Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താനില്‍ പണം നിറച്ച് സൗദി അറേബ്യ; നന്ദിയോടെ ഷഹ്ബാസ്... ഇനി പ്രതീക്ഷ യുഎഇ

റിയാദ്/ഇസ്ലാമാബാദ്: സാമ്പത്തിക ഞെരുക്കത്തിന്റെ പടുകുഴിയിലാണ് പാകിസ്താന്‍. ഗള്‍ഫിലെ സമ്പന്ന രാജ്യങ്ങളോട് പലതവണ സഹായം അഭ്യര്‍ഥിച്ചിരുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും സൈനിക മേധാവിയും സൗദി അറേബ്യയും യുഎഇയും സന്ദര്‍ശിച്ചതിന് ഫലം കണ്ടിരിക്കുകയാണിപ്പോള്‍. സൗദി അറേബ്യ പാകിസ്താന് 200 കോടി ഡോളര്‍ സഹായമായി നല്‍കി.

വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയാത്തതും തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങളുമാണ് പാകിസ്താന് തിരിച്ചടിയായത്. ഇമ്രാന്‍ ഖാന് പകരം ഷഹ്ബാസ് പ്രധാനമന്ത്രിയായ വേളയില്‍ ജനങ്ങള്‍ വലിയ പ്രതീക്ഷയിലായിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ പുരോഗതി ഷഹ്ബാസ് മുഖ്യമന്ത്രിയായിരുന്ന കാലത്തെ മാറ്റമാണ്. അദ്ദേഹത്തിന് രാജ്യത്തിന്റെ മുഖഛായ മാറ്റാന്‍ സാധിക്കുമെന്ന് ജനം കരുതിയത് സ്വാഭാവികം.

pakistan-saudi

ഇന്ത്യാ വിരുദ്ധ വികാരം വളര്‍ത്തി പിടിച്ചുനില്‍ത്താനുള്ള ഇമ്രാന്‍ ഖാന്റെ നീക്കം പരാജയപ്പെട്ട വേളയില്‍ കൂടിയാണ് ഷഹ്ബാസ് പ്രധാനമന്ത്രിയായത്. അദ്ദേഹം പക്ഷേ, ഇന്ത്യയുമായി കലഹിക്കാന്‍ നിന്നില്ല. മാത്രമല്ല, ആഭ്യന്തര ശാക്തീകരണത്തിലും രാജ്യത്തിന്റെ സാമ്പത്തിക രംഗം പുഷ്ടിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിന്റെ ഭാഗമായി ഒന്നിലേറെ തവണ ഗള്‍ഫ് പര്യടനം നടത്തി.

ഷഹ്ബാസിന്റെ നിരന്തര ഇടപെടലിന്റെ ഫലം കൂടിയാണ് സൗദി അറേബ്യയുടെ ഇപ്പോഴത്തെ സഹായം. 200 കോടി ഡോളര്‍ ഈ വേളയില്‍ ലഭിക്കുന്നത് പാകിസ്താന് വലിയ ആശ്വാസമാകും. ഷഹ്ബാസിന് പുറമെ പാകിസ്താന്‍ ധനമന്ത്രി ഇസ്ഹാഖ് ദറും സൗദി അറേബ്യയോട് നന്ദി പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താനിലാണ് സൗദി അറേബ്യ കോടികള്‍ നിക്ഷേപിച്ചിരിക്കുന്നത്.

പാകിസ്താന്റെ കൈവശമുള്ള വിദേശ കരുതല്‍ ധനം ശോഷിച്ചുവരികയാണ്. പ്രതിസന്ധി തുടരുന്നതിനാല്‍ ഇവ പല ഘട്ടങ്ങളായി ഉപയോഗിച്ചു. വിദേശ കരുതല്‍ ധനം കുറയുന്നത് രാജ്യത്തിന്റെ സാമ്പത്തിക കെട്ടുറപ്പിനെ ബാധിക്കും. മാത്രമല്ല, പാകിസ്താന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയാനും ഇതിടയാക്കി. വിദേശ വ്യാപാര കമ്മി വര്‍ധിക്കുകയും ചെയ്തു.

സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന പാകിസ്താനില്‍ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. വിദേശ നിക്ഷേപം ആകര്‍ഷിക്കണമെങ്കില്‍ ഇതില്‍ മാറ്റം വരണം എന്ന് മനസിലാക്കിയാണ് ഷഹ്ബാസ് ഷെരീഫ് ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തേടിയത്. കൂടാതെ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യും പാകിസ്താനെ സഹായിക്കാമെന്ന് ഏറ്റിട്ടുണ്ട്. പക്ഷേ ചില നിബന്ധനകള്‍ അവര്‍ മുന്നോട്ട് വച്ചു.

300 കോടി ഡോളര്‍ പാകിസ്താന് നല്‍കാന്‍ ഐഎംഎഫ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒമ്പത് മാസത്തിനിടെ ഘട്ടങ്ങളായിട്ടാണ് ഈ ഫണ്ട് കൈമാറുക. ഈ തുക കൂടി ലഭിക്കുന്നതോടെ പ്രതിസന്ധി തരണം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് പാകിസ്താന്‍. സൗദി അറേബ്യയ്ക്ക് പുറമെ യുഎഇയുടെ സഹായവും പാകിസ്താന്‍ തേടിയിട്ടുണ്ട്. ഇവരുടെ സഹായവും വൈകാതെ കിട്ടുമെന്ന പ്രതീക്ഷയിലാണ് പാക് നേതാക്കള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+