നും കയറ്റുമതി ചെയ്യേണ്ട എന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ള കയറ്റുമതി
കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പ്രതിദിനം വ്യാപാരികള്‍ നേരിടുക. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഓരോ ദിവസവും 60 ടണ്‍ പഴവും പച്ചക്കറിയുമാണ് ഗള്‍ഫിലേക്ക്് കയറ്റി അയക്കുന്നത്. നെടുമ്പാശേരിയില്‍ നിന്ന് 40 ടണ്ണും കോഴിക്കോട് നിന്ന് 20 ടണ്ണും കയറ്റി അയക്കുന്നു. ഇതെല്ലാം നിലച്ചിരിക്കുകയാണിപ്പോള്‍.

വ്യാപാരികള്‍ മറുവഴി തേടുന്നു
നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത് മലബാര്‍ മേഖലയിലാണ്. പക്ഷേ വിലക്ക്് കേരളത്തിന് മൊത്തമായിട്ടാണ്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് കയറ്റി അയക്കുന്നത് പൂര്‍ണമായും കേരളത്തിലെ മാത്രം പച്ചക്കറികളും പഴങ്ങളുമല്ല. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ഉള്‍പ്പെടും. കേരളത്തിന് നിയന്ത്രണം വന്നത് അവര്‍ക്കും തിരിച്ചടിയായിരിക്കുകയാണ്. ഇവര്‍ മറ്റു വിമാനത്താവളം വഴി കയറ്റി അയക്കാനുള്ള ശ്രമത്തിലാണ്.

ജാഗ്രതാ നിര്‍ദേശം
കേരളത്തിലേക്ക് പോകുന്ന പൗരന്‍മാര്‍ക്ക് ബഹ്‌റൈനും യുഎഇയും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. നിപ്പാ വൈറസ് മൂലമുള്ള ആശങ്ക മലയാളികളായ പ്രവാസികള്‍ക്ക് ഗള്‍ഫ് മേഖലയിലേക്കുള്ള യാത്രയ്ക്ക് തടസമാകുമോ എന്ന ആശങ്കയും പ്രവാസികള്‍ക്കിടയില്‍ പരന്നിട്ടുണ്ട്. കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് ബഹ്‌റൈന്‍ അറിയിച്ചിരിക്കുന്നത്. പെരുന്നാള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ നാട്ടിലേക്കുള്ള യാത്രയും മുടങ്ങുമോ എന്ന ആശങ്കയും പ്രവാസികള്‍ക്കുണ്ട്.

യുഎഇയുടെ വിവരം
ബഹ്‌റൈനിന്റെ മുംബൈ കോണ്‍സുലേറ്റാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. യുഎഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്നും കേരളത്തിലേക്കുള്ള യാത്ര തല്‍ക്കാലം ഒഴിവാക്കണമെന്നുമാണ് യുഎഇ നിര്‍ദേശം. പഴം, പച്ചക്കറി ഇറക്കുമതിയുമായി ബന്ധപ്പെട്ട് നിയന്ത്രണം യുഎഇ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മരിച്ചത് 16 പേര്‍
ഇതുവരെ കേരളത്തില്‍ 16 പേരാണ് നിപ്പാ വൈറസ് ബാധ മൂലം മരിച്ചത്. തലശേരിയില്‍ സ്ത്രീ മരിച്ചത് നിപ്പാ വൈറസ് ബാധയേറ്റാണെന്ന് സംശയമുയര്‍ന്നിരുന്നു. എന്നാല്‍ അതല്ലെന്ന് ആരോഗ്യവകുപ്പ് പിന്നീട് സ്ഥിരീകരിച്ചു. കേരള സര്‍ക്കാര്‍ ഓസ്‌ട്രേലിയയില്‍ നിന്ന് പ്രതിരോധ മരുന്ന് കൊച്ചിയില്‍ എത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ഇത് നല്‍കിത്തുടങ്ങും.












Click it and Unblock the Notifications