സിറിയയില്‍ സൗദി ഭരണകൂടം അയയുന്നു; വെടിനിര്‍ത്തലിന് തയ്യാറായതായി റഷ്യ

  • Posted By:
Subscribe to Oneindia Malayalam

അമ്മാന്‍: ആറു വര്‍ഷത്തിലേറെയായി തുടരുന്ന സിറിയന്‍ സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ വിരുദ്ധ സായുധ വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന സൗദി അറേബ്യ ഒടുവില്‍ വെടിനിര്‍ത്തലിന് തയ്യാറാകുന്നു. തുര്‍ക്കി, ഇറാന്‍, റഷ്യ എന്നിവയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കാമെന്ന് സൗദി അറേബ്യ ഉറപ്പുനല്‍കിയതായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവാണ് അറിയിച്ചത്. ജോര്‍ദാന്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം വിദേശകാര്യമന്ത്രി അയ്മന്‍ സഫാദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരുടോ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി അറേബ്യന്‍ സന്ദര്‍ശനത്തിന് ശേഷമാണ് ലാവ്‌റോവ് ജോര്‍ദാനിലെത്തിയത്.

സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി കഴിഞ്ഞ മെയ് മാസത്തില്‍ കസാക്കിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ വച്ചുണ്ടാക്കിയ കരാറുമായി സഹകരിക്കാനുള്ള സന്നദ്ധതയാണ് സൗദി അറിയിച്ചിരിക്കുന്നത്. സൗദിയുടെ ബദ്ധവൈരികയായ ഇറാനു പുറമെ, തുര്‍ക്കി, റഷ്യ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് അസ്താന കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.

saudi

സിറിയയില്‍ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന ചെറു വിമത വിഭാഗങ്ങളുമായി അസ്താനയില്‍ വച്ച് നടത്തിയ ചര്‍ച്ചകളില്‍ ഇവര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ പോരാട്ടം നിര്‍ത്തിവയ്ക്കാനും ജീവകാരുണ്യ- വൈദ്യ സഹായങ്ങള്‍ ലഭ്യമാക്കാനും തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കാനും പലായനം ചെയ്തവര്‍ക്ക് തിരികെ വരാനുള്ള സാഹചര്യമൊരുക്കാനും തീരുമാനമെടുത്തിരുന്നു. ശാം ലീജിയന്‍, അഹ്‌റാര്‍ അല്‍ ശാം, ജെയ്ശ് അല്‍ ഇസ്ലാം, ഫ്രീ ഇദ്‌ലിബ് ആര്‍മി, ജബ്ഹത്ത് അല്‍ ശാം തുടങ്ങിയ മിതവാദ ഗ്രൂപ്പുകളുമായിരുന്നു കരാറില്‍ ഒപ്പിട്ടത്. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ നുസ്‌റ ഫ്രണ്ട് തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളെ ഒഴിവാക്കിക്കൊണ്ടായിരുന്നു ചര്‍ച്ച.

ഈ കരാറുമായി സഹകരിക്കാമെന്നാണ് സൗദി ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. സിറിയന്‍ സംഘര്‍ഷത്തില്‍ ഇറാനും റഷ്യയും സിറിയന്‍ ഭരണകൂടത്തെ പിന്തുണയ്ക്കുമ്പോള്‍ സൗദി പ്രതിപക്ഷത്തോടൊപ്പമാണ്. അസ്താന കരാറുമായി ബന്ധപ്പെട്ട രണ്ടാമത്തെ ചര്‍ച്ച സപ്തംബര്‍ 14ന് നടക്കാനിരിക്കെ സൗദിയുടെ മനംമാറ്റം ഇക്കാര്യത്തില്‍ വലിയ പുരോഗതിക്ക് കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആറു വര്‍ഷത്തിലേറെയായി തുടരുന്ന സംഘര്‍ഷങ്ങളില്‍ നാലു ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ലക്ഷക്കണക്കിനാളുകള്‍ മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുകയുമുണ്ടായി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Saudi Arabia has assured its commitment to solving the crisis in war-torn Syria by backing a gradual process of negotiating local ceasefires

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്