അംബാനി സൗദിയേയും യുഎഇയേയും പൂർണ്ണമായി ഉപേക്ഷിക്കുന്നു? റഷ്യയുമായി വന്‍ഡീല്‍; 10 വർഷം എണ്ണ ഒഴുകും
ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ വലിയ വർധനവാണുണ്ടായത്. പാശ്ചാത്യ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ വലിയ വിലക്കിഴിവ് നല്‍കി റഷ്യന്‍ കമ്പനികള്‍ ഇന്ത്യന്‍ വിപണി പിടിക്കുകയായിരുന്നു. ഇതോടെ അറബ് രാഷ്ട്രങ്ങളെ മറികടന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി.
നിലവില്‍ രാജ്യത്തിന്റെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ ഏകദേശം 40 ശതമാനത്തോളം റഷ്യയില്‍ നിന്നാണ്. സമീപകാലത്ത് വിലക്കിഴിവില്‍ ഇടിവുണ്ടായതോടെ റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ നേരിയ തിരിച്ചടി നേരിട്ടിരുന്നു. വിലക്കിഴിവ് അവസാനിക്കുകയാണെങ്കില്‍ ഇന്ത്യന്‍ കമ്പനികളും വീണ്ടും സൗദി അറേബ്യയും ഇറാഖും അടങ്ങുന്ന ഗള്‍ഫ് രാഷ്ട്രങ്ങളെ സമീപിച്ചേക്കുമെന്ന വിലയിരുത്തലുകളും ശക്തമായിരുന്നു. എന്നാല്‍ ഇതിന് ഇടയിലാണ് ഇന്ത്യയിലെ ഒരു സ്വകാര്യ റിഫൈനർ റഷ്യയുമായി വമ്പന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി കരാറിലെത്തിയിരിക്കുന്നത്.

റിലയന്‍സ് ഗ്രൂപ്പാണ് റഷ്യയുടെ സ്റ്റേറ്റ് ഓയിൽ കമ്പനിയായ റോസ്‌നെഫ്റ്റുമായി പുതിയ കരാറിലേർപ്പെട്ടിരിക്കുന്നതാണെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പത്ത് വർഷത്തേക്ക് പ്രതിദിനം 500000 ബാരൽ ക്രൂഡ് (ബി പി ഡി) ഇന്ത്യയിലേക്ക് എത്തിക്കാനാണ് റിലയന്‍സും റോസ്‌നെഫ്റ്റുമായുള്ള കരാർ. ഇരു രാജ്യങ്ങളും തമ്മിലുള്ള എക്കാലത്തേയും വലിയ ഊർജ ഇടപാടുമാണിത്.
ഇന്നത്തെ വിലയിൽ പ്രതിവർഷം ഏകദേശം 13 ബില്യൺ ഡോളർ മൂല്യമുള്ള ഉടമ്പടി ആഗോള ക്രൂഡ് ഓയില്‍ വിതരണത്തിൻ്റെ 0.5% വരും. പശ്ചാത്യ ഉപരോധം ഇപ്പോഴും തുടരുന്ന റഷ്യയെ സംബന്ധിച്ച് വലിയ വിജയവും കൂടിയാണ് റിലയന്‍സുമായിട്ടുള്ള കരാർ. അതേസമയം മറുവശത്ത് സ്വാഭാവികമായും തിരിച്ചടി നേരിടുക സൗദി അറേബ്യയും ഇറാഖും യുഎഇയുമൊക്കെയാകും. റഷ്യയില്‍ നിന്നും വലിയ തോതില്‍ എണ്ണ എത്തുന്നോടെ അറബ് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇറക്കുമതി റിലയന്‍സ് വലിയ തോതില്‍ കുറയ്ക്കും.
റഷ്യ ഉൾപ്പെടെയുള്ള രാജ്യാന്തര വിതരണക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇടപാടുകൾ നടത്തുന്നതെന്നും റിലയന്‍സ് വ്യക്തമാക്കുന്നു. അതേസമയം തന്നെ കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്പനി തയ്യാറായില്ല. റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് കരാർ എന്നതും ശ്രദ്ധേയമാണ്.
2024-ൽ, പ്രതിമാസം 3 ദശലക്ഷം ബാരൽ ക്രൂഡ് ഓയില്‍ വാങ്ങുന്നതിനായി റോസ്‌നെഫ്റ്റുമായി റിലയൻസ് കരാർ ഉണ്ടാക്കിയിരുന്നു. പുതിയ കരാർ റഷ്യൻ തുറമുഖങ്ങളിൽ നിന്നുള്ള റോസ്‌നെഫ്റ്റിൻ്റെ കടൽ വഴിയുള്ള എണ്ണ കയറ്റുമതിയുടെ പകുതിയോളം വരും. ജനുവരി മുതൽ ഒക്ടോബർ വരെ, റിലയൻസ് പ്രതിദിനം ശരാശരി 405,000 ബാരൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 388500 ബി പി ഡി ആയിരുന്നു.
നവംബറിൽ നടന്ന റോസ്‌നെഫ്റ്റിൻ്റെ ബോർഡ് മീറ്റിംഗിൽ റോസ്‌നെഫ്റ്റും റിലയൻസും തമ്മിലുള്ള പുതിയ കരാർ ചർച്ച ചെയ്യുകയും അംഗീകാരം നല്‍കുകയായിരുന്നെന്നും റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു. ജനുവരി മുതല്‍ ആരംഭിക്കുന്ന വിതരണം 10 വർഷത്തേക്ക് തുടരുന്നതിനോടൊപ്പം തന്നെ വേണമെങ്കില്‍ മറ്റൊരു പത്ത് വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള ഓപ്ഷനുമുണ്ട്.
അതേസമയം, ഏഷ്യൻ രാജ്യങ്ങള്‍ക്കുള്ള ക്രൂഡ് ഓയിലിന്റെ ഔദ്യോഗിക വില്‍പ്പന വില സൗദി അറേബ്യ അടുത്തിടെ വീണ്ടും താഴ്ത്തിയിരുന്നു. പുതിയ ഇളവോടെ നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വില നിലവാരമെത്തി. നിരക്കിളവ് ജനുവരി മാസം മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യയും ചൈനയും അടങ്ങുന്ന ഏഷ്യന്‍ വിപണിയിലെ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സൗദി ഈ നീക്കം. എന്നാല്‍ ഇതിന് ഇടയിലാണ് സൗദിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായേക്കാവുന്ന വിധത്തില്‍ റിലയന്‍സ് റഷ്യയുമായി പുതിയ കരാറിലേർപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications