ആണവശേഷിയുള്ള മിസൈലുകള്‍ പരിശീലിച്ച് റഷ്യ; പാശ്ചാത്യരാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പ്?
മോസ്‌കോ: റഷ്യന്‍ സൈന്യം ബുധനാഴ്ച കലിനിന്‍ഗ്രാഡിന്റെ പടിഞ്ഞാറന്‍ എന്‍ക്ലേവില്‍ ആണവശേഷിയുള്ള മിസൈല്‍ പരിശീലനം നടത്തിയതായി പ്രതിരോധ മന്ത്രാലയം. യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ പോളണ്ടിനും ലിത്വാനിയയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ബാള്‍ട്ടിക് കടലിലെ എന്‍ക്ലേവില്‍ ആണവശേഷിയുള്ള ഇസ്‌കന്ദര്‍ മൊബൈല്‍ ബാലിസ്റ്റിക് മിസൈല്‍ സംവിധാനങ്ങളുടെ സിമുലേറ്റഡ് 'ഇലക്ട്രോണിക് ലോഞ്ചുകള്‍' റഷ്യ പരിശീലിച്ചു എന്നാണ് റിപ്പോര്‍ട്ട്.
മിസൈല്‍ സംവിധാനങ്ങള്‍, വ്യോമപരിധികള്‍, സംരക്ഷിത അടിസ്ഥാന സൗകര്യങ്ങള്‍, സൈനിക ഉപകരണങ്ങള്‍, ശത്രു സൈന്യത്തിന്റെ കമാന്‍ഡ് പോസ്റ്റുകള്‍ എന്നിവ അനുകരിച്ചുകൊണ്ട് റഷ്യന്‍ സേന ഒറ്റയും ഒന്നിലധികവും ആക്രമണങ്ങളും പരിശീലിച്ചതായാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്. ഇലക്ട്രോണിക് വിക്ഷേപണങ്ങള്‍ നടത്തിയ ശേഷം, 'സാധ്യമായ പ്രതികാര ആക്രമണം' ഒഴിവാക്കാന്‍ സൈനിക ഉദ്യോഗസ്ഥര്‍ വിദഗ്ധമായ നടപടികള്‍ സ്വീകരിച്ചതായും പ്രസ്താവനയില്‍ പറയുന്നു. പരിശീലനത്തില്‍ നൂറിലധികം സൈനികര്‍ പങ്കെടുത്തു.
യുക്രൈനിലെ സൈനിക നടപടിയുടെ 70-ാം ദിവസമാണ് റഷ്യയുടെ പ്രഖ്യാപനം വന്നത്. ഫെബ്രുവരി അവസാനം യുക്രൈനിലേക്ക് സൈന്യത്തെ അയച്ചതിന് ശേഷം, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ റഷ്യയുടെ തന്ത്രപരമായ ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള സന്നദ്ധതയെക്കുറിച്ച് സൂചന നല്‍കിയിരുന്നു. രണ്ടാഴ്ചയായി, ആണവ നിലയങ്ങള്‍ തുറക്കണമെന്ന് തങ്ങളുടെ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിന്ന് കേള്‍ക്കുന്നുണ്ടെന്ന് റഷ്യന്‍ പത്രത്തിന്റെ എഡിറ്ററും സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവുമായ ദിമിത്രി മുറാറ്റോവ് രണ്ട് ദിവസം മുന്‍പ് പറഞ്ഞിരുന്നു.
അതേസമയം യുക്രെയ്‌നിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളില്‍ 600 പേരെ വധിച്ചെന്നാണ് റഷ്യ അവകാശപ്പെടുന്നത്. മധ്യ യുക്രെയ്‌നിലെ കനട്ടോവോ വിമാനത്താവളത്തിന് കനത്ത നാശം വരുത്തിയതായും മൈക്കലോവ് നഗരത്തിലെ ആയുധശാല തകര്‍ത്തതായും റഷ്യയുടെ പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നു. അടുത്ത മാസം പകുതിയോടെ പാശ്ചാത്യരാജ്യങ്ങളില്‍ നിന്ന് ആയുധശേഖരം ലഭിക്കുന്നത് വരെ യുക്രെയ്ന്‍ കാര്യമായ ആക്രമണം നടത്താന്‍ ഇടയില്ലെന്നാണ് റഷ്യയുടെ കണക്കുകൂട്ടല്‍.
ഈ പശ്ചാത്തലത്തിലാണ് ആണവായുധ പരിശീലനം എന്നതും ശ്രദ്ധേയമാണ്. അതിനിടെ റഷ്യന്‍ സൈന്യം മരിയുപോളിലെ അസോവ്സ്റ്റല്‍ സ്റ്റീല്‍ വര്‍ക്ക്‌സില്‍ റഷ്യ വാഗ്ദാനം ചെയ്ത ഉടമ്പടി 'ലംഘനം' നടത്തിയതായി ഒരു യുക്രേനിയന്‍ കമാന്‍ഡര്‍ വ്യാഴാഴ്ച അവകാശപ്പെട്ടു. എന്നാല്‍ അസോവ്സ്റ്റലില്‍ നിന്നുള്ള സാധാരണക്കാര്‍ക്ക് സുരക്ഷിതമായ വഴിയൊരുക്കാന്‍ റഷ്യന്‍ സൈന്യം ഇപ്പോഴും തയ്യാറാണ് എന്ന് പുടിന്‍ പറയുന്നു.
നേരത്തെ ഇവിടെ ബങ്കറുകളില്‍ കഴിയുന്ന 200 സാധാരണക്കാരെ ഒഴിപ്പിക്കാന്‍ വെടിനിര്‍ത്തല്‍ വേണമെന്ന യുക്രെയ്‌നിന്റെ അഭ്യര്‍ഥന റഷ്യ തള്ളിയിരുന്നു. അതേസമയം രാവിലെ മുതല്‍ വൈകീട്ട് വരെ സാധാരണക്കാര്‍ ഒഴിഞ്ഞുപോകുന്നതു തടയില്ലെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. ഡോണേറ്റ്‌സ്‌കിലും ലുഹാന്‍സ്‌കിലും റഷ്യ കനത്ത ഷെല്ലാക്രമണം തുടരുകയാണ്. ആയുധങ്ങളും മറ്റും എത്തിക്കുന്ന റെയില്‍വേ സ്റ്റേഷനുകളെയാണ് റഷ്യ പ്രധാനമായി ലക്ഷ്യമിടുന്നത്. അതിനിടെ റഷ്യയില്‍ നിന്നുള്ള എണ്ണ, വാതക ഇറക്കുമതി നിര്‍ത്താനുള്ള യൂറോപ്യന്‍ യൂണിയന്‍ നീക്കത്തെ തുടര്‍ന്ന് അംഗരാജ്യങ്ങള്‍ അതിനുള്ള ഒരുക്കം തുടങ്ങിയിട്ടുണ്ട്.
ഫോട്ടോഷൂട്ട്... അത് പ്രിയാമണി കഴിഞ്ഞേ ഉള്ളൂ... വൈറല്‍ ചിത്രങ്ങള്‍
യൂറോപ്യന്‍ യൂണിയന്‍ പ്രമേയം ഓരോ രാജ്യവും അംഗീകരിക്കേണ്ടതുണ്ട്. റഷ്യന്‍ കമ്പനിയായ ഗ്യാസ്‌പ്രോം ജര്‍മനിയില്‍ ഉപേക്ഷിച്ചുപോയ റഹ്ദാന്‍ വാതകസംഭരണശാല നിറയ്ക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. നാറ്റോയില്‍ ചേരാനുള്ള സ്വീഡന്റെയും ഫിന്‍ലന്‍ഡിന്റെയും ശ്രമങ്ങളെ അമേരിക്ക പിന്തുണച്ചിട്ടുണ്ട്. അതിനുള്ള നടപടി പൂര്‍ത്തിയാകും വരെ സ്വീഡന് സംരക്ഷണം നല്‍കുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡനും അറിയിച്ചിട്ടുണ്ട്. യുക്രെയ്ന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യയിലെ മേഖലാ ഓഫിസ് അടച്ചുപൂട്ടണം എന്ന് ആവശ്യപ്പെടുന്ന കരട് പ്രമേയം ലോകാരോഗ്യ സംഘടന അടുത്ത ചൊവ്വാഴ്ച പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.