'മാന്യമായി വസ്ത്രം ധരിച്ച് വന്നാല്‍ മതി'; കാനില്‍ നഗ്നതാ പ്രദര്‍ശനം വിലക്കാന്‍ കാരണം ഈ സംഭവങ്ങള്‍
ചലച്ചിത്രോത്സവം എന്ന നിലയില്‍ മാത്രമല്ല, പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ക്കും വ്യത്യസ്തമായ വസ്ത്ര പരീക്ഷണങ്ങള്‍ക്കും പേരുകേട്ട വേദി കൂടിയാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍. ലോകോത്തര സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം ഇവിടുത്തെ റെഡ് കാര്‍പെറ്റില്‍ തങ്ങളുടെ ശരീര ഭംഗി കൂടി പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദി കൂടിയായിട്ടാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഈ ചലച്ചിത്ര മേളയെ കാണുന്നത്.
പലപ്പോഴും കാന്‍ ചലച്ചിത്രമേളയിലും ഗ്രാമി അവാര്‍ഡ് ദാന ചടങ്ങിനും ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങിനും ഒക്കെ എത്തുന്ന നടിമാരും നടന്മാരും ധരിക്കുന്ന വസ്ത്രങ്ങള്‍ വലിയ വിവാദത്തിന് കാരണമാകാറുണ്ട്
റെഡ് കാര്‍പെറ്റില്‍ ശരീരം മുഴുവനും കാണുന്ന സുതാര്യമായതും സഭ്യമല്ലാത്തതുമായ വസ്ത്രങ്ങള്‍ ധരിച്ച് പലരും എത്തിയ ചരിത്രമുണ്ട്. ആഗോള മാധ്യമങ്ങള്‍ ഒത്തുകൂടുന്ന വേദി കൂടിയാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍. അതിനാല്‍ വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണത്തിലൂടെ ലോക ശ്രദ്ധയില്‍ എത്താനാണ് ഇക്കൂട്ടരുടെ ശ്രമം. ഇപ്പോഴിതാ നഗ്നതാ പ്രദര്‍ശനം മൂലമുള്ള വിവാദങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍ അധികൃതര്‍.

ഇനി മുതല്‍ ഫെസ്റ്റിവലിന്റെ റെഡ് കാര്‍പെറ്റില്‍ നഗ്നതാ പ്രദര്‍ശനവും ഓവര്‍ സൈസ്ഡ് വസ്ത്രങ്ങളും അനുവദിക്കില്ല. ഇതുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഫെസ്റ്റിവല്‍ അധികൃതര്‍ പുറപ്പെടുവിച്ചു. കാനില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നേരത്തെ നിലവില്‍ ഉണ്ടായിരുന്നെങ്കിലും അത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല ഇപ്പോള്‍ സുരക്ഷാ പ്രശ്‌നം കൂടി മുന്‍നിര്‍ത്തിയാണ് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ഫാഷന്‍ പരീക്ഷണങ്ങള്‍ വിലക്കാനല്ല തങ്ങള്‍ ശ്രമിക്കുന്നതെന്നും നഗ്‌നതാ പ്രദര്‍ശനം ഒഴിവാക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യമെന്നും ഫെസ്റ്റിവല്‍ അധികൃതര്‍ അറിയിച്ചു. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാതിരിക്കാനാണ് ഈ തീരുമാനം എന്നും അധികൃതര്‍ ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നിയമങ്ങള്‍ കടുപ്പിക്കാന്‍ ഫെസ്റ്റിവല്‍ അധികൃതരെ പ്രേരിപ്പിച്ചത് വിവാദമായ ചില പഴയ സംഭവങ്ങളാണ്. അടുത്തിടെ ഗ്രാമി അവാര്‍ഡ് ദാനച്ചടങ്ങിന്റെ റെഡ് കാര്‍പെറ്റില്‍ മോഡല്‍ ബയാന്‍ക സെന്‍സോറി സുതാര്യമായ വസ്ത്രം തിരിച്ചെത്തിയത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. പൂര്‍ണ നഗ്നയെന്ന് തോന്നിപ്പിക്കുന്ന വിധം നെറ്റ് കൊണ്ടുള്ള വസ്ത്രമാണ് ബയാന്‍ക ധരിച്ചത്.
ഇതിനു പുറമേ 2022 ല്‍ യുക്രൈനെ അനുകൂലിച്ച് ഒരു സ്ത്രീ മാറു മറയ്ക്കാതെ ശരീരത്തില്‍ യുക്രൈന്‍ പതാകയുടെ പെയിന്റ് അടിച്ച് പ്രതിഷേധിച്ചതും വലിയ വിവാദമായിരുന്നു. ഈ രണ്ടു സംഭവങ്ങളാണ് പ്രധാനമായും കാനില്‍ നഗ്നതാ പ്രദര്‍ശനം നിരോധിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നുണ്ട്. ഒരിക്കല്‍ പച്ച ഇറച്ചി കൊണ്ട് തുന്നിയ വസ്ത്രം ധരിച്ച് അമേരിക്കന്‍ ഗായിക ലേഡി ഗാഗ ഒരു അവാര്‍ഡ് ദാനച്ചടങ്ങില്‍ എത്തിയതും വലിയ വിവാദമായിരുന്നു. മൃഗ സംരക്ഷകര്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി.
ഓവര്‍ സൈസ്ഡ് വസ്ത്രങ്ങളും കാനില്‍ നിരോധിച്ചിട്ടുണ്ട്. ഇത്തരം വസ്ത്രങ്ങള്‍ സുരക്ഷാ പ്രശ്‌നം ഉണ്ടാക്കിയേക്കാം എന്ന് നിഗമനത്തിലാണ് ഈ തീരുമാനം. ഇത്തരം വസ്ത്രങ്ങള്‍ ധരിച്ചുവരുന്നവരെ ചടങ്ങിലോ റെഡ് കാര്‍പെറ്റിലോ പ്രവേശിപ്പിക്കില്ല. ഫെസ്റ്റിവല്‍ വേദിയില്‍ സുഗമമായ സഞ്ചാരം തടസപ്പെടുത്തുന്നതും ഇരിപ്പിടങ്ങളുടെ ക്രമീകരണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ വസ്ത്രങ്ങള്‍ക്കും കര്‍ശന വിലക്കുണ്ട്. എന്തായാലും കാന്‍ ഫെസ്റ്റിവല്‍ അധികൃതരുടെ ഈ തീരുമാനത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ എങ്ങനെ സ്വീകരിക്കും എന്നുള്ളത കാത്തിരുന്ന് കാണേണ്ടതാണ്.
ഇക്കുറി മെയ് 13 മുതല്‍ 24 വരെയാണ് കാന്‍ ചലച്ചിത്രമേള നടക്കുന്നത്. ഇന്ത്യക്കാരിയായ സംവിധായിക പായല്‍ കപാഡിയ ഇത്തവണ കാന്‍ ചലച്ചിത്രമേളയിലെ ജൂറി അംഗമാണ്.












Click it and Unblock the Notifications