റഷ്യക്ക് കളം വിടാറായി? ഇന്ത്യ വീണ്ടും സൗദി അറേബ്യക്കും ഇറാഖിന് പിറകെ, പഴയ പ്രതാപം തിരികെ പിടിക്കും
ഡൽഹി: ഉക്രൈൻ യുദ്ധത്തിന്റെ സാഹചര്യത്തില്‍ പാശ്ചാത്യ സമ്മർദത്തെ അവഗണിച്ചുകൊണ്ടായിരുന്നു റഷ്യൻ ക്രൂഡ് ഓയിൽ വന്‍ തോതില്‍ വാങ്ങിക്കൂട്ടുന്നതിലേക്ക് ഇന്ത്യന്‍ കമ്പനികള്‍ ഇറങ്ങിത്തിരിച്ചത്. ഇതോടെ അറബ് രാഷ്ട്രങ്ങളെ മറികടന്ന് റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി മാറുകയും ചെയ്തു. എന്നാല്‍ സമീപകാലത്ത് റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കഴിഞ്ഞ കുറച്ച് മാസങ്ങളായി കുറഞ്ഞ് വരികയാണ്.
ഇന്ത്യയുടെ വാങ്ങലുകൾ റഷ്യയുടെ ഉപഭോക്താക്കളിൽ ചൈനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്തു. മോസ്കോയ്‌ക്കെതിരായ അന്താരാഷ്ട്ര ഉപരോധങ്ങളേക്കാൾ ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകാനുള്ള അവരുടെ തീരുമാനം ഇന്ത്യൻ ഉദ്യോഗസ്ഥർ മറച്ചുവെച്ചിട്ടുമില്ല. എന്നാല്‍ ഡിസംബറില്‍ ഇന്ത്യ വാങ്ങിയ റഷ്യന്‍ ക്രൂഡിന്റെ അളവ് 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലുമായിരുന്നു.

ഒപെക് ഉൽപ്പാദനം വെട്ടിക്കുറച്ചതും ചൈനയിൽ നിന്നുള്ള വർദ്ധിച്ച ആവശ്യകതയുടേയും പശ്ചാത്തലത്തില്‍ റഷ്യൻ ക്രൂഡിന്റെ വില ഉയരുകയായിരുന്നു. ഈ ഉയർന്ന നിരക്ക് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ആകർഷകമല്ലെന്ന് വിശകലന വിദഗ്ധർ പറയുന്നു. ആഗോള ഊർജ്ജ വ്യാപാര ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ Kpler അനുസരിച്ച്, ഇന്ത്യൻ റിഫൈനർമാർ കഴിഞ്ഞ മാസം പ്രതിദിനം 1.45 ദശലക്ഷം ബാരൽ റഷ്യൻ എണ്ണ വാങ്ങി, കഴിഞ്ഞ ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.
"ഇന്ത്യയും ചൈനയും തമ്മിലുള്ള പരസ്പരബന്ധം" മാറ്റത്തിന്റെ പ്രധാന പ്രേരകമായിരുന്നു, Kpler ലെ ലീഡ് ക്രൂഡ് അനലിസ്റ്റ് വിക്ടർ കറ്റോണ അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു, "ഇരു രാജ്യങ്ങളും ഇപ്പോൾ ഒരേ ബാരലുകൾക്കായി മത്സരിക്കുന്നു". ഈ മാറ്റത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് റഷ്യയാണ്. പശ്ചാത്യ രാജ്യങ്ങള്‍ ഒരു വർഷം മുമ്പ് 60 ഡോലഞ വില പരിധി ഏർപ്പെടുത്തിയെങ്കിലും നിലവില്‍ റഷ്യൻ ക്രൂഡ് ബാരലിന് 85 ഡോളറിന് മുകളിൽ വ്യാപാരം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരനും ഉപഭോക്താവുമാണ് ഇന്ത്യ. രാജ്യം ആവശ്യമായതിന്റെ 80 ശതമാനവും എണ്ണ ഇറക്കുമതി ചെയ്യുന്നു.റഷ്യ ഉക്രെയ്ൻ ആക്രമിച്ചതിന് ശേഷം 10 മാസത്തിനുള്ളിൽ, റഷ്യയിൽ നിന്ന് വൻ വിലക്കുറവിൽ ക്രൂഡ് ഇറക്കുമതി ചെയ്ത് ഇന്ത്യ 3.6 ബില്യൺ ഡോളർ ലാഭിച്ചുവെന്ന കണക്കുകളും അടുത്തിടെ പുറത്ത് വന്നിരുന്നു. യുദ്ധത്തിന് തൊട്ടുമുമ്പ്, ഇന്ത്യ പ്രതിദിനം 67,500 ബാരൽ റഷ്യൻ ക്രൂഡ് മാത്രമായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്.
ഈ ഡ്രെന്‍ഡ് തുടരുകയാണെങ്കില്‍ ഉക്രൈന് അധിനിവേശത്തിന് മുമ്പുള്ള സ്ഥിതിയിലേക്ക് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി എത്തിയേക്കും. അതായത് റഷ്യക്ക് പകരം സൌദിയും ഇറാഖുമൊക്കെ ഇന്ത്യയുടെ പ്രധാന എണ്ണ ഇറക്കുമതിക്കാരായി മാറും. തങ്ങള്‍ക്ക് കൂടുതല്‍ എണ്ണ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ കമ്പനികള്‍ അടുത്തിടെ സൌദി അറേബ്യയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications