അമേരിക്കയുടെ നീക്കം നടന്നില്ല: സൗദിയുടെ നീക്കം വേറെ വഴി, എണ്ണ വില വീണ്ടും ഉയർന്നേക്കും
ലോകത്തെ എണ്ണ ഭീമന്‍മാരായ സൗദി അറേബ്യയും റഷ്യയും തങ്ങളുടെ എണ്ണ വിതരണം വെട്ടിക്കുറച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വർധിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ 90 ഡോളറാണ് ബ്രെന്റ് ക്രൂഡ് ബാരലിന്റെ വില. കഴിഞ്ഞ നവംബർ മാസത്തിന് ശേഷം ആദ്യമായിട്ടാണ് വില ഇത്രയധികം ഉയർന്ന നിരക്കില്‍ എത്തുന്നത്.
എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുന്നത് ഈ വർഷം അവസാനം വരെ തുടരുമെന്നാണ് സൗദി അറേബ്യയുടേയും റഷ്യയുടേയും നിലപാട്. ഇതോടെ വില വീണ്ടും വർധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉത്പാദന ഇടിവ് നീട്ടാനുള്ള തീരുമാനം അന്താരാഷ്ട്ര സമൂഹത്തെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതിമായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

"എണ്ണ വിപണികളുടെ സ്ഥിരതയും സന്തുലിതാവസ്ഥയും പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒപെക് പ്ലസ് രാജ്യങ്ങൾ നടത്തുന്ന മുൻകരുതൽ ശ്രമങ്ങളെ ഈ നീക്കം ശക്തിപ്പെടുത്തുന്നു," എന്നാണ് ഉത്പാദനം വെട്ടിക്കുറയ്ക്കുന്നത് തുടരാനുള്ള തീരുമാനത്തെക്കുറിച്ച് സൗദി അറേബ്യ പറഞ്ഞത്.
അമേരിക്കയുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുന്നത് തുടരാന്‍ സൗദി അറേബ്യയും തീരുമാനിച്ചിരിക്കുന്നത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചേക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ വർഷം, ഉക്രെയ്ൻ അധിനിവേശത്തിന് റഷ്യയ്‌ക്കെതിരായ യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും ഉപരോധങ്ങൾക്കിടയിൽ എണ്ണയുടെവില കുതിച്ചുയർന്നപ്പോൾ, വില നിയന്ത്രിക്കുന്നതിനായി തന്ത്രപ്രധാനമായ പെട്രോളിയം റിസർവിൽ നിന്ന് 200 ദശലക്ഷം ബാരൽ ക്രൂഡ് ഓയില്‍ അമേരിക്ക വിപണിയില്‍ എത്തിച്ചിരുന്നു.
അന്ന് അമേരിക്കയുടെ ഈ നീക്കം വിജയം കണ്ടിരുന്നു. ഉപരോധം കാരണം ചില രാജ്യങ്ങള്‍ റഷ്യയുടെ എണ്ണ വാങ്ങാതിരുന്നത് കൂടെയായാപ്പോള്‍ വില കുത്തനെ ഇടിഞ്ഞു. ഇപ്പോൾ, അടുത്ത തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ വിലകൾ ഒരിക്കൽ കൂടി ഉയർന്നതോടെ അമേരിക്കയും ആശങ്കയിലാണ്. സൗദിക്ക് അമേരിക്കയുമായി അടുത്ത ബന്ധം ഉണ്ടെങ്കിലും അടുത്ത കാലത്ത് അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ പല തീരുമാനങ്ങളും അവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്. ചൈനയും ഇറാനുയുമായുള്ള ഇടപെടല്‍ വരെ ഇതിന് ഉദാഹരണമാണ്.

വാൾ സ്ട്രീറ്റ് ജേണൽ ഉദ്ധരിച്ച ആർഗസ് ഡാറ്റ പ്രകാരം മെയ് മുതൽ ഡീസൽ വില 40% വർദ്ധിച്ചു എന്നാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രത്യാഘാതങ്ങളെ നേരിടാനും സമ്പൂർണ മാന്ദ്യം ഒഴിവാക്കാനും അമേരിക്കയ്ക്ക് മികച്ച അവസരമുണ്ടെന്ന പ്രതീക്ഷകൾ നിലനില്‍ക്കെയാണ് ഇതെല്ലാം സംഭവിക്കുന്നത്. ഈ വർഷാവസാനം ഫെഡറൽ നിരക്ക് വർദ്ധനവ് അവസാനിപ്പിക്കാന്‍ വരെ അമേരിക്ക ആലോചിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം, തന്നെ ഏഷ്യന്‍ റിഫൈനറിമാർക്ക് കരാർ പ്രകാരമുള്ള മുഴുവന്‍ എണ്ണയും നല്‍കുമെന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ കയറ്റുമതിക്കാരായ അരാംകോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിദിനം 1 ദശലക്ഷം ബാരൽ (ബിപിഡി) വെട്ടിക്കുറച്ചത് ഡിസംബർ വരെ നീട്ടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കരാറുകൾക്ക് കീഴിൽ ആവശ്യപ്പെട്ട മുഴുവൻ എണ്ണയും നല്‍കുമെന്ന് അരാംകോ വ്യക്തമാക്കിയിരിക്കുന്നത്.
അതോടൊപ്പം തന്നെ, ഒക്ടോബറിൽ ഏഷ്യയിലേക്ക് പോകുന്ന ക്രൂഡിന്റെ ഔദ്യോഗിക വിൽപ്പന വിലയിൽ (OSPs) വീണ്ടും വർദ്ധനവ് രാജ്യം പ്രഖ്യാപിച്ചു. സൗദി അറേബ്യയുടെ ഫ്ലാഗ്ഷിപ്പ് ക്രൂഡ് ഗ്രേഡായ അറബ് ലൈറ്റിന്റെ വില ബാരലിന് 0.10 സെൻറ് വർദ്ധിച്ച് ബാരലിന് 3.60 ഡോളറായി. എന്നിരുന്നാലും, അഞ്ച് റിഫൈനിംഗ് സ്രോതസ്സുകളിൽ റോയിട്ടേഴ്‌സ് നടത്തിയ സർവേയിൽ വില വർദ്ധനവ് ബാരലിന് 0.45 ഡോളർ ആയിരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
സൗദി അറേബ്യയുടെ അധിക ഉൽപ്പാദനം വെട്ടിക്കുറച്ചതിന്റെ പൂർണ്ണമായ ആഘാതം ഇതുവരെ വിപണി കണ്ടിട്ടില്ലെങ്കിലും കയറ്റുമതി നിലവാരം താഴ്ത്തിയാൽ കടുത്ത വിപണിയിലേക്ക് നയിച്ചേക്കാമെന്നുമാണ് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications