സൗദി വിമാനത്തിന് വെടിവച്ചു; സൗദിയും യുഎഇയും വിമാന സര്‍വീസ് നിര്‍ത്തി, സുഡാനില്‍ നടക്കുന്നത്...
ദുബായ്: ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയാണ് സുഡാനിലെ സൈനികരും അര്‍ധ സൈനികരും. പരസ്പരം നടത്തിയ ആക്രമണത്തില്‍ ഇതുവരെ 27 പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. 170ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മലയാളിയായ കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിനും കൊല്ലപ്പെട്ടവരില്‍പ്പെടും.
വിദേശ രാജ്യങ്ങള്‍ സുഡാനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തുകയാണ്. സുരക്ഷയില്ലാത്തതിനാല്‍ സര്‍വീസ് സാധ്യമല്ലെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. സൗദി അറേബ്യയും യുഎഇയുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സര്‍വീസ് നിര്‍ത്തിവച്ചു. ഇന്ത്യക്കാര്‍ പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെയാണ് വിമാനത്തിന് നേരെ വെടിവയ്പ്പുണ്ടായത്.

സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ വലിയ സ്‌ഫോനങ്ങളും വെടിവയ്പ്പും തുടരുകയാണ് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. തെരുവില്‍ സൈനികരും അര്‍ധ സൈനികരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയാണ്. പ്രസിഡന്റിന്റെ കൊട്ടാരം, ഖാര്‍ത്തൂം വിമാനത്താവളം, മറ്റു തന്ത്രപ്രധാന മേഖലകള്‍ എന്നിവയുടെ നിയന്ത്രണം തങ്ങള്‍ക്കാണ് എന്ന് അര്‍ധസേനാ വിഭാഗം അവകാശപ്പെട്ട പിന്നാലെയാണ് സ്‌ഫോടനങ്ങള്‍.
സൗദിയുടെ വിമാനം ആക്രമിക്കപ്പെട്ടു
ഖാര്‍ത്തൂം വിമാനത്താവളത്തില്‍ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. ബാക്കിയള്ളവര്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും മരിച്ചു. ഖാര്‍ത്തൂമില്‍ സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും താഴ്ന്ന് പറക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. സോഷ്യല്‍ മീഡിയയിലും നിരവധി വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. യുദ്ധ വിമാനങ്ങള്‍ മിസൈല്‍ വര്‍ഷിക്കുന്ന വീഡിയോയും ഇതില്‍പ്പെടും.
സൗദിയുടെ യാത്രാ വിമാനത്തിന് നേരെ വെടിവയ്പ്പുണ്ടായി. സുഡാനില്‍ നിന്ന് റിയാദിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു വിമാനം. യാത്രക്കാരും വിമാന ജോലിക്കാരും ചില അതിഥികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. വെടിവയ്പ്പുണ്ടായതിനെ തുടര്‍ന്ന് തീ പടര്‍ന്നു. വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചു. സര്‍വീസ് റദ്ദാക്കി. യാത്രക്കാരെ സൗദിയുടെ എംബസിയിലേക്ക് മാറ്റി.
ഇന്ത്യന്‍ പൗരന്മാര്‍ വീടിന് പുറത്തിറങ്ങരുതെന്ന് എംബസി നിര്‍ദേശം നല്‍കി. സംഘര്‍ഷം നടക്കുന്ന സാഹചര്യത്തില്‍ എല്ലാ ഇന്ത്യക്കാരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. വാഹനങ്ങളില്‍ യാത്ര ചെയ്യരുത്. പുതിയ അറിയിപ്പുകള്‍ക്കായി കാത്തിരിക്കണം. അക്ഷമരായി പുറത്തിറങ്ങുന്ന സാഹചര്യമുണ്ടാകരുതെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

എന്താണ് സുഡാനിലെ സംഘര്‍ഷത്തിന് കാരണം
സുഡാനിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് സൗദിയും യുഎഇയും അമേരിക്കയും റഷ്യയും ആവശ്യപ്പെട്ടു. സിവിലന്‍മാര്‍ കൊല്ലപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് റഷ്യ അഭ്യര്‍ഥിച്ചു. എല്ലാവരും സംഘര്‍ഷത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടു. സുഡാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ അറബ് ലീഗ് ഇന്ന് പ്രത്യേക യോഗം ചേരും. സൗദിയും ഈജിപ്തും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.
അര്‍ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സിനെ (ആര്‍എസ്എഫ്) സുഡാന്റെ സൈന്യത്തിന്റെ ഭാഗമാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സുഡാനിലെ ആഭ്യന്തര കലഹത്തിന് കാരണം. സേനാ മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും അദ്ദേഹത്തിന്റെ സഹായിയും അര്‍ധ സേനാ വിഭാഗം കമാന്ററുമായ മുഹമ്മദ് ഹംദാന്‍ ദഗ്ലോയും തമ്മിലാണ് തര്‍ക്കം.
2021 ല്‍ സൈനിക അട്ടിമറി നടന്ന രാജ്യമാണ് സുഡാന്‍. പിന്നീട് ചര്‍ച്ച നടത്തി സിവിലന്‍ ഭരണത്തിലേക്ക് വരാന്‍ സമാധാന പദ്ധതി തയ്യാറാക്കിയിരുന്നു. ഈ പദ്ധതിയിലെ പ്രധാന ഭാഗമാണ് അര്‍ധ സേനാ വിഭാഗത്തെ സൈന്യത്തില്‍ ലയിപ്പിക്കുക എന്നത്. ഇത് നടക്കുന്നതിന് മുന്നോടിയായിട്ടാണ് ആഭ്യന്തര യുദ്ധമുണ്ടായിരിക്കുന്നത്. ആഫ്രിക്കയിലെ വന്‍ ശക്തികളില്‍ ഒന്നാണ് സുഡാന്‍. ഇവിടെയുണ്ടാകുന്ന സംഘര്‍ഷം പശ്ചിമേഷ്യയെ നേരിട്ട് ബാധിക്കും.












Click it and Unblock the Notifications