റഷ്യന്‍ എണ്ണ ഇറക്കുമതി നിരോധിച്ച് അമേരിക്ക; റഷ്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തം
വാഷിംഗ്ടണ്‍: റഷ്യയുടെ യുക്രൈന്‍ അധിനിവേശം രണ്ടാഴ്ചയാകാനിരിക്കെ റഷ്യയില്‍ നിന്നുള്ള എണ്ണയുടെയും പ്രകൃതി വാതകത്തിന്റേയും ഇറക്കുമതി നിരോധിച്ച് അമേരിക്ക. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റേതാണ് റിപ്പോര്‍ട്ട്. എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ബൈഡന് കോണ്‍ഗ്രസില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തായിരുന്നു. അതേസമയം ഉപരോധം ഏര്‍പ്പെടുത്തുന്നത് കടുത്ത പ്രത്യഘാതങ്ങള്‍ വിളിച്ച് വരുത്തുമെന്നാണ് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.
എന്നാല്‍ അഭിപ്രായ ഭിന്നതകളെ മറികടന്ന് ഒടുവില്‍ എണ്ണ ഇറക്കുമതി നിരോധിക്കാന്‍ തന്നെ അമേരിക്ക തീരുമാനമെടുക്കുകയായിരുന്നു. ഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിരോധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഇന്ന് എണ്ണവില 2008 ന് ശേഷമുള്ള ഏറ്റവും കൂടിയ നിലയിലേക്ക് ഉയര്‍ന്നിരുന്നു. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ഈ വര്‍ഷം എണ്ണവില 60 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 126 ഡോളറായി ഉയര്‍ന്നിരുന്നു.

അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്ക് ബ്രെന്റ് ക്രൂഡ് ബാരലിന് 130 ഡോളറിലേക്കും എത്തി. ഓയില്‍, ഗ്യാസ്, കരിക്കരി എന്നിവയുടെ ഇറക്കുമതി പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. പുടിന്റെ നേതൃത്വത്തിന് അമേരിക്കന്‍ ജനത മറ്റൊരു ശക്തമായ തിരിച്ചടി നല്‍കുന്നുവെന്നാണ് നിരോധനം പ്രഖ്യാപിച്ച് കൊണ്ട് ബൈഡന്‍ പ്രതികരിച്ചത്. രാജ്യത്ത് ഇന്ധന വില ഗണ്യമായി വര്‍ധിക്കുമെന്ന ആശങ്കകള്‍ക്കിടയിലും, ഇറക്കുമതി നിരോധിക്കാനുള്ള നീക്കത്തിന് രാഷ്ട്രീയ നേതൃത്വത്തിന്റെ ശക്തമായ പിന്തുണയുണ്ടെന്നാണ് വിവരം.

ലോകത്തിലെ ഏറ്റവും വലിയ ഊര്‍ജോല്‍പാദക രാജ്യമായ റഷ്യയുടെ എണ്ണ, പ്രകൃതിവാതക ആശ്രയത്വം കുറക്കാനുള്ള വഴികള്‍ തേടുകയാണ് യു എസും യൂറോപ്പും. റഷ്യന്‍ എണ്ണ ഉപഭോഗത്തില്‍ നിന്ന് യൂറോപ്പ് ഘട്ടം ഘട്ടമായി പിന്തിരിയണമെന്നാണ് ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ബോറിസ് ജോണ്‍സണ്‍ നിലപാട് വ്യക്തമാക്കിയത്. എണ്ണയ്ക്ക് അമിതമായി റഷ്യയെ ആശ്രയിക്കുന്നത് നിര്‍ത്തണമെന്ന് ജസ്റ്റിന്‍ ട്രൂഡോ തന്നെ പറഞ്ഞിരുന്നു.

റഷ്യയുടെ സമ്പദ് വ്യവസ്ഥ തകരാന്‍ എണ്ണ ഉപരോധം കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. റഷ്യക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടും ഊര്‍ജ കയറ്റുമതിയിലൂടെ റഷ്യയിലേക്ക് പണമൊഴുകുന്നതായാണ് വിലയിരുത്തല്‍. യൂറോപ്പിലെ ഫോസില്‍ ഇന്ധനത്തിന്റെ മൂന്നിലൊന്നും റഷ്യയില്‍നിന്നുള്ള പ്രകൃതിവാതകമാണ്. എണ്ണ ഇറക്കുമതിയുണ്ടെങ്കിലും പ്രകൃതിവാതകം യു എസ് ഇറക്കുമതി ചെയ്യുന്നില്ല. അതേസമയം, റഷ്യന്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ നിരോധിക്കാനുള്ള പാശ്ചാത്യരാജ്യങ്ങളുടെ നീക്കം ആഗോളവിപണിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും ക്രൂഡ് ഓയില്‍ വില 300 ഡോളറായി വര്‍ധിപ്പിച്ചേക്കാമെന്നും റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക് മുന്നറിയിപ്പ് നല്‍കി.

അതേസമയം റഷ്യയില്‍ നിന്ന് എണ്ണയും ഗ്യാസും വാങ്ങുന്നത് നിര്‍ത്തിയാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ പറഞ്ഞിരുന്നു. റഷ്യന്‍ എണ്ണയും വാതകവും നിരോധിക്കുന്നതിനെതിരെ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും മുന്നറിയിപ്പ് നല്‍കിയിരുന്നു. യൂറോപ്യന്‍ വിപണിയില്‍ റഷ്യന്‍ എണ്ണയ്ക്ക് ബദല്‍ മാര്‍ഗങ്ങള്‍ പെട്ടെന്ന് കണ്ടെത്താന്‍ പ്രയാസമാണ്. 'നോര്‍ഡ് സ്ട്രീം 1' പൈപ്പ്ലൈനിലൂടെ ജര്‍മനി വഴിയാണ് റഷ്യയില്‍ നിന്ന് പ്രകൃതി വാതകമെത്തുന്നത്. പുതുതായി ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന 'നോര്‍ഡ് സ്ട്രീം 2' പൈപ്പ്ലൈന്‍ പദ്ധതി തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ മാസം ജര്‍മനി തീരുമാനിച്ചിരിക്കുകയാണ്. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം തുടങ്ങിയപ്പോള്‍ തന്നെ അമേരിക്ക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയിരുന്നു. എന്നാല്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണ് എണ്ണ ഇറക്കുമതി ഉപരോധം എന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications