റഷ്യ ബ്രിട്ടന് ദേശീയ സുരക്ഷാ ഭീഷണി; ആദ്യമായി ഔദ്യോഗിക പ്രഖ്യാപനം, വൈകാതെ ചൈനയും എത്തും?
ലണ്ടൻ: ബ്രിട്ടന് ദേശീയ സുരക്ഷാ ഭീഷണിയായി റഷ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദ്യമായാണ് ഇത്തരമൊരു നടപടി. ഇതോടെ പുടിന്റെ ഭരണകൂടത്തിനുവേണ്ടി പ്രവർത്തിക്കുന്ന റഷ്യൻ ഏജന്റുമാർ അവരുടെ പ്രവർത്തനങ്ങൾ കൃത്യമായി രജിസ്‌റ്റർ ചെയ്യാൻ നിർബന്ധിതരാകുമെന്നും അല്ലെങ്കിൽ അഞ്ച് വർഷം വരെ തടവ് അനുഭവിക്കേണ്ടി വരുമെന്നും ബ്രിട്ടീഷ് സുരക്ഷാ മന്ത്രി ഡാൻ ജാർവിസ് ഇന്ന് പ്രഖ്യാപിച്ചു.
സാലിസ്ബറിയിലെ വിഷബാധ, ചാരവൃത്തി, സൈബർ ആക്രമണങ്ങൾ, യുക്രൈൻ അധിനിവേശം എന്നിവയുൾപ്പെടെയുള്ള ശത്രുതാപരമായ പ്രവർത്തനങ്ങളിലൂടെ റഷ്യ യുകെ ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്ന് ഹൗസ് ഓഫ് കോമൺസിൽ നടത്തിയ പ്രസ്‌താവനയിൽ മന്ത്രി ജാൻ ഡാർവിസ് പറഞ്ഞു.

ഇതോടെ യുകെയുടെ താൽപ്പര്യങ്ങളുടെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന രാജ്യങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന, വരാനിരിക്കുന്ന വിദേശ സ്വാധീന രജിസ്ട്രേഷൻ പദ്ധതിയുടെ (ഫിർസ്) ഏറ്റവും ഉയർന്ന നിരയിലേക്ക് റഷ്യയെ ചേർക്കും. യുക്രൈൻ യുദ്ധത്തിന് ശേഷമുള്ള യുകെയുടെ ശക്തമായ നീക്കങ്ങളിൽ ഒന്നാണിത്.
ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഫിർസ് പദ്ധതി, ആദ്യമായി യുകെയിലെ ഒരു വിദേശ ശക്തിക്കോ സ്ഥാപനത്തിനോ വേണ്ടി പ്രവർത്തിക്കുന്ന ആരെയും അവരുടെ പ്രവർത്തനങ്ങൾ സ്വയം പ്രഖ്യാപിക്കാനോ അല്ലെങ്കിൽ അറസ്‌റ്റും പ്രോസിക്യൂഷനും നേരിടാനോ നിർബന്ധിതരാക്കും. റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പ്രവർത്തനം തടയിടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രസിഡന്റ് പുടിൻ, റഷ്യയിലെ സർക്കാർ ഏജൻസികൾ, സായുധ സേന, ഇന്റലിജൻസ് സർവീസുകൾ, പോലീസ് സേനകൾ, ജഡ്‌ജിമാർ എന്നിവരുൾപ്പെടെയുള്ള അധികാരികൾ ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുമെന്ന് മന്ത്രി ജാർവിസ് പറഞ്ഞു. യുണൈറ്റഡ് റഷ്യ പോലുള്ള ചില റഷ്യൻ രാഷ്ട്രീയ പാർട്ടികളും ഇതിൽ ഉൾപ്പെടും.
നേരത്തെ ഈ നിയമത്തിന് കീഴിൽ ആദ്യമായി ഇറാനെയാണ് സുരക്ഷാ ഭീഷണിയായി പ്രഖ്യാപിച്ചത്. റഷ്യയ്ക്ക് എതിരായ ഇത്തരമൊരു തുറന്ന നീക്കം യുകെയുടെ ഭാഗത്ത് നിന്ന് ആദ്യമാണ്. നിലവിലെ സാഹചര്യത്തിൽ ചൈനയേയും ഈ പട്ടികയിൽ ഉൾപ്പെടുത്തുമോ എന്ന ചോദ്യമാണ് പ്രധാനമായും വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.
എന്നാൽ ഇതിൽ പ്രതികരിക്കാൻ മന്ത്രി വിസമ്മതിച്ചു. ഇതോടെ വൈകാതെ ചൈനയും ഈ പട്ടികയിലേക്ക് ചേർക്കപ്പെടും എന്ന അഭ്യൂഹങ്ങൾ ശക്തമാണ്. യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ എതിർക്കുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നാണ് ബ്രിട്ടൻ. ഈ സാഹചര്യത്തിലാണ് അവരുടെ പുതിയ നീക്കം ഏറെ പ്രാധാന്യം അർഹിക്കുന്നത്.












Click it and Unblock the Notifications