10 ലക്ഷം റിയാൽ വരെ പിഴ നൽകണം; പുതുക്കിയ നിയമ ലംഘനങ്ങളുടെ പട്ടിക ഇങ്ങനെ
10 ലക്ഷം റിയാൽ വരെ പിഴ നൽകണം; പുതുക്കിയ നിയമ ലംഘനങ്ങളുടെ പട്ടിക ഇങ്ങനെ
സൗദി: പുതുക്കിയ ബലദിയ നിയമ ലംഘനങ്ങളുടെ പട്ടിക പുറത്തു വിട്ട് സൗദി. പത്തു ലക്ഷം റിയാൽ വരെ പിഴകൾ ഈടാക്കുന്ന തരത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വാണിജ്യ കേന്ദ്രങ്ങളിൽ കുട്ടികളുടെ ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങൾ സജ്ജീകരിച്ചില്ലെങ്കിൽ 25,000 റിയാൽ പിഴ ഈടാക്കാനാണ് തീരുമാനം. അധികൃതരാണ് പട്ടിക പുറത്തു വിട്ടത്. പിഴകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നിരുന്നു.
പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങൾ ഇപ്രകാരം ;-
ലൈസൻസില്ലാതെ നിർമിച്ച കെട്ടിടങ്ങൾ നിയമ ലംഘകന്റെ ചെലവിൽ നീക്കംചെയും, ഒരാഴ്ചയിലധികം പൊതു സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്ന വാഹനങ്ങൾ ബലദിയ പിടിച്ചെടുക്കും. സ്ത്രീകളുടെ ബ്യുട്ടീ ഷോപ്പുകളിൽ ക്യാമറകൾ സ്ഥാപിച്ചാൽ 20,000 റിയാൽ പിഴയും ഈടാക്കും.

ലൈസൻസ് ഇല്ലാതെ ഹുക്ക നൽകിയാൽ 10,000 റിയാൽ പിഴയും, ഉപയോക്താക്കൾക്ക് ഉപയോഗിക്കാനോ വിൽക്കാനോ വേണ്ടി കോസ്‌മെറ്റിക്, മെഡിക്കൽ ആവശ്യങ്ങൾക്കായി മിശ്രിതങ്ങൾ നിർമ്മിച്ചാൽ 10,000 റിയാൽ പിഴ, സ്ഥാപനങ്ങൾ അടച്ചുപൂട്ടിയാൽ പിഴ കാലാവധി അവസാനിക്കുന്നതിന് മുമ്പ് വീണ്ടും തുറക്കുകയോ ഷോപ്പുകൾ പ്രവർത്തിപ്പിക്കുകയോ ചെയ്‌താൽ 10,000 റിയാൽ പിഴയും ഇടാക്കും.
കെട്ടിട പെർമിറ്റ് ഇല്ലാതെ കെട്ടിടം പണിയുമ്പോൾ 50,000 റിയാൽ, ജീർണിച്ച കെട്ടിടങ്ങൾ ഉടമയെ അറിയിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും നീക്കം ചെയ്യാത്തപ്പോൾ 50,000 റിയാലും പിഴ ഈടാക്കും. പെട്രോൾ പമ്പുകളിൽ വില നിർണ്ണായ ബോർഡുകൾ ഇല്ലെങ്കിൽ 10,000 റിയാൽ, പെട്രോൾ പമ്പ് വൃത്തിയില്ലെങ്കിൽ 5,000 റിയാൽ, ശുചിമുറികൾക്കു ശുചിത്വം ഇല്ലെങ്കിൽ 2500 റിയാൽ, ഭിന്നശേഷിയുള്ളവരുടെ ആവശ്യങ്ങൾ പാലിക്കാത്തതിന് 2500 റിയാലും എന്നിങ്ങനെ പെട്രോൾ പമ്പുകൾക്കും പിഴ ഈടാക്കും തുടങ്ങിയ മുനിസിപ്പൽ നിയമ ലംഘനങ്ങൾ ആണ് ഇന്നലെ രാജ്യത്ത് മുതൽ പ്രാബല്യത്തിൽ വന്നത്.
അതേസമയം, താമസ, തൊഴിൽ , അതിർത്തി , സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 13,627 പേരെ പിടികൂടിയതായി സൗദി അഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനുവരി ആറു മുതൽ 12 വരെയുള്ള കണക്കാണിത്. താമസ നിയമങ്ങൾ ലംഘിച്ചതിന് 6774 പേരെയും നിയമവിരുദ്ധമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 5295 പേരെയും തൊഴിൽ സംബന്ധമായ പ്രശ്നങ്ങളിൽ 1558 പേരെയുമാണ് അറസ്റ്റ് ചെയ്തത്. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയ്ക്കിടെയാണ് അറസ്റ്റ്.
രാജ്യത്തേക്ക് നിയമപരമല്ലാതെ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ 411 പേരിൽ 48 ശതമാനം യെമൻ പൗരന്മാരും 49 ശതമാനം എത്യോപ്യക്കാരും മൂന്നു ശതമാനം മറ്റ് രാജ്യക്കാരുമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 17 പേരെയും നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിന് 14 പേരെയും കസ്റ്റഡിയിലെടുത്തു.
അതേ സമയം, രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കുന്നതിനും അവരെ കടത്തി കൊണ്ടു പോകുന്നതിനും അഭയം നൽകുന്നതിനും സഹായം നൽകിയാൽ പരമാവധി 15 വർഷം വരെ തടവും ഒരു ദശലക്ഷം റിയാൽ വരെ പിഴയും ലഭിക്കുന്നതോടൊപ്പം അവരുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുകയും വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടുകയും ചെയ്യുമെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു. അനധികൃത താമസക്കാർക്ക് അഭയം നൽകുന്ന സ്ഥലങ്ങളും പിടിച്ചെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നിലവിൽ ശിക്ഷാ നടപടികൾക്ക് വിധേയരായ മൊത്തം നിയമ ലംഘകരുടെ എണ്ണം 84,794-ലധികം പുരുഷന്മാരും 10,144 സ്ത്രീകളും ഉൾപ്പെടെ 94,938 കവിഞ്ഞുവെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, 84,086 നിയമലംഘകരെ നാടുകടത്തുന്നതിനായി അതാത് നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തതായും അധികൃതർ പറഞ്ഞു. ഇവരിൽ 2,228പേർ നിയമനടപടികൾ പൂർത്തിയാക്കി യാത്രക്ക് കാത്തിരിക്കുന്നു. 6380 പേരെ ഇതിനകം നാടുകടത്തുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications