റഷ്യ പിന്നോട്ട് പോയിട്ടും സൗദിക്കും ഇറാഖിനും നേട്ടമില്ല; യുഎഇക്ക് വന്‍ തിരിച്ചടിയും, നേട്ടം അവർക്ക്
ഡൽഹി: ഡിസംബറില്‍ ഇന്ത്യയുടെ റഷ്യന്‍ എണ്ണയുടെ ഇറക്കുമതിയിലുണ്ടായത് 18 ശതമാനം ഇടിവ്. 2022 മുതല്‍ ഇന്ത്യയുടെ മുന്‍ നിര എണ്ണ വിതരണക്കാരായ റഷ്യയുടെ ഇറക്കുമതിയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണ് ഇത്. ഇറക്കുമതിയിലെ ഈ ഇടിവ് ഭാഗികമായെങ്കിലും നികത്താൻ ഇന്ത്യയെ സഹായിച്ചത് ആഫ്രിക്കന്‍ രാജ്യങ്ങളാണെന്നാണ് എനർജി കാർഗോ ട്രാക്കർ വോർടെക്‌സ പറയുന്നു.
സാധാരയായി റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഇടിവിന്റെ ആനുകൂല്യം ലഭിക്കാറുള്ളത് സൗദിയും യുഎഇയും അടങ്ങുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്കാണ്. എന്നാല്‍ ഇത്തവണ അത് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ലഭിച്ചു എന്നുള്ളതാണ് ശ്രദ്ധേയം. ഇന്ത്യയുടെ ഇറക്കുമതി ക്രൂഡ് വിപണിയിൽ റഷ്യയുടെ വിഹിതം നവംബറിലെ 34.5 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 30 ശതമാനമായിട്ടാണ് ചുരുങ്ങിയത്. ഇക്കാലയളവില്‍ ആഫ്രിക്കയുടെ വിഹിതം 4.7% ൽ നിന്ന് 7.6% ആയി ഉയർന്നു.

യഥാക്രമം രണ്ടാമത്തെയും മൂന്നാമത്തെയും വലിയ വിതരണക്കാരായ ഇറാഖിന്റെയും (22.3%) സൗദി അറേബ്യയുടെയും (16.4%) ഓഹരികൾ ഒരു ശതമാനം പോയിന്റ് വീതം വികസിച്ചു. ചെറിയ നേട്ടം ഉണ്ടാക്കിയെങ്കിലും റഷ്യന്‍ വിഹിതം കുറഞ്ഞതിന്റെ പൂർണ്ണമായ ആനുകൂല്യം സൗദി അറേബ്യക്കും ഇറാഖിനും ലഭിച്ചില്ല. യുഎഇയുടെ വിഹിതം 6.6 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായി കുറയുകയും ചെയ്തു.
നവംബറിലെ 3.4 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 4% വിഹിതവുമായി കുവൈറ്റ് ഇന്ത്യയിലേക്കുള്ള അഞ്ചാമത്തെ വലിയ വിതരണക്കാരായി യുഎസിനേക്കാൾ മുന്നിലെത്തി എന്നുള്ളതും ശ്രദ്ധേയമാണ്. യുഎസിന്റെ വിഹിതം ഡിസംബറിൽ 3.6 ശതമാനമായി കുറഞ്ഞു. മുന്‍ മാസം ഇത് 4 ശതമാനമായിരുന്നു. വോർടെക്‌സയുടെ കണക്കനുസരിച്ച്, ഡിസംബറിലെ റഷ്യൻ ക്രൂഡിന്റെ ഇന്ത്യയുടെ ഇറക്കുമതി 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്നതായിരുന്നു.
അതേസമയം, പേയ്‌മെന്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം റഷ്യയിൽ നിന്നുള്ള ഇന്ത്യയിലെ ക്രൂഡ് ഓയിൽ വിതരണം കുറഞ്ഞിട്ടില്ലെന്നാണ് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. റഷ്യയില്‍ നിന്നുള്ള ചരക്കുകളുടെ കിഴിവ് ആകർഷകമല്ലാത്തതിനാൽ ഇന്ത്യൻ റിഫൈനർമാർ ക്രൂഡ് ഇറക്കുമതി കുറയ്ക്കുകയായിരുന്നുവെന്നാണ് പെട്രോളിയം വകുപ്പ് മന്ത്രി പറയുന്നത്.
"ഇന്ത്യൻ ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ ഏറ്റവും ലാഭകരമായ വിലയ്ക്ക് ഊർജം ലഭിക്കണമെന്ന് ഒരു നിബന്ധന മാത്രമേയുള്ളൂ. കിഴിവുകള്‍ ലഭിച്ചതോടെ റഷ്യൻ ഇറക്കുമതി 40 ശതമാനമായി ഉയർന്നു. ഇപ്പോൾ അവർ 33 ശതമാനമോ 28-29 ശതമാനമോ ആയി കുറഞ്ഞുവെങ്കിൽ അതിന്റെ പ്രശ്നം പേയ്മെന്റ് അല്ല." കേന്ദ്ര മന്ത്രി പറഞ്ഞതായി വാർത്താ ഏജന്‍സിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു.












Click it and Unblock the Notifications