ഇന്ത്യന്‍ വിപണിയിലേക്ക് സൗദിയുടെ വന്‍ തിരിച്ച് വരവ്: റഷ്യക്ക് തിരിച്ചടി, എങ്കിലും ഒന്നാമത്
ഡല്‍ഹി: ഒക്ടോബർ മാസത്തില് റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ വലിയ ഇടിവ്. റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഒക്ടോബറിൽ പ്രതിദിനം ശരാശരി 1.57 ദശലക്ഷം ബാരൽ (മില്യൺ ബിപിഡി) ആയിരുന്നു. എന്നാല്‍ സെപ്തംബറില്‍ ഇത് 1.78 ദശലക്ഷം ബിപിഡിയായിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ മാസത്തെ ഇന്ത്യയുടെ മൊത്തത്തിലുള്ള എണ്ണ ഇറക്കുമതി തുടർച്ചയായി 8.1 ശതമാനം ഉയർന്ന് 4.50 ദശലക്ഷം ബിപിഡി ആയി ഉയർന്ന പശ്ചാത്തലത്തിലാണ് റഷ്യന്‍ എണ്ണയുടെ ഇറക്കുമതി കുറഞ്ഞിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. അതേസമയം, ഒക്ടോബറിലെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 35 ശതമാനവും റഷ്യൻ ക്രൂഡാണ്, ഇറാഖിൽ 21 ശതമാനവും സൗദി അറേബ്യയില്‍ നിന്നും 18 ശതമാനം ഇറക്കുമതി ചെയ്തു.

ഒക്ടോബറിൽ സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി 65 ശതമാനം ഉയർന്ന് 7,96,659 ബിപിഡിയിലെത്തിയെന്നും കണക്കുകള്‍ പറയുന്നു. സെപ്റ്റംബറിൽ, സൗദിയില്‍ നിന്നുള്ള ഇറക്കുമതി വലിയ തോതില്‍ കുറഞ്ഞിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഗ്രേഡുകളുടെ വില കിഴിവും ഏതാനും റിഫൈനറി യൂണിറ്റുകളുടെ അറ്റകുറ്റപ്പണികൾ അടച്ചുപൂട്ടലും സൗദിയില്‍ നിന്നുള്ള ഇറക്കുമതി കുറവിന് കാരണമായി.
സെപ്റ്റംബറിലെ സൗദി അറേബ്യൻ എണ്ണ ഇറക്കുമതിയുടെ അസാധാരണമായ ഇടിവ് താത്കാലികമാണെന്നും ഒക്ടോബറിൽ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ വ്യക്തമാക്കിയിരുന്നു. ആ വിലയിരുത്തലുകള്‍ ശരിവെക്കുന്ന രീതിയിലാണ് സൗദി അറേബ്യ ഇപ്പോള്‍ തിരിച്ച് വന്നിരിക്കുന്നത്. ഇറാഖിൽ നിന്നുള്ള വിതരണത്തെ സംബന്ധിച്ചിടത്തോളം, ഒക്ടോബറിലെ എണ്ണ ഇറക്കുമതി അളവ് ഏകദേശം 9,35,000 ബിപിഡി എന്ന നിരക്കിലാണ്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യ-ഉക്രെയ്ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം റഷ്യൻ ക്രൂഡ് വാങ്ങുന്നതിൽ മുൻനിരയിലുള്ള ഇന്ത്യൻ കമ്പനിയായ റിലയന്‍സ്, ജമാനഗർ റിഫൈനറി കോംപ്ലക്‌സ് ഭാഗികമായി അറ്റകുറ്റപ്പണികൾ പൂട്ടിക്കൊണ്ടിരിക്കുന്നതിനാൽ, ഒക്ടോബറിൽ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെച്ചിരുന്നു. Kpler ഡാറ്റ പ്രകാരം, റിലയന്‍സ് ഈ മാസം ഏകദേശം 230,000 ബിപിഡി റഷ്യൻ ക്രൂഡാണ് ഇറക്കുമതി ചെയ്തത്. അതായത് സെപ്തംബറിലെ അളവിനേക്കാള്‍ 24.3 ശതമാനം കുറവ്.
ഒക്ടോബറിൽ റിലയന്‍സിന്റെ മൊത്തം എണ്ണ ഇറക്കുമതി 968,384 ബിപിഡി ആണ്. ഇത് 13 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. കമ്പനിയുടെ റിഫൈനറി യൂണിറ്റുകൾ ഇപ്പോൾ അറ്റകുറ്റപ്പണികൾക്ക് പുറത്തായതിനാൽ, നവംബറിൽ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. 'സെപ്റ്റംബറിലെ 1.78 ദശലക്ഷം ബിപിഡി ഇറക്കുമതിക്ക് ശേഷം റഷ്യയില്‍ നിന്നും ഏകദേശം 200,000 ബിപിഡിയുടെ കുറവുണ്ടായി. റിലയന്‍സില്‍ നിന്നുള്ള ഇടിവാണ് ഇതിന്റെ പ്രധാന കാരണം.' ക്പ്ലറിന്റെ പ്രധാന ക്രൂഡ് അനലിസ്റ്റ് വിക്ടർ കറ്റോണ പറഞ്ഞു.
നവംബറിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ മാത്രം 11 ദശലക്ഷം ബാരലുകളുമായി 10 ടാങ്കറുകളാണ് ഇന്ത്യൻ തുറമുഖങ്ങളിലേക്ക് എത്തിക്കാനുള്ളത്. ഇത് കണക്കിലെടുത്ത്, റഷ്യയിൽ നിന്നുള്ള നവംബറിലെ ഇറക്കുമതി വീണ്ടും 1.8 ദശലക്ഷം ബിപിഡിയിൽ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും വിക്ടർ കറ്റോണ പറഞ്ഞു.
ഒക്ടോബറിൽ, നയാര എനർജി ലിമിറ്റഡ് (എൻഇഎൽ) റഷ്യൻ ക്രൂഡിന്റെ ഏറ്റവും വലിയ ഇന്ത്യൻ ഇറക്കുമതിക്കാരനായി ഉയർന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിനെ (ഐഒസി) ചെറുതായി ഇവർ മറികടക്കുകയും ചെയ്തു. റഷ്യൻ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള നയാര 306,807 ബി പി ഡി റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തപ്പോൾ ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷന്‍ 303,944 ബി പി ഡി എണ്ണയാണ് ഇറക്കുമതി ചെയ്തത്.
ഉക്രെയ്നിലെ യുദ്ധത്തിന് മുമ്പ് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്ന ഒരു നാമമാത്ര വിതരണക്കാരൻ എന്ന നിലയിൽ നിന്നാണ് ഏറ്റവും വലിയ ഇറക്കുമതിക്കാരനായി റഷ്യ വളർന്നത്. വിലക്കിഴിവും ഇതിന് പ്രധാന കാരണമായി. ഉക്രെയ്നിലെ യുദ്ധത്തിന് മുമ്പ്, ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരൻ ഇറാഖായിരുന്നു, തൊട്ടുപിന്നില്‍ സൗദി അറേബ്യയും. ക്രൂഡ് ഓയിലിന്റെ ലോകത്തിലെ മൂന്നാമത്തെ വലിയ ഉപഭോക്താവായ ഇന്ത്യ 85 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്നു.












Click it and Unblock the Notifications