സൗദിയിൽ നിന്ന് സന്തോഷ വാർത്ത; സ്വകാര്യ മേഖലയിൽ ഒരേ സമയം രണ്ട് ജോലി ചെയ്യാം
റിയാദ്; സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഒരേ സമയം രണ്ട് ജോലികൾ ചെയ്യാമെന്ന് തൊഴിൽ മന്ത്രാലയം. എന്നാൽ തൊഴിൽ കരാറിലോ കമ്പനികളുടെ നിയമങ്ങളിലോ രണ്ട് ജോലികൾ ചെയ്യുന്നതിന് വിലക്കില്ലെന്ന വ്യവസ്ഥ ഉറപ്പാക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
തൊഴില്‍ മേഖല ആകര്‍ഷണീയവും മല്‍സരക്ഷമവുമാക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി പരിഷ്കാരങ്ങൾ സൗദി സമീപകാലത്തായി നടപ്പാക്കിയിരുന്നു. ഇതിന്റെ കൂടി ഭാഗമായിട്ടാണ് നടപടി. ഈ വർഷം ആദ്യം ജീവനക്കാരുടെ തൊഴിൽ കരാറുകൾ സമർപ്പിക്കുന്നത് സംബന്ധിച്ച് ക്വിവ (qiwa ) പ്ലാറ്റ്ഫോം വഴി പുതിയ പദ്ധതി സർക്കാർ ആവിഷ്കരിച്ചിരുന്നു. ക്വിവ പ്ലാറ്റ്ഫോം വഴി 2023 ന്റെ ആദ്യ പാദത്തില്‍ 20 ശതമാനം ജീവനക്കാരുടെ കരാറുകളും രണ്ടാം പാദത്തില്‍ 50 ശതമാനവും മൂന്നാം പാദത്തിൽ 80 ശതമാനവും വിവരങ്ങൾ സമർപ്പിക്കണമെന്നായിരുന്നു നിർദ്ദേശം.

കരാറിലേർപ്പെടുന്ന തൊഴിലാളികളും കമ്പനികളും തമ്മിലുള്ള ബന്ധം സുഗമമാക്കുന്നതിനും ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും രാജ്യത്തിലെ തൊഴിൽ വിപണി മികച്ചതാക്കി അനുകൂലമായ സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ലക്ഷ്യം വെച്ചായിരുന്നു ഇത്. സ്പോൺസർഷിപ്പ് സംവിധാനം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനായി 2020 ൽ സൗദി തൊഴിൽ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു.
2021 ലാണ് നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. എംപ്ലോയി മൊബിലിറ്റി അനുവദിക്കുകയും തൊഴിലുടമകളുടെ അനുമതിയില്ലാതെ പ്രവാസി തൊഴിലാളികൾക്ക് എക്സിറ്റ്, റീ എൻട്രി വിസ അനുവദിക്കുന്നത് നിയന്ത്രിക്കുകയും ചെയ്യുന്നതായിരുന്നു ഇത്.












Click it and Unblock the Notifications