സൗദിക്ക് പിന്നാലെ യുഎഇയും വീണു; നാഫ്തയിലും റഷ്യ മുന്നില്‍... ഇന്ത്യ വാങ്ങുന്ന കണക്ക് പുറത്ത്
ദുബായ്: ഇന്ത്യയിലേക്കുള്ള പ്രകൃതി വിഭവങ്ങളുടെ കയറ്റുമതിയില്‍ ജിസിസി രാജ്യങ്ങളെ പിന്നിലാക്കി കുതിക്കുകയാണ് റഷ്യ. ഖനനം ചെയ്‌തെടുക്കുന്ന വിഭവങ്ങള്‍ വില കുറച്ച് വിറ്റ് നേട്ടം കൊയ്യുകയാണവര്‍. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ അവസരം നന്നായി മുതലെടുക്കുകയും ചെയ്യുന്നു. വില കുറച്ച് കിട്ടുന്നത് വാങ്ങി സൂക്ഷിക്കുക സ്വാഭാവികം.
ഒരു കാലത്ത് ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങിയിരുന്നത് സൗദിയില്‍ നിന്നായിരുന്നു. ഇറാഖ് കയറ്റുമതി വര്‍ധിപ്പിച്ചതോടെ സൗദിയെ പിന്തള്ളി ഈ സ്ഥാനത്ത് ഇറാഖ് എത്തി. എന്നാല്‍ ഈ രണ്ട് രാജ്യങ്ങളെയും പിന്നിലാക്കി റഷ്യയാണ് നിലവില്‍ മുന്നിലുള്ളത്. റഷ്യയ്ക്കും ഇറാഖിനും പിറകിലാണ് ഇപ്പോള്‍ സൗദി അറേബ്യ. അതേസമയം, യുഎഇയെ റഷ്യ പിന്നിലാക്കിയത് നാഫ്ത ഇറക്കുമതിയിലാണ്.

ഇന്ത്യയിലേക്ക് കൂടുതല്‍ നാഫ്ത കയറ്റി അയച്ചിരുന്നത് യുഎഇ ആയിരുന്നു. കഴിഞ്ഞ മാസത്തെ കണക്കു പ്രകാരം റഷ്യയാണ് മുന്നില്‍. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യ വില കുറച്ച് നാഫ്ത വില്‍ക്കുകയാണ്. ഇത് ഇന്ത്യ കൂടുതലായി വാങ്ങുകയും ചെയ്യുന്നുണ്ട്. ഇതോടെയാണ് യുഎഇ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. കപ്പലുകളുടെ ഗതാഗത കണക്കുകള്‍ പരിശോധിക്കുന്ന ഏജന്‍സികള്‍ പുറത്തുവിട്ട കണക്കുകള്‍ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.
പ്ലാസ്റ്റിക്കുകള്‍ക്കും പോളിസ്റ്റര്‍ നാരുകള്‍ക്കുമുള്ള പെട്രോ കെമിക്കലുകള്‍ നിര്‍മിക്കുന്നതിനു ഉപയോഗിക്കുന്ന പെട്രോളിയം ഉല്‍പ്പന്നമാണ് നാഫ്ത. ജ്വലന ശേഷിയുള്ള ഹൈേേഡ്രാ കാര്‍ബണ്‍ മിശ്രിതമാണിത്. ആവശ്യത്തിനുള്ള നാഫ്ത വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യയുടെ രീതി. ഇതുവരെ ഇക്കാര്യത്തില്‍ ഇന്ത്യ കൂടുതലായി ആശ്രയിച്ചിരുന്നത് യുഎഇയെ ആയിരുന്നു.
സമീപ കാലം വരെ നാഫ്തയുടെ കാര്യത്തില്‍ ഇന്ത്യ വളരെ കുറച്ച് മാത്രമാണ് റഷ്യയെ ആശ്രയിച്ചിരുന്നത്. റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ചരക്ക് എത്തിക്കുന്നതിനുള്ള ഉയര്‍ന്ന ചെലവായിരുന്നു ഇതിന് കാരണം. എന്നാല്‍ യുക്രൈന്‍ യുദ്ധം തുടങ്ങിയതോടെ സാഹചര്യം മാറി. യൂറോപ്പും അമേരിക്കയും പ്രഖ്യാപിച്ച ഉപരോധം മറികടക്കാനാണ് റഷ്യ എണ്ണയും നാഫ്തയും വില കുറച്ച് വില്‍ക്കുന്നത്.
കഴിഞ്ഞ ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്ക് പ്രകാരം 21 ലക്ഷം മെട്രിക് ടണ്‍ നാഫ്തയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതില്‍ 7.7 ലക്ഷം ടണ്‍ റഷ്യയില്‍ നിന്നാണെന്ന് വോര്‍ട്ടെക്‌സയുടെ കണക്കുകള്‍ പറയുന്നു. 2022ല്‍ ഇത് വെറും 1.54 ലക്ഷമായിരുന്നു എന്നത് എടുത്തുപറയണം. യുഎഇയില്‍ നിന്ന് ജനുവരി മുതല്‍ സെപ്തംബര്‍ വരെ ഇറക്കിയത് 6.86 ടണ്‍ നാഫ്തയാണ്. 2022ലെ ഇതേ കാലയളവില്‍ 6.97 ടണ്‍ ആയിരുന്നു.
ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസം റഷ്യയില്‍ നിന്ന് ഏഴര ലക്ഷം ടണ്‍ നാഫ്ത ഇറക്കുമതി ചെയ്തുവെന്നാണ് എല്‍എസ്ഇജി ഡാറ്റ പറയുന്നത്. 2022ല്‍ ഇതേ കാലയളവില്‍ 1.85 ആയിരുന്നുവെന്നും ഇവരുടെ കണക്കുകള്‍ വിശദീകരിക്കുന്നു. യുഎഇയില്‍ നിന്ന് ഈ വര്‍ഷം 6.7 ലക്ഷം ടണ്‍ നാഫ്ത ഇറക്കിയപ്പോള്‍ കഴിഞ്ഞ വര്‍ഷം 7.26 ടണ്‍ ഇറക്കിയിരുന്നുവെന്നും എല്‍എസ്ഇജി കണക്കില്‍ ചൂണ്ടിക്കാട്ടുന്നു. റിലയന്‍സ്, എച്ച്പിസിഎല്‍-മിത്തല്‍ എനര്‍ജി ലിമിറ്റഡ് എന്നീ ഇന്ത്യന്‍ കമ്പനികളാണ് കൂടുതല്‍ നാഫ്ത വാങ്ങുന്നത്.












Click it and Unblock the Notifications