മഞ്ഞുരുക്കം അതിവേഗം; ഒരാഴ്ചയ്ക്കിടെ രണ്ടു തവണ ഫോണ്‍... ഇനി സുപ്രധാന ചര്‍ച്ച, സൗദി-ഇറാന്‍ ബന്ധം
റിയാദ്: സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ബന്ധം ദൃഢമാകുന്നു. ചൈനയുടെ മധ്യസ്ഥതയില്‍ തയ്യാറാക്കിയ കരാറില്‍ ഒപ്പുവച്ച പിന്നാലെ വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ചയ്ക്ക് ഒരുങ്ങുകയാണ് ഇരു രാജ്യങ്ങളും. ഒരാഴ്ച്ചയ്ക്കിടെ സൗദി-ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ രണ്ടു തവണയാണ് ഫോണില്‍ സംസാരിച്ചത്. വൈകാതെ നേരിട്ട് ചര്‍ച്ച നടത്താന്‍ ഇരുവരും ധാരണയിലെത്തി. റമദാന്‍ മാസം തീരുംമുമ്പ് ചര്‍ച്ച നടക്കുമെന്നാണ് പുതിയ വിവരം. ഏപ്രില്‍ മൂന്നാംവാരമാണ് റമദാന്‍ തീരുന്നത്.
വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ചയോടെ ഇരാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ കരാര്‍ പൂര്‍ണമായി നിലവില്‍ വരും. ശേഷം അംബാസഡര്‍മാരെ നിയമിക്കും. വിദേശകാര്യമന്ത്രിമാര്‍ ഫോണില്‍ സംസാരിച്ച വേളയില്‍ ഒട്ടേറെ സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മന്ത്രിമാരുടെ ചര്‍ച്ചയ്ക്ക് ഏതെങ്കിലും തിയ്യതി നിശ്ചയിച്ചിട്ടുണ്ടോ എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല.

ഏഴ് വര്‍ഷമായി സൗദിയും ഇറാനും തമ്മില്‍ നയതന്ത്ര ബന്ധമില്ല. ചൈന നടത്തിയ മധ്യസ്ഥ ശ്രമമാണ് ഐക്യത്തിന്റെ പാതയിലേക്ക് എത്തിച്ചത്. ഷിയാ പണ്ഡിതനെ സൗദി തൂക്കിലേറ്റിയതാണ് 2016ല്‍ ബന്ധം തകരാന്‍ ഇടയാക്കിയിരുന്നത്. ടെഹ്‌റാനിലെ സൗദി എംബസി ആക്രമിക്കുന്ന രീതിയിലേക്ക് പ്രതിഷേധം ശക്തമായിരുന്നു. പിന്നീട് മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പോര് മൂര്‍ഛിക്കുകയും ചെയ്തു.
അസ്വസ്ഥത നിലനില്‍ക്കുന്ന പശ്ചിമേഷ്യ മേഖലയുടെ വികസനത്തിന് തിരിച്ചടിയാണ് എന്ന് ചൈന ഇരുരാജ്യങ്ങളെയും ബോധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നാണ് പ്രശ്‌ന പരിഹാരങ്ങള്‍ക്ക് ഇരുവരും തയ്യാറായത്. ഇറാനുമായി ചൈനയ്ക്ക് നേരത്തെ വ്യാപാര ബന്ധമുണ്ട്. സൗദിയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുന്ന രാജ്യം കൂടിയാണ് ചൈന. അതുകൊണ്ടു തന്നെയാണ് ചൈനയുടെ നിര്‍ദേശം ഇരുരാജ്യങ്ങള്‍ക്കും സ്വീകരാര്യമായത്.
സൗദി അറേബ്യ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സിയെ ക്ഷണിച്ചിട്ടുണ്ട്. ഇക്കാര്യം ഇറാനിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. എന്നാല്‍ സൗദി പരസ്യപ്രതികരണം നടത്തിയിട്ടില്ല. ഷിയാ നേതാവ് കൂടിയാണ് ഇറാന്‍ പ്രസിഡന്റ്. ഇദ്ദേഹത്തെ സൗദിയിലേക്ക് ക്ഷണിക്കുന്നത് ഐക്യത്തിന്റെ സ്ഥിരീകരണമായി കണക്കാക്കുന്നു. എന്നാല്‍ എന്നാണ് സന്ദര്‍ശനം നടക്കുക എന്ന് വ്യക്തമല്ല.
സൗദിക്കും ഇറാനുമിടയില്‍ ശത്രുതയ്ക്ക് ഒരു കാരണം യമനിലെ യുദ്ധമാണ്. യമനില്‍ അട്ടിമറി നടത്തി ഭൂരിഭാഗവും നിയന്ത്രണത്തിലാക്കിയവരാണ് ഷിയാ വിഭാഗത്തില്‍പ്പെട്ട ഹൂത്തികള്‍. ഇവര്‍ക്ക് ഇറാന്റെ പിന്തുണയുണ്ട്. സൗദി പിന്തുണയ്ക്കുന്നത് യമനിലെ സര്‍ക്കാരിനെയാണ്. ഇവരെ സംരക്ഷിക്കാന്‍ സൗദി അറേബ്യ ഹൂത്തികളുമായി യുദ്ധത്തിലാണ്. പതിനായിരങ്ങളാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ സൗദി യുദ്ധത്തില്‍ നിന്ന് പിന്മാറുന്നു എന്നാണ് റിപ്പോര്‍ട്ട്.
സൗദി ചര്‍ച്ചയില്‍ മുന്നോട്ട് വച്ച പ്രധാന ആവശ്യം, സൗദിക്കെതിരായ ആക്രമണം നിര്‍ത്തണം എന്നാണ്. ഇറാന്‍ ഹൂത്തികളെ ഉപയോഗിച്ച് സൗദിയെ ആക്രമിക്കുന്നു എന്നായിരുന്നു നേരത്തെ സൗദി ആരോപിച്ചിരുന്നത്. പുതിയ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഹൂത്തികളുടെ ആക്രമണം നിലച്ചിട്ടുണ്ട്. മാത്രമല്ല, യമനില്‍ സൗദി നടത്തുന്ന വ്യോമാക്രമണങ്ങളും കുറഞ്ഞിരിക്കുകയാണ്. ഇത് ശുഭ പ്രതീക്ഷയായിട്ടാണ് ഐക്യരാഷ്ട്രസഭ കാണുന്നത്.












Click it and Unblock the Notifications