കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ റഷ്യയും അമേരിക്കയും നേര്‍ക്കു നേര്‍; ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് റഷ്യ

  • By Desk
Google Oneindia Malayalam News

മോസ്‌കോ: സിറിയയില്‍ ഐ.എസ് വിരുദ്ധ പോരാട്ടവും, പ്രദേശങ്ങളുടെ നിയന്ത്രണത്തെ ചൊല്ലിയുള്ള തര്‍ക്കവും റഷ്യ-യു.എസ് സംഘര്‍ഷത്തിലേക്ക് വഴിതുറക്കുന്നു. സിറിയയിലെ എണ്ണ സമ്പന്നമായ ദേര്‍ അസ്സൂറില്‍ ഐ.എസ് ഭീകരര്‍ക്കെതിരേ പോരാടുന്ന സിറിയന്‍ സൈന്യത്തിനൊപ്പം തങ്ങളുടെ പ്രത്യേക സേനയെ കൂടി വിന്യസിച്ചിട്ടുണ്ടെന്നും തങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും അമേരിക്കന്‍ സേനയ്ക്ക് റഷ്യ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ രണ്ടു ദിവസത്തിനിടയല്‍ അമേരിക്കയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സിറിയന്‍ വിമതസേനയായ എസ്.ഡി.എഫ് (സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ്) സിറിയന്‍ സൈന്യത്തിനു നേരെ രണ്ട് തവണ ആക്രമണം നടത്തിയതായി റഷ്യ ആരോപിച്ചു.

russia

സിറിയയില്‍ റഷ്യന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സൈന്യം ഒരു ഭാഗത്തും അമേരിക്കന്‍ പിന്തുണയുള്ള കുര്‍ദുകളുടെയും സിറിയന്‍ വിമതരുടെയും സേന മറുഭാഗത്തുമാണ് അണിനിരന്നിരിക്കുന്നത്. ഇതുവരെ ഇരുവിഭാഗവും ഐ.എസ്സിനെതിരെയായിരുന്നു പോരാടിയിരുന്നതെങ്കില്‍ ഐ.എസ് നിയന്ത്രിത പ്രദേശങ്ങള്‍ ചുരുങ്ങിവരികയും ഇരു സേനാവിഭാഗങ്ങള്‍ തൊട്ടടുത്ത് എത്തിനില്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് പരസ്പരം ഏറ്റുമുട്ടലുണ്ടാകുമെന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്.

ഇതുവരെ സിറിയന്‍ കരസൈനികര്‍ക്ക് ആവശ്യമായ വ്യോമപിന്തുണയാണ് റഷ്യന്‍ സേന നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ റഷ്യന്‍ കരസൈനികര്‍ തന്നെ സിറിയന്‍ സൈനികര്‍ക്കൊപ്പം ചേര്‍ന്നതോടെ അമേരിക്കന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിന് സാധ്യത വര്‍ധിച്ചിരിക്കുകയാണ്.

യൂഫ്രട്ടീസ് നദിയുടെ കിഴക്കുഭാഗത്തുള്ള എസ്.ഡി.എഫ് സേനാകേന്ദ്രത്തില്‍ നിന്ന് സിറിയന്‍ സൈനികര്‍ക്കെതിരേ രണ്ടു തവണ മോര്‍ട്ടാര്‍, റോക്കറ്റ് ആക്രമണങ്ങള്‍ നടന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ ഇഗോര്‍ കൊനാഷെങ്കോവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് അമേരിക്കന്‍ സേനാ കമാന്റിന് നല്‍കിയതായും അദ്ദേഹം അറിയിച്ചു.

സിറിയന്‍ സൈനികരെ സഹായിക്കാന്‍ റഷ്യന്‍ സൈനികരെയും കൂടെ വിന്യസിച്ചിട്ടുണ്ടെന്നും ഇനി ഇത്തരം ആക്രമണങ്ങളുണ്ടായാല്‍ ഉടന്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. എവിടെ നിന്നാണോ ആക്രമണമുണ്ടായത് ആ താവളം തങ്ങളുടെ എല്ലാവിധ ആയുധങ്ങളും ഉപയോഗിച്ച് നശിപ്പിക്കുമെന്നും വക്താവ് മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ സേന തങ്ങളുടെ സഖ്യകക്ഷിയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസിനു നേരെ ആക്രമണം നടത്തിയതായി പെന്റഗണ്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം റഷ്യ നിഷേധിക്കുകയുണ്ടായി.

സിറിയയിലെ ഏറ്റവും വലിയ എണ്ണപ്പാടമായ അല്‍ ഉമര്‍ ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന ദേര്‍ അസ്സൂര്‍ പ്രവിശ്യയുടെ ഭൂരിഭാഗവും ഐ.എസ്സില്‍ നിന്ന് റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സേന പിടിച്ചെടുത്തു കഴിഞ്ഞു. ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ചില പ്രദേശങ്ങളിലാണ് എസ്.ഡി.എഫിന് ശക്തിയുള്ളത്.

English summary
Russian warning to US forces
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X