ഇസ്രായേലിനെ ഞെട്ടിച്ച് സൗദി അറേബ്യ; 30 വര്‍ഷത്തിന് ശേഷം ദൂതനെ അയച്ചു... അണിയറയില്‍ രഹസ്യനീക്കം
റിയാദ്: നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെ ഇസ്രായേലിനെ വെട്ടിലാക്കി സൗദി അറേബ്യയുടെ നീക്കം. പലസ്തീനിലേക്ക് ആദ്യമായി പ്രതിനിധി സംഘത്തെ അയച്ചു. 30 വര്‍ഷത്തിന് ശേഷമാണ് സൗദിയുടെ പ്രതിനിധികള്‍ പലസ്തീനിലെത്തിയിരിക്കുന്നത്. ഇസ്രായേല്‍ ഭരണകൂടം സംശയത്തോടെയാണ് സൗദിയുടെ നീക്കത്തെ കാണുന്നത്.
സൗദി അറേബ്യ പലസ്തീനിലേക്ക് അടുത്തിടെ അംബാസഡറെ നിയോഗിച്ചിരുന്നു. ജോര്‍ദാനിലെ സൗദി അംബാസഡര്‍ നായിഫ് അല്‍ സുദൈരിക്ക് പലസ്തീനിന്റെ അധിക ചുമതല നല്‍കുകയാണ് ചെയ്തത്. നായിഫ് അല്‍ സുദൈരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ വെസ്റ്റ് ബാങ്കിലെത്തിയത്. പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി സൗദി സംഘം ചര്‍ച്ച നടത്തി.

ജോര്‍ദാന്‍ വഴിയാണ് സൗദി സംഘം പലസ്തീനിലെത്തിയത്. 1993ലെ ഓസ്ലോ കരാര്‍ നിലവില്‍ വന്ന ശേഷം ആദ്യമായിട്ടാണ് സൗദി പ്രതിനിധികള്‍ പലസ്തീനിലെത്തുന്നത്. ഇസ്രായേല്‍-പലസ്തീന്‍ തര്‍ക്കത്തിന് പരിഹാരമായിട്ടാണ് ഓസ്ലോ കരാര്‍ പ്രാബല്യത്തില്‍ വന്നത്. ഇസ്രായേലുമായി നടക്കുന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പലസ്തീന്‍ നേതാക്കളെ കൂടി അറിയിക്കുകയാണ് സൗദി പ്രതിനിധികളുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സൗദി അറേബ്യയും ഇസ്രായേലും നയതന്ത്ര ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഏറെ നാളായി ചര്‍ച്ച നടത്തി വരികയാണ്. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍. പലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടാല്‍ മാത്രമേ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കൂ എന്നാണ് സൗദിയുടെ നിലപാട്. ഇക്കാര്യം സൗദി അമേരിക്ക മുഖേന ഇസ്രായേലിനെ അറിയിച്ചിട്ടുണ്ട്.
ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചാല്‍ സൗദി അറേബ്യയ്ക്ക് സുരക്ഷാ സഹായം നല്‍കാം, ഊര്‍ജ ആവശ്യങ്ങള്‍ക്കുള്ള ആണവ പദ്ധതിക്ക് വേണ്ടി സഹായിക്കാം എന്നീ വാഗ്ദാനങ്ങള്‍ അമേരിക്ക മുന്നോട്ട് വച്ചിട്ടുണ്ട്. യുഎഇ, ബഹ്‌റൈന്‍, മൊറോക്കോ എന്നീ അറബ് രാജ്യങ്ങളുമായി ഇസ്രായേല്‍ 2020ല്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു.
അന്ന് മുതല്‍ തന്നെ സൗദിയുമായും ചര്‍ച്ച തുടങ്ങിയെങ്കിലും ഇതുവരെ കരാറിലെത്തിയിട്ടില്ല. ഇസ്രായേലുമായുള്ള കരാര്‍ അടുത്തുവരികയാണ് എന്ന് കഴിഞ്ഞ ദിവസം ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞിരുന്നു. കരാര്‍ വൈകാതെ നിലവില്‍ വരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎന്നില്‍ വ്യക്തമാക്കുകയും ചെയ്തു.
സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തിലേക്ക് വഴി തെളിയിക്കുന്നതായിരുന്നു ഓസ്ലോ കരാര്‍. എന്നാല്‍ ഇതുവരെ പലസ്തീന്‍ രാഷ്ട്രം നിലവില്‍ വന്നിട്ടില്ല. മേഖലയില്‍ ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്ന് സൗദി അറേബ്യ ഉള്‍പ്പെടയുള്ള അറബ് രാജ്യങ്ങള്‍ അഭിപ്രായപ്പെടുന്നു. ഇപ്പോഴും പലസ്തീന്‍-ഇസ്രായേല്‍ പോര് ശക്തമാണ്. ഈ വര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 242 പലസ്തീന്‍കാരും 34 ഇസ്രായേല്‍ സൈനികരുമാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications