സൗദി അറേബ്യ പരിഹരിക്കുമോ ഇന്ത്യ-പാകിസ്താന്‍ പ്രശ്‌നം? ചൈന വേണ്ടെന്ന് ഷഹ്ബാസ്
ഇസ്ലാമാബാദ്: ഇന്ത്യയ്ക്കും പാകിസ്താനുമിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൗദി അറേബ്യ ഇടപെടുമോ. എല്ലാ പ്രശ്‌നങ്ങളും നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കണം എന്ന് നേരത്തെ ജിസിസിയിലെ മിക്ക രാജ്യങ്ങളും അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുമായും പാകിസ്താനുമായും അടുപ്പമുള്ള രാജ്യമാണ് സൗദി അറേബ്യ. അമേരിക്ക മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ വാഗ്ദാനം നേരത്തെ ഇന്ത്യ നിരസിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൂന്നാമതൊരു കക്ഷിയുടെ ആവശ്യമില്ല എന്നത് ഇന്ത്യയുടെ പ്രഖ്യാപിത നിലപാടാണ്. മാത്രമല്ല, പാകിസ്താന്റെ അധീനതയിലുള്ള കശ്മീര്‍ വിട്ടുകിട്ടുന്ന വിഷയത്തില്‍ മാത്രമേ ചര്‍ച്ചയുള്ളൂ എന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെയാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് നടത്തിയ പ്രതികരണം ചര്‍ച്ചയായിരിക്കുന്നത്...

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന് സൗദി അറേബ്യ നിഷ്പക്ഷ വേദിയാകാമെന്ന് ഷഹ്ബാസ് ഷരീഫ് മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്താന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചതായി ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനയ്ക്ക് വേദിയാകാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ചൈന വേദിയാകുന്നതിനോട് ഇന്ത്യ യോജിക്കാന്‍ ഇടയില്ലെന്നും ഷഹ്ബാസ് കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. പിന്നീട് ഇരുരാജ്യങ്ങളും തമ്മില്‍ കൊമ്പുകോര്‍ക്കുന്ന സാഹചര്യമുണ്ടായി. ശേഷമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നത്. താന്‍ ഇടപെട്ടാണ് വെടിനിര്‍ത്തല്‍ കരാറിലെത്തിയത് എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. മൂന്നാം കക്ഷി ഇടപെട്ടില്ലെന്നും ഇന്ത്യയുടെയും പാകിസ്താന്റെയും സൈനികര്‍ നടത്തിയ ചര്‍ച്ചയാണ് വെടിനിര്‍ത്തലിലേക്ക് നയിച്ചതെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആവര്‍ത്തിച്ചു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് താന്‍ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും മൂന്നാം കക്ഷി വേണ്ട എന്ന് ഇന്ത്യ വ്യക്തമാക്കി. ഭീകരപ്രവര്‍ത്തനത്തെ പ്രോല്‍സാഹിപ്പിക്കുന്ന വേളയില്‍ പാകിസ്താനുമായി ചര്‍ച്ച സാധ്യമല്ലെന്ന് നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് പാകിസ്താന്‍ പ്രധാനമന്ത്രി സൗദി അറേബ്യ ചര്‍ച്ചയ്ക്ക് വേദിയാകാമെന്ന് പ്രതികരിച്ചത്.
സൗദി അറേബ്യയുടെ നിലപാട് ഇതാണ്
ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ഇരുരാജ്യങ്ങളിലും സൗദി അറേബ്യയ്ക്ക് കോടികളുടെ നിക്ഷേപമുണ്ട്. നയതന്ത്ര തലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണണം എന്ന് സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു. സംഘര്‍ഷ സാഹചര്യം ഒഴിവാക്കണമെന്നും സൗദി അഭ്യര്‍ഥിച്ചു. ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാമെന്ന് നേരത്തെ ഇറാന്‍ പറഞ്ഞിരുന്നു. ഇറാനും പാകിസ്താനും തമ്മില്‍ ചില തര്‍ക്കങ്ങള്‍ നിലവിലുണ്ട്.
കശ്മീര്‍ വിഷയത്തില്‍ ഇതുവരെ ഇന്ത്യയെ കുറ്റപ്പെടുത്തി സൗദി അറേബ്യ പ്രതികരിച്ചിട്ടില്ല. കശ്മീരിലെ സാഹചര്യം ചൂണ്ടിക്കാട്ടി ഇന്ത്യാവിരുദ്ധ വികാരം വളര്‍ത്താന്‍ പാകിസ്താന്‍ നേരത്തെ ശ്രമിച്ചിരുന്നു എങ്കിലും സൗദിയും യുഎഇയും ഖത്തറുമെല്ലാം അകലം പാലിക്കുകയാണ് ചെയ്തത്. തുര്‍ക്കി മാത്രമാണ് ഈ വിഷയത്തില്‍ പാകിസ്താന്റെ നിലപാടിനൊപ്പം നില്‍ക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ നീക്കത്തില്‍ ഏറ്റവും ഒടുവില്‍ പാകിസ്താനെ സഹായിച്ചതും തുര്‍ക്കിയായിരുന്നു.
ഇന്ത്യയുമായി വ്യാപാര-പ്രതിരോധ ഇടപാടുകള്‍ സൗദി അറേബ്യയ്ക്കുണ്ട്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിക്കുകയും വന്‍ നിക്ഷേപത്തിന് താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്ന് തുടങ്ങുന്ന യൂറോപ്പിലേക്കുള്ള സാമ്പത്തിക ഇടനാഴി സൗദിയിലൂടെയാണ് കടന്നുപോകുക. നരേന്ദ്ര മോദി സൗദി അറേബ്യ നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ട്. പഹല്‍ഗാമില്‍ ആക്രമണം നടക്കുന്ന വേളയിലും മോദി സൗദിയിലായരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മോദി സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി വേഗത്തില്‍ മടങ്ങുകയാണുണ്ടായത്.












Click it and Unblock the Notifications