സൗദി അറേബ്യയില്‍ പുരാതന കിണര്‍ കണ്ടെത്തി, ചരിത്രപരമെന്ന് ഗവേഷകര്‍

  • Written By:
Subscribe to Oneindia Malayalam

ജിദ്ദ: 160 വര്‍ഷം പഴക്കമുള്ള കിണര്‍ ജിദ്ദയിലെ മിമാര്‍ പള്ളിപ്പരിസരത്ത് കണ്ടെത്തി. സൗദി ദേശീയ പൈതൃക, വിനോദ സഞ്ചാര കമ്മീഷന്‍ (എസ്‌സിടിഎച്ച്) ആണ് ഇക്കാര്യം അറിയിച്ചത്. പുരാവസ്തു ഗവേഷകര്‍ ആണ് ചരിത്ര പ്രാധാന്യമുള്ള കിണര്‍ കണ്ടെത്തിയതെന്ന് എസ്‌സിടിഎച്ച് മക്ക ഡയറക്ടര്‍ മുഹമ്മദ് അല്‍ ഉമരി പറഞ്ഞു.

പുരാതന കേന്ദ്രങ്ങള്‍ കണ്ടെത്തി പരിപാലിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവേഷകര്‍ പഠനം നടത്തുന്നത്. പള്ളിയിലേക്ക് ആവശ്യമായ വെള്ളം എടുക്കാന്‍ ഉപയോഗിച്ചിരുന്നതാണ് ഈ കിണറെന്ന് അനുമാനിക്കുന്നു. ഈന്‍ ഫറാഗ് വെള്ളം പളളിയിലേക്ക് എടുക്കുന്നതിന് സഹായിക്കുന്ന നീര്‍ച്ചാലും കണ്ടെത്തിയിട്ടുണ്ട്.

ആശങ്ക പരിഹരിച്ചു

പള്ളിയും പ്രദേശവും സന്ദര്‍ശിച്ച പുരാവസ്തു ഗവേഷകര്‍ ആദ്യം കരുതിയത് കിണര്‍ പള്ളിയുടെ തറയുടെ ഭാഗമാെണന്നാണ്. എന്നാല്‍ മിമാര്‍ പള്ളിയുടെ അഞ്ച് മീറ്റര്‍ കിഴക്കു ഭാഗത്താണ് കിണര്‍. മണ്ണ് നീക്കിയപ്പോഴാണ് വെള്ളം കണ്ടതെന്ന് മുഹമ്മദ് അല്‍ ഉമരി പറഞ്ഞു.

മൂന്ന് മീറ്റര്‍ ആഴം

കിണറിന് 1.6 മീറ്റര്‍ വ്യാസമുണ്ട്. മൂന്ന് മീറ്റര്‍ ആഴവും. കല്ല് മുറിച്ച് അടുക്കി വച്ചാണ് ഇത് നിര്‍മിച്ചിട്ടുള്ളളത്. പഴയകാലത്ത് ജിദ്ദയില്‍ വീട് നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന അല്‍ മന്‍ഖബി എന്നറിയപ്പെടുന്ന കല്ലാണ് ഉപയോഗിച്ചിട്ടുള്ളത്.

തീരങ്ങളിലെ കല്ല്

കടല്‍ തീരങ്ങളില്‍ നിന്നാണ് ഈ കല്ലുകള്‍ കിണര്‍ നിര്‍മാണത്തിന് കൊണ്ടുവന്നത്. കിണറിന് അല്‍പ്പം അകലെ ഒരു കുളമുണ്ട്. കുളിക്കുന്നതിനും അംഗശുദ്ധി വരുത്തുന്നതിനുമാണ് ഈ കുളം ഉപയോഗിക്കുന്നത്. കുളത്തില്‍ നിന്നു വെള്ളം കിണറിലേക്കെത്തുന്നതിന് ഓവുചാലും നിര്‍മിച്ചിട്ടുണ്ട്.

ഗവേഷണം തുടരും

മണ്ണെടുത്തുള്ള പരിശോധന ഇപ്പോഴും തുടരുകയാണ്. മിമാര്‍ പള്ളിയോട് ചേര്‍ന്ന മറ്റു പുരാതന സൗകര്യങ്ങളും കണ്ടെത്തുകയാണ് ഉദ്ദേശം. ജിദ്ദയിലെ പഴക്കം ചെന്ന പള്ളികളിലൊന്നാണ് മിമാര്‍. ഇവിടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി കണ്ടെത്തിയത് ഗവേഷകരുടെ ആകാംക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

English summary
The Saudi Commission for Tourism and National Heritage (SCTH) has announced the discovery of a 160-year-old well on the premises of a historic mosque in Jeddah. Mohammad Al-Omary, director of SCTH in the Makkah region, said specialists from the archaeological department visited the site. Initially they thought that the well was part of the mosque’s foundation.
Please Wait while comments are loading...