മക്കയില്‍ ഭീകരാക്രമണ പരിപാടി; 4 ഐസിസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ജിദ്ദ: മുസ്ലീങ്ങളുടെ പുണ്യഭൂമിയായ മക്കയില്‍ തീവ്രവാദി ആക്രമണത്തിനെത്തിയ ഐസിസ് സംഘത്തിന്റെ പദ്ധതി സുരക്ഷാ സേന തകര്‍ത്തു. സുരക്ഷാ സേന നടത്തിയ പത്തു മണിക്കൂര്‍ നീണ്ട ഓപ്പറേഷനില്‍ നാല് ഭീകരവാദികളെ കൊലപ്പെടുത്തി. ഒരാള്‍ രക്ഷപ്പെട്ടതായാണ് വിവരം. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.
ഐസിസ് തീവ്രവാദികള്‍ തമ്പടിച്ചതായി വിവരം ലഭിച്ച സുരക്ഷാ വിഭാഗം വ്യാഴാഴ്ച രാവിലെ സ്ഥലം വളഞ്ഞാണ് വെടിവെപ്പ് നടത്തിയത്. തുടര്‍ന്ന് പരസ്പരം നടന്ന വെടിവെപ്പ് 10 മണിക്കൂര്‍ നീണ്ടുനിന്നു. മക്കയുടെ തെക്ക് ഭാഗത്ത് തായിഫ് റോഡില്‍ വാദി നുഅമാന്‍ എന്ന സ്ഥലത്താണ് ഐസിസ് തീവ്രവാദികള്‍ തമ്പടിച്ചിരുന്നത്.

പ്രദേശത്തുള്ള സൗദി സുരക്ഷാ സേനയുടെ കേന്ദ്രങ്ങള്‍ ആക്രമിക്കാനായിരുന്നു സംഘം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, തീവ്രവാദികളുടെ ആക്രമണഭീഷണി മുന്നില്‍ കണ്ട സൈന്യം വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു. കഴിഞ്ഞദിവസം സൗദിയിലെ ബിഷയില്‍ രണ്ട് ദിവസമായി നടന്ന ഓപ്പറേഷനിലൂടെ രണ്ടു ഐസിസ് തീവ്രവാദികളെ വധിച്ചിരുന്നു.
ഐസിസ് തീവ്രവാദികള്‍ സൗദി ലക്ഷ്യമാക്കുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ആഗസ്തില്‍ ഒരു പള്ളിയില്‍ നടന്ന സ്‌ഫോടനത്തിലെ പ്രതിയായിരുന്ന ഉക്കബ് അതീബിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും സുരക്ഷാ വിഭാഗത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications