യുഎന്‍ മേധാവി ഗുട്ടെറസുമായി അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്ത് എസ് ജയശങ്കര്‍
ന്യൂയോര്‍ക്ക്: യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍. ''യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെ കണ്ടതിൽ സന്തോഷം. ഇന്നലെ നടന്ന സുരക്ഷാ കൗൺസിൽ യോഗത്തിന് ശേഷം ഞങ്ങളുടെ ചർച്ചകൾ അഫ്ഗാനിസ്ഥാനിൽ ശ്രദ്ധ കേന്ദ്രീകരിച്ചു'' - ജയശങ്കർ ട്വിറ്ററില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ സംബന്ധിച്ച് യുഎൻ സുരക്ഷാ കൗൺസിൽ നടത്തിയ അടിയന്തിര യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു ജയശങ്കർ തിങ്കളാഴ്ച ന്യൂയോർക്കിൽ എത്തിയത്.
യുദ്ധക്കെടുതി നേരിടുന്ന രാജ്യത്തെ സ്ഥിതി അതിവേഗം ചുരുളഴിയുന്നതുമായ അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാൻ 10 ദിവസങ്ങൾക്കിടെ ഇത് രണ്ടാം തവണയാണ് യുഎൻ ബോഡി യോഗം ചേരുന്നത്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെക്കുറിച്ച് സുപ്രധാന യുഎൻ സുരക്ഷാ കൗൺസിൽ ചർച്ചകളില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകൾ പ്രകടിപ്പിച്ചു. യുഎന്നിലെ തന്റെ ഇടപെടലുകളിൽ ഇവ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജയശങ്കർ തിങ്കളാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

അഫ്ഗാനിസ്ഥാനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും കാബൂളിലെ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുന്നതിനേയും കുറിച്ചു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചർച്ച ചെയ്യുകയും ചെയ്തു. ഇക്കാര്യത്തിൽ നടക്കുന്ന അമേരിക്കൻ ശ്രമങ്ങളെ അഗാധമായി അഭിനന്ദിക്കുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസും വ്യക്തമാക്കി പറഞ്ഞു. അഫഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ചും ബ്ലിങ്കൻ ജയ്ശങ്കറുമായി ദീര്‍ഘമായി സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് മാസത്തിലായിരുന്നു 15 രാജ്യങ്ങള്‍ അടങ്ങിയ യുഎന്‍ കൗൺസിലിന്റെ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തത്. അതിന് ശേഷം സമുദ്ര സുരക്ഷ, തീവ്രവാദ വിരുദ്ധത, സമാധാന പരിപാലനം എന്നിവയാണ് ഇന്ത്യ ശ്രദ്ധാകേന്ദ്രങ്ങളാക്കിയത്. യുഎൻ ആസ്ഥാനത്ത് യുഎൻ സമാധാന പരിപാലന സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ ഗുട്ടെറസിനൊപ്പം ജയശങ്കർ പങ്കെടുക്കുമെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂർത്തിയും ട്വീറ്റിൽ പറഞ്ഞു.
ആഗസ്റ്റ് 19 ന് തീവ്രവാദത്തിനെതിരായ ഒരു ഉന്നതതല പരിപാടിയിൽ ജയശങ്കർ അധ്യക്ഷനാകും, ഈ സമയത്ത് ഐഎസ് തുടങ്ങിയ ഭീകരവാദ സംഘടനകള്‍ ഉയർത്തുന്ന ഭീഷണിയെക്കുറിച്ചുള്ള സെക്രട്ടറി ജനറലിന്റെ ആറ് മാസത്തെ റിപ്പോർട്ട് കൗൺസിൽ ചർച്ച ചെയ്യും, 'അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണികൾ' തീവ്രവാദ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന സുരക്ഷ എന്ന അജണ്ടയിലാവും ചര്‍ച്ച.
അതേസമയം, അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരേയും വരും ദിവസങ്ങളിൽ തന്നെ ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. താലിബാൻ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിലെ സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതല യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സഹായം തേടുന്ന അഫ്ഗാൻ പൗരൻമാരെ സംരക്ഷിക്കണമെന്നും മോദി വ്യക്തമാക്കി.
ഇന്ത്യ നമ്മുടെ പൗരന്മാരെ സംരക്ഷിക്കുക മാത്രമല്ല, ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന സിഖ്, ഹിന്ദു ന്യൂനപക്ഷങ്ങൾക്കും ഇന്ത്യ അഭയം നൽകണം. കൂടാതെ ഇന്ത്യയുടെ സഹായം തേടുന്ന മുഴുവൻ അഫ്ഗാൻ സഹോദരങ്ങൾക്കും സാധ്യമായ എല്ലാ സഹായങ്ങളും നൽകണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications