യൂറോപ്പില്‍ നിന്ന് ഒരു ആയുധവും വരാന്‍ പോകുന്നില്ല, സെലെന്‍സ്‌കി നാടകം കളിക്കുകയാണ്: എംകെ ഭദ്രകുമാര്‍
തിരുവനന്തപുരം: യുക്രൈന്റെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം സ്വപ്‌നം മാത്രമാണെന്ന് റഷ്യയിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ എം കെ ഭദ്രകുമാര്‍. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം കെ ഭദ്രകുമാര്‍. ഒരുപാട് നടപടിക്രമങ്ങളുള്ള വിഷയമാണ് യു.എന്‍ അംഗത്വമെന്നും ഇതിനായി സങ്കീര്‍ണതകള്‍ ഏറെയുണ്ടെന്നും ഭദ്രകുമാര്‍ പറഞ്ഞു. യുക്രൈനിന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാന്‍ വര്‍ഷങ്ങളെടുക്കും. തുര്‍ക്കി അപേക്ഷിച്ചിട്ട് 35 വര്‍ഷമായി. ഹംഗറി പോലെ റഷ്യക്ക് സ്വാധീനമുള്ള രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെലന്‍സ്‌കി നാടകം കളിക്കുകയാണ്. അയാളൊരു ഡ്രഗ് അഡിക്റ്റ് ആണ്. പറയാന്‍ കൊള്ളാത്ത പല സ്വഭാവങ്ങളും അയാള്‍ക്കുണ്ട്. വളരെ ഡ്രമാറ്റൈസ് ചെയ്യുന്ന ഒരു മനുഷ്യനാണ് സെലെന്‍സ്‌കി. അദ്ദേഹത്തിന്റെ പ്രൊഫഷന്‍ തന്നെ ഒരു ആങ്കറായിരുന്നു, താങ്കളെപ്പോലെ. ടെലിവിഷനിലെ കോമഡി പ്രോഗ്രാമിലെ ആങ്കറായിരുന്നു. യാതൊരു രാഷ്ട്രീയ പാരമ്പര്യവുമുള്ള ആളല്ല, ഭദ്രകുമാര്‍ പറഞ്ഞു. ഇറാഖിന്റെ കാര്യത്തിലും ഇതേ ആവേശമായിരുന്നുവെന്നും സദ്ദാം ഹുസൈന്‍ അമേരിക്കയുടെ സാമ്രാജ്യത്വത്തെ നശിപ്പിക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള വലിയ ഉത്സാഹമൊക്കെയുണ്ടായിരുന്നുവെന്നും ഭദ്രകുമാര്‍ ചൂണ്ടിക്കാട്ടി. എന്നിട്ടെന്താണ് സംഭവിച്ചതെന്നും അദ്ദേഹം ചോദിച്ചു.

യൂറോപ്പില്‍ നിന്ന് ഒരു ആയുധവും വരാന്‍ പോകുന്നില്ല. അതിന് റഷ്യ സമ്മതിക്കില്ല. യൂറോപ്പിന്റേത് യുദ്ധം ചെയ്യുന്ന പാരമ്പര്യമരല്ല. അത് നാറ്റോയാണ് ചെയ്യുന്നത്. ഒരു മാപ്പ് നോക്കിയാല്‍ അവിടുത്തെ ജിയോഗ്രഫി മനസിലാക്കാന്‍ കഴിയുമെന്നും യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാതെ കാര്യങ്ങള്‍ വിലയിരുത്തുക സാധ്യമല്ലെന്നും ഭദ്രകുമാര്‍ വ്യക്തമാക്കി. അമേരിക്കന്‍ ഇടപെടല്‍ എന്നത് ദിവാസ്വപ്‌നമാണെന്നും അമേരിക്കയും റഷ്യയും തമ്മില്‍ നല്ല സൗഹൃദം തന്നെയാണെന്നും ഭദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയനെ നശിപ്പിക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനുള്ള യക്രൈന്റെ അപേക്ഷ സ്വീകരിച്ചു. നടപടി ക്രമങ്ങള്‍ക്കായി പ്രത്യേക സെഷന്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ചൊവ്വാഴ്ച യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് നേരത്തെ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി സംസാരിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ സെലന്‍സ്‌കി യൂറോപ്യന്‍ യൂണിയന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചു. യുക്രൈനോടൊപ്പമാണെന്ന് യുറോപ്യന്‍ യൂണിയന്‍ തെളിയിക്കണമെന്നും പോരാട്ടത്തില്‍ യുക്രൈന്‍ ഒറ്റയ്ക്കാണെന്നും സെലന്‍സ്‌കി പറഞ്ഞു.

ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് പാര്‍ലമെന്റ് സെലന്‍സ്‌കിയുടെ പ്രസംഗത്തിന് പിന്തുണ നല്‍കിയത്. സ്വാതന്ത്ര്യ ചത്വരം വരെ റഷ്യ തകര്‍ത്തെന്നും 16 കുഞ്ഞുങ്ങള്‍ മരിച്ചെന്നും സെലെന്‍സ്‌കി പ്രസംഗത്തില്‍ പറഞ്ഞു. ഇവര്‍ ഏത് സൈനിക യൂണിറ്റില്‍ നിന്നുള്ളവരാണെന്നും സെലന്‍സ്‌കി ചോദിച്ചു.എന്നാല്‍, അംഗത്വം വേണം എന്ന യുക്രൈന്‍ പ്രമേയം അംഗീകരിക്കുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് റോബര്‍ട്ട് മെറ്റ്‌സോള ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു. റഷ്യ വിവിധ ഭാഗങ്ങളില്‍ നിന്ന് യുക്രൈനെ ആക്രമിക്കുന്നു.
Recommended Video

എന്നാല്‍, ആക്രമണത്തെ യുക്രൈന്‍ തടയുന്നു. രാജ്യം അവരുടെ ഭൂമിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുകയാണെന്നും റോബര്‍ട്ട് മെറ്റ്‌സോള പറഞ്ഞു. അതേസമയം യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കുന്നതിന്റെ ആദ്യപടിയായി 'സ്ഥാനാര്‍ഥി രാജ്യ'മായി യുക്രൈനെ ഉടന്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അംഗരാജ്യങ്ങള്‍ കത്തെഴുതി. എസ്‌തോണിയ, ബള്‍ഗേറിയ, ചെക് റിപ്പബ്ലിക്, ലാത്വിയ, ലിത്വാനിയ, പോളണ്ട്, സ്ലൊവാക്യ, സ്ലൊവീനിയ എന്നിവരാണ് പാര്‍ലമെന്റിന് തുറന്ന കത്തെഴുതിയത്. അതേസമയം, യുക്രൈനില്‍ റഷ്യന്‍ അധിനിവേശം ഏഴാം ദിവസത്തില്‍ എത്തി നില്‍ക്കുകയാണ്. ഇന്ന് പുലര്‍ച്ചെ മുതല്‍ ശക്തമായ ആക്രമാണ് റഷ്യ യുക്രൈന് മേല്‍ നടത്തുന്നത്.












Click it and Unblock the Notifications